തിരുവനന്തപുരം: ലോക്ക്ഡൗൺ ഒഴിവാക്കണമെങ്കിലും നിയന്ത്രണങ്ങൾ പാലിക്കണം എന്നാണ് കോൺഗ്രസ് നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടെണ്ണൽ ദിനത്തിൽ വിജയാഘോഷങ്ങൾ വേണ്ട. നിർണായകമായ ഘട്ടത്തിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ വൈറസിനെ ചെറുക്കാൻ കഴിയൂ. സർക്കാരുമായി പ്രതിപക്ഷം യോജിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബഡായിയുടെ ഭാഗമായി മാത്രം പ്രതിരോധ പ്രവർത്തനം ഒതുങ്ങാൻ പാടില്ല. സർക്കാർ വിളിച്ച സർവകക്ഷി യോഗവുമായി സഹകരിക്കും. ജാഗ്രതയോടെയാകണം പ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ടത്. ആശുപത്രികളിൽ തിരക്ക് നിയന്ത്രിക്കാൻ കഴിയണമെന്നും ഓക്സിജൻ ഉൾപ്പടെയുള്ള ജീവൻ രക്ഷാ സൗകര്യങ്ങൾ സർക്കാർ ഉറപ്പു വരുത്തണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ സ്വാഗതാർഹമാണെന്നും ചെന്നിത്തല പറഞ്ഞു.

കേന്ദ്രം സംസ്ഥാനങ്ങൾക്ക് പൂർണമായും സൗജന്യ വാക്സിൻ നൽകാൻ തയ്യാറാകണം. ഹൈറിസ്‌ക് രോഗികൾക്ക് വാക്‌സിൻ നൽകാൻ മുൻഗണന സംവിധാനം വേണം. വീടുകളിലെത്തി വാക്സിൻ നൽകാൻ കഴിയുമോ എന്ന് പരിശോധിക്കണം. ആദിവാസി കേന്ദ്രങ്ങളിൽ കുത്തിവയ്‌പ്പിന് പ്രത്യേക സംവിധാനം വേണം. കേരളത്തിൽ നിന്ന് ഓക്‌സിജൻ ഡൽഹിയിലേക്ക് എത്തിക്കാനുള്ള സംവിധാനം വേണമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ കളക്ടർമാരും ഓരോ തരത്തിലുള്ള ഉത്തരവുകൾ ഇറക്കുന്നത് സർക്കാർ പരിശോധിക്കണം. സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഊർജ്ജിതമാക്കണം.നിയമസഭയിൽ ഐസക്ക് ബഡ്ജറ്റ് അവതരിപ്പിച്ചു കൊണ്ട് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് പറഞ്ഞു. ബഡ്ജറ്റിൽ ഐസക്ക് പറഞ്ഞത് പച്ചക്കള്ളമാണ്.

ജി സുധാകരനെ ക്രൂശിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ആലപ്പുഴ ജില്ലയിൽ സി പി എമ്മിൽ ഗുരുതരപ്രതിസന്ധിയുണ്ടെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

ചെന്നിത്തല വാർത്താ സനമ്മേളനത്തിൽ പറഞ്ഞത്:

കോവിഡിന്റെ രണ്ടാം തരംഗം വളരെ ശക്തി പ്രാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്ത കേസുകൾ 28,447 ആണ്.വളരെ നിർണ്ണായകമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രയത്‌നം ഉണ്ടെങ്കിൽ നമുക്ക് ഈ മഹാമാരിയെ നിയന്ത്രിക്കാനാവുന്നതേയുള്ളു.

