കൊച്ചി: ശ്രീനാഥ് ഭാസി പ്രധാന കഥാപാത്രമാവുന്ന 'ചട്ടമ്പി'യുടെ ടീസർ പുറത്ത്. വേറിട്ട ലുക്കിൽ ഒരു നാട്ടുമ്പുറത്തുകാരൻ ഇടുക്കികാരനായിട്ടാണ് ശ്രീനാഥ് ഭാസി ചിത്രത്തിലെത്തുന്നത്. രാത്രിയിൽ വീടിന്റെ ജനലോരത്ത് സിഗരറ്റും വലിച്ച് സിനിമാ വർത്തമാനങ്ങളൊക്കെ പറഞ്ഞ് നിൽക്കുന്ന ശ്രീനാഥ് ഭാസിയെയാണ് വീഡിയോയിൽ കാണുന്നത്. ശ്രീനാഥിന്റെ ഇടുക്കി സ്ലാങ്ങിലുള്ള സംസാരവും ശ്രദ്ധ നേടുന്നുണ്ട്. ഇടുക്കിക്കുള്ളിൽ നിന്നുള്ള യഥാർത്ഥ കഥ പറയുന്ന ചിത്രമാണ് ചട്ടമ്പി. ഇടുക്കിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ 1995 കാലഘട്ടമാണ് കാണിക്കുന്നത്.

22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് എസ്. കുമാർ ആദ്യമായി സംവിധാന ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി. നേരത്തേ പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വൈറലായിരുന്നു. ചുണ്ടിൽ ബീഡി കത്തിച്ച് പാഞ്ഞുവരുന്ന ശ്രീനാഥ് ഭാസിയുടെ ചിത്രമുള്ള മോഷൻ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്.



അഭിലാഷ്.എസ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഡോൺ പാലാത്തറയാണ്. ചെമ്പൻ വിനോദ്, ഗ്രേസ് ആന്റണി, ബിനു പപ്പു, ഗുരു സോമസുന്ദർ, മൈഥിലി ബാലചന്ദ്രൻ, ആസിഫ് യോഗി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അലെക്‌സ് ജോസഫ് ആണ്. ആർട്ട് ബീറ്റ് സ്റ്റുഡിയോന്റെ ബാനറിൽ ആസിഫ് യോഗിയാണ് ചിത്രം നിർമ്മിക്കുന്നത്.