എറണാകുളം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അമ്പത് ശതമാനത്തിന് മുകളിലുള്ള ചെല്ലാനം പഞ്ചായത്തിൽ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ്. രോഗവ്യാപന തോത് ഉയർന്ന പശ്ചാത്തലത്തിൽ ഇവിടെ 45 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. ജില്ലയിൽ ഏറ്റവുമധികം ടിപിആർ ഉള്ള പഞ്ചായത്താണ് ചെല്ലാനം.

ചെല്ലാനം പഞ്ചായത്തിൽ സംഘടിപ്പിച്ചിട്ടുള്ള സ്‌പെഷ്യൽ വാക്‌സിനേഷൻ ഡ്രൈവ് പരമാവധി വേഗത്തിൽ പൂർത്തിയാക്കും. കടൽക്ഷോഭത്തെ തുടർന്നുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പൂർത്തിയാക്കിയത്. എങ്കിലും ജനങ്ങൾ തമ്മിൽ സമ്പർക്കമുണ്ടാകുന്ന സാഹചര്യമാണ്ടായിട്ടുണ്ട്. അതിനാലാണ് ഇവിടെ വ്യാപനം വർധിച്ചത്.

സ്‌പെഷ്യൽ വാക്‌സിനേഷൻ ഡ്രൈവ് വഴി ദിവസവും 600 ഡോസ് വാക്‌സിൻ നൽകാനാണ് ഡ്രൈവിലൂടെ ലക്ഷ്യമിടുന്നത്. 45 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകും. 18 മുതൽ 44 വയസുവരെയുള്ളവരിൽ കോ-മോർബി ഡിറ്റിയുള്ളവർക്കും വാക്‌സിൻ നൽകും. വലിയ വെല്ലുവിളിയാണിതെങ്കിലും പരമാവധി വേഗത്തിൽ പൂർത്തീകരിക്കാനാണ് വാക്‌സിനേഷൻ ടീമിന്റെ ശ്രമം.

ജില്ലയിൽ ടിപി ആർ 10% ത്തിൽ താഴെ എത്തുന്നതു വരെ കർശന നിയന്ത്രണങ്ങൾ തുടരും. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും കളക്ടർ പറഞ്ഞു.

ചെല്ലാനം ചെറിയ കടവു സെന്റ് ജോസഫ് പള്ളി ഹാൾ, സെന്റ് ജോർജ് പാരിഷ് ഹാൾ, സൗത്ത് ചെല്ലാനം, വൈഎംസിഎ ഹാൾ എന്നീ മൂന്ന് കേന്ദ്രങ്ങളിലായാണ് വാക്‌സിൻ വിതരണം നടക്കുന്നത്. 10,000 ത്തിലധികം പേരാണ് 45 വയസിനു മുകളിൽ പ്രായമുള്ളവരുള്ളത്. വാക്‌സിൻ ലഭ്യതയുടെ കൂടി അടിസ്ഥാനത്തിൽ വാക്‌സിനേഷൻ പൂർത്തിയാക്കും.