തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൊറ്റിക്ക് ആഗോള അംഗീകാരം കിട്ടിയെന്ന വാർത്ത പുറത്തുവന്നത് അടുത്തകാലത്താണ്. കേരളത്തിൽ നിന്നുള്ള ആഗോള കമ്പനിയെന്ന് പേരു തന്നെ ഈ സഹകരണ സ്ഥാപനത്തിന് ചുരുങ്ങിയ കാലം കൊണ്ട് ലഭിച്ചു കഴിഞ്ഞു. ഇങ്ങനെ ലോകോത്തര നിലവാരമുള്ള സ്ഥാപനമായി ഊരാളുങ്കൽ സൊസൈറ്റി മാറിയതിൽ മുഖ്യപങ്ക് കേരളത്തിലെ സർക്കാറിന് തന്നെയാണ്. കാരണം സംസ്ഥാനത്തെ മിക്ക പദ്ധതികളുടെയും കരാർ ലഭിക്കുന്നത് ഊരാളുങ്കൽ സൊസൈറ്റിക്കാണ്. ഇതിൽ മിക്കവയും ടെണ്ടർ പോലും വിളിക്കാതെയാണ് എന്ന പ്രത്യേകതയുമുണ്ട്.

ഏറ്റവും ഒടുവിലായി ചെല്ലാനം തീരത്തു കടൽഭിത്തി നിർമ്മിക്കാനുള്ള 256 കോടി രൂപയുടെ കരാരും ലഭിച്ചത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ്. ഇത് സംബന്ധച്ചി തീരുമാനം മന്ത്രിസഭായോഗം കൈക്കൊണ്ടു. ആദ്യഘട്ടത്തിൽ 7.3 കിലോമീറ്ററിലാണ് ടെട്രാപോഡുകൾ നിരത്തി ഭിത്തി നിർമ്മിക്കുക. കാലവർഷത്തിനു മുമ്പായി കല്ലുവിരിക്കുന്നതടക്കമുള്ള പ്രാഥമിക പ്രവൃത്തികളെങ്കിലും പൂർത്തിയാക്കണം. ജോലി യുദ്ധകാലാടിസ്ഥാനത്തിൽ നടത്തണമെന്ന് സൊസൈറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ചെന്നൈ ആസ്ഥാനമായ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് തീരസംരക്ഷണപദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

21 കിലോമീറ്ററാണ് ചെല്ലാനം കടൽത്തീരത്തിന് ഉള്ളത്. 13,000-നുമുകളിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ്. ആയിരത്തിലധികം വീടുകളാണ് തീരത്തോടു ചേർന്നുള്ളത്. കാലവർഷം ഇല്ലാത്തപ്പോഴും വെള്ളപ്പൊക്കഭീഷണി നിലനിൽക്കുന്നതാണ് പ്രദേശം.

ചെല്ലാനം തീരത്ത് ജലവിഭവവകുപ്പ് കിഫ്ബി സഹായത്തോടെ 344.2 കോടി മുതൽമുടക്കിൽ ടെട്രാപോഡുകൾ സ്ഥാപിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.