കാരണം കഴിഞ്ഞ ഒന്നേകാൽ വർഷത്തെ അനുഭവ പാഠം നമ്മുടെ മുന്നിലുണ്ട്. ഈ വൈറസ്സിന്റെ പ്രത്യേകതകൾ എന്തൊക്കെ, അത് പടരുന്നതെങ്ങനെ, വൈറസ് ബാധയുണ്ടായാൽ എന്തുചെയ്യണം. ചികിത്സ എങ്ങനെ വേണം, വൈറസിനെ പ്രതിരോധിക്കേണ്ടതെങ്ങനെ തുടങ്ങിയ വിലപ്പെട്ട വിവരങ്ങളെല്ലാം ഇപ്പോൾ നമുക്കുണ്ട്. അതിനാൽ ജാഗ്രതയോടെ എന്നാൽ, പരിഭ്രാന്തി തെല്ലും ഇല്ലാതെ ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണിപ്പോൾ.

സർക്കാരിനൊപ്പം പ്രതിപക്ഷം യോജിച്ച് പ്രവർത്തിക്കാം. യു.ഡ.ിഎഫ് ഘടക കക്ഷി നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, എ.എ.അസീസ്, സി.പി.ജോൺ, അനൂപ് ജേക്കബ്ബ്, ദേവരാജൻ, ജോൺ ജോൺ തുടങ്ങിയവരോട് ഫോണിൽ ഞാൻ ചർച്ച നടത്തിയിരുന്നു. സർക്കാരും ആരോഗ്യ വകുപ്പും സ്വീകരിക്കുന്ന എല്ലാ നടപടികളുമായും യോജിച്ചു പ്രവർത്തിക്കാമെന്നാണ് എല്ലാ നേതാക്കളും അറിയിച്ചിട്ടുള്ളത്.

കോവിഡ് വ്യാപനത്തിന്റെ ഒന്നാം ഘട്ടത്തിൽ അതിനെ നേരിടാനുള്ള സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രതിപക്ഷം പൂർണ്ണ പിന്തുണ നൽകിയിരുന്നു. പ്രതിപക്ഷനേതാവിന്റെ ഓഫീസിൽ കൺട്രോൾ റൂം തുറന്നും, ആവശ്യക്കാർക്ക് സഹായമെത്തിച്ചും യു.ഡി.എഫ്. പ്രവർത്തകരെ രംഗത്തിറക്കിയും പ്രതിപക്ഷം കോവിഡിനെതിരായ പോരാട്ടത്തിൽ പങ്കാളികളായി.

രണ്ടാം തരംഗത്തിന്റെ ഈ നിർണ്ണായകഘട്ടത്തിലും സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും പ്രതിപക്ഷം പ്രഖ്യാപിക്കുകയാണ്. കെപിസിസി. ഓഫീസിൽ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം തുറന്ന് പ്രവർത്തിച്ചു വരുന്നുണ്ട്.

പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടേ ഉള്ളൂ. അതിന്റെ ഫലം പുറത്തുവന്നിട്ടുമില്ല. പ്രവർത്തകർക്കിടയിലെ വീറും വാശിയും കെട്ടുപോയിട്ടുമില്ല. എങ്കിലും എല്ലാ അഭിപ്രായഭിന്നതകളും മാറ്റിവച്ച് കോവിഡിന്റെ ഈ ഘട്ടത്തിൽ അതിനെതിരെ ഒന്നിച്ചുള്ള പോരാട്ടത്തിന് മുന്നിട്ടിറങ്ങാൻ യു.ഡി.എഫ്. പ്രവർത്തകരെ ഞാൻ ആഹ്വാനം ചെയ്യുന്നു. സർക്കാരിന്റെ എല്ലാ നല്ല ഉദ്യമങ്ങളോടും സഹകരിക്കുകയും പിന്തുണ നൽകുകയും വേണം.

സർക്കാരും അവസരത്തിനൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. വെറുതേ ബഡായി അടിക്കുന്നതിതിൽ മാത്രമായി കോവിഡ് പ്രതിരോധം ഒതുക്കിക്കളയരുത്. പ്രതിപക്ഷത്തെയും മറ്റ് രാഷ്ട്രീയ പാർട്ടികളെയും വിശ്വാസത്തിലെടുത്ത്, അവരെയും ഈ പോരാട്ടത്തിൽ പങ്കാളികളാക്കി മുന്നോട്ടുപോകണം. തിങ്കളാഴ്ച സർക്കാർ വിളിച്ച സർവ്വ കക്ഷി യോഗത്തിൽ സഹകരിക്കും.

പരിഭ്രാന്തി പരത്താതിരിക്കുക

കോവിഡ് 19 പോലെ ഒരു മഹാമാരിയെ നേരിടുമ്പോൾ, നമുക്ക് ഏറ്റവും അവശ്യമായ കാര്യം, ജനങ്ങളുടെ സഹകരണം ആണ്. അതിനായി ജനങ്ങളുടെ വിശ്വാസം നേടുക എന്നത് പരമ പ്രധാനമാണ്അതുകൊണ്ട്, ജനങ്ങൾക്ക് പരിഭ്രാന്തി ഉണ്ടാകുന്ന ഒരു പ്രവൃത്തിയും സർക്കാരിന്റെ ഭാഗത്ത് നിന്നോ, മാധ്യമങ്ങളുടെ ഭാഗത്ത് നിന്നോ ഉണ്ടാകരുത്.

നമുക്ക് അറിയാം, അസുഖം ബാധിക്കുന്നവരിൽ, ചെറിയ ഒരു ശതമാനത്തിന് മാത്രമേ, രോഗ മൂർച്ഛ ഉണ്ടാകുന്നുള്ളൂ. അങ്ങനെ ഉള്ളവർക്ക് കൃത്യമായ ചികിത്സ നൽകുക എന്നതിനായിരിക്കണം പ്രഥമ പരിഗണന. ഇതിന് ആശുപത്രികളിൽ തിരക്ക് നിയന്ത്രണ വിധേയമായിരിക്കണം, അഡ്‌മിഷൻ പ്രോട്ടോക്കോൾ ഉണ്ടായിരിക്കണം, ഓക്സിജൻ ഉൾപ്പെടെ ഉള്ള ജീവൻ രക്ഷാ സംവിധാനങ്ങൾ ഉണ്ടാകണം.

കേരളത്തിലെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും, ഓക്സിജൻ ഉൾപ്പെടെ ഉള്ള അവശ്യമായ ജീവൻ രക്ഷാ സംവിധാനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുക എന്നതാണ് ആദ്യ പടി.

അനാവശ്യമായ ഭീതി പരത്താതിരുന്നാൽ,രോഗ മൂർച്ഛ ഉള്ളവർ എപ്പോൾ എത്തിയാലും, അവർക്ക് ബെഡ്, വെന്റിലേറ്റർ സംവിധാനം, ഓക്സിജൻ എന്നിവ എപ്പോഴും ലഭ്യമാണെന്ന് നമുക്ക് ഉറപ്പ് വരുത്താൻ കഴിയും.

മുഖ്യമന്ത്രിക്ക് ഞാൻ നേരത്തെ നൽകിയ 14 ഇന നിർദ്ദേശങ്ങളിൽ, ജൃശ്മലേ ആശുപത്രികളേ കൂടി ഉൾപ്പെടുത്തി ഐ സി യു - വെന്റിലേറ്റർ സംവിധാനങ്ങളുടെ ഒരു കോമൺ പൂൾ ഉണ്ടാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് ഉടനടി നടപ്പിലാക്കണം. ഐ സി യു അല്ലോട്ട്മന്റ് ഡിസ്റ്റ്രിക്റ്റ് മെഡിക്കൽ ബോർഡിനെ ഏൽപ്പിക്കണം. ഇതിനായി ഒരു കോമൺ ഹെൽപ് ലൈൻ നമ്പർ ഉടൻ ആരംഭിക്കണം.ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് ജനങ്ങളെ പരിഭ്രാന്തിയിലാക്കാതിരിക്കാൻ മാധ്യമങ്ങളും ശ്രദ്ധിക്കണം.

വാക്സീൻ വിതരണം

വാക്സീൻ വിതരണം ആണ് മറ്റൊരു പ്രശ്നം.അവശ്യമായ വാക്സിൻ നമുക്ക് ലഭിക്കുന്നില്ല. വാക്സിൻ പണം നൽകി വാങ്ങണ്ട സ്ഥിതിയുമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. ഇത് പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. കേന്ദ്രം നമുക്ക് ആവശ്യമായ വാക്സീൻ സൗജന്യമായി നൽകണമെന്ന കാര്യത്തിൽ സംശയമില്ല. കേന്ദ്രത്തിന്റെ വാക്സീൻ പോളിസി ശരിയല്ല.

അതേ സമയം സംസ്ഥാന സർക്കാർ ഇത്തവണത്തെ ബഡ്ജറ്റിൽ സൗജന്യമായി വാക്സീൻ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. (page 130, para 231)അതിനുള്ള തുക വകയിരുത്തിയിട്ടുണ്ടാകുമല്ലോ? അതേ സമയം ജനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവ നൽകുന്നത് ഏത് ഘട്ടത്തിലും സ്വാഗതാർഹമാണ്.

ബഡ്ജറ്റിൽ വലിയ അക്ഷരങ്ങളിലാണ് വാക്സീൻ സൗജന്യമായി നൽകുമെന്ന് എഴുതി വച്ചിരിക്കുന്നത്. അന്ന് വലിയ കയ്യടിയും കിട്ടി. ബഡ്ജറ്റിൽ പ്രഖ്യാപിക്കുമ്പോൾ വെറുതെ പ്രഖ്യാപിക്കുകയില്ലല്ലോ? അതിന്റെ പണവും നീക്കി വച്ചിട്ടുണ്ടാവും. ആ നിലയക്ക് സിപി.എം പ്രഖ്യാപിച്ച വാക്സീൻ ചലഞ്ചിന്റെ ആവശ്യമില്ല. ഏതായാലും ഇത് വിവാദമാക്കാൻ ആഗ്രഹിക്കുന്നില്ല. വാക്സീന് വേണ്ടി പണം ചെലവാക്കിയാൽ മറ്റ് ആരോഗ്യപ്രവർത്തനങ്ങൾ നിർത്തി വയ്ക്കേണ്ടി വരുമെന്ന് തോമസ് ഐസക്ക് പറഞ്ഞതു കൊണ്ടു മാത്രം ഇക്കാര്യം ഓർമ്മിപ്പിച്ചു എന്നേയുള്ളൂ. ഇതൊക്കെയാണെങ്കിലും കേന്ദ്രം സൗജന്യമായി വാക്സീൻ നൽകുക തന്നെ വേണം.

ഇതോടൊപ്പം കേരളത്തിൽ ചില കാര്യങ്ങൾ നമുക്ക് ചെയ്യേണ്ടതുണ്ട്ഒന്നാമതായി, വാക്സിൻ നൽകുന്ന സ്ഥലങ്ങളിലെ തിരക്ക് ഒഴിവാക്കുക എന്നതാണ്. കൃത്യമായി ഓൺലൈൻ വഴി ടോക്കൺ നൽകുക, ടൈം സ്ലോട്ട് അനുവദിക്കുക, തിരക്ക് ഒഴിവാക്കാൻ കൂടുതൽ വാക്സിനേഷൻ സെന്ററുകൾ തുടങ്ങുക എന്നീ കാര്യങ്ങൾ സംസ്ഥാന സർക്കാർ ചെയ്യേണ്ടതാണ്. വാക്സിൻ സ്ലോട്ടുകൾ ബുക്ക് ചെയ്യാനും, മറ്റ് വിവരങ്ങൾ ലഭിക്കാനും ഒരു കോൾ സെന്റർ തുടങ്ങുന്നത് ആലോചിക്കാവുന്നതാണ്.

വാക്സിനേഷനും മുൻഗണനാ ക്രമം ഉണ്ടാകണം. High Risk രോഗികൾക്ക് മുൻഗണ നൽകാൻ സാധിക്കണം. Low riskആയ വ്യക്തികൾക്ക് പ്രായം അനുസരിച്ച് മുൻഗണനാ ക്രമം നിശ്ച്ഛയിക്കാവുന്നതാണ്. ഇതും തിക്കും തിരക്കും ഒഴിവാക്കാൻ സഹായിക്കും.വീടുകളിൽ എത്തി വാക്സിനേഷൻ നൽകാൻ സാധിക്കുമോ എന്ന് കൂടി പരിശോധിക്കാവുന്നതാCd. വൃദ്ധ ജനങ്ങൾക്കും കിടപ്പ് രോഗികൾക്കും ആശുപത്രികളിൽ എത്തി കുത്തിവയ്‌പ്പെടുക്കാൻ കഴിയില്ല. അത് പോലെ വാഹന സൗകര്യമില്ലാത്ത ആദി വാസി കേന്ദ്രങ്ങളിലും ഒറ്റപ്പെട്ടു കിടക്കുന്ന പട്ടിക ജാതി കേന്ദ്രങ്ങളിലും പോയി കുത്തി വയ്പ് നടത്തണം.

ഡൽഹിയിലെ ഓക്സിജൻ ക്ഷാമം

മറ്റൊരു കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുകയാണ്. ഇന്നലെ ഡൽഹിയിൽ നിന്നുള്ള മലയാളി സുഹൃത്തുക്കൾ ആവശ്യപ്പെട്ടതാണ്.
ഏകദേശം പത്തുലക്ഷം മലയാളികൾക്ക് ആശ്രയമരുളുന്ന നമ്മുടെ ഡൽഹി ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത വിഷമഘട്ടത്തിൽ കൂടെ കടന്നുപോവുകയാണ്. നൂറുകണക്കിന് ആൾക്കാർ ഓക്സിജന്റെ അഭാവംമൂലം പിടഞ്ഞു മരിക്കുകയാണ്.

കേരളത്തിൽ നിന്നും ഒരു എയർ ലോഡ് ഓക്സിജൻ എങ്കിലും എത്തിക്കാൻ ആയാൽ എത്രയോ ആൾക്കാരുടെ ജീവൻ രക്ഷിക്കാനാവും. കേരളത്തിൽ ഇപ്പോൾ ആവശ്യത്തിലധികം ഓക്സിജൻ ഉത്പാദിപ്പിക്കുവാൻ ഉള്ള കഴിവ് ഉണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഭാവിയിലെ എമർജ്ജൻസി കൂടി കണക്കിലെടുക്കണ്ടതുണ്ട്. അത് കൂടി മനസ്സിലാക്കി, സർക്കാർ ഈ ആവശ്യം പരിഗണിക്കണം എന്ന് ഞാൻ ആവശ്യപ്പെടുകയാണ്. അതേ പോലെ കേരളാ ഹൗസ്സിൽ ഒരു ഓപ്പൺ മെഡിക്കൽ ഫെസിലിറ്റി തുടങ്ങുന്നത് നല്ലതായിരിക്കും.

ഏകീകൃത നയം വേണം

ഓരോ ജില്ലാ കളക്ടർമാർ ഓരോ തരത്തിലുള്ള ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു. കാസർകോട് ജില്ലാ കളക്ടർ കോവിഡ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ സഞ്ചരിക്കാൻ അനുവദിക്കൂ എന്ന് ഉത്തരവിറക്കി. മലപ്പുറം ജില്ലാ കളക്ടർ ആരാധനാലയങ്ങളിൽ ഭക്തജനങ്ങളുടെ എണ്ണം അഞ്ചായി ചുരുക്കി. കൊല്ലം കളക്ടർ മറ്റൊരു ഉത്തരവിറക്കി. ഇത് ശരിയല്ല. സർക്കാർ ഏകീകൃതമായ നിലപാട് സ്വീകരിക്കണം.

ചികിത്സാ നിരക്ക് നിയന്ത്രണം

മുൻപ് ആവശ്യപ്പെട്ട കാര്യമാണ്. കോവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികൾ അമിതമായ നിരക്കാണ് ഈടാക്കുന്നത്. ഇതിന് നിയന്ത്രണം ആവശ്യമാണ്. ദാരിദ്ര്യരേഖയിൽ താഴെ ഉള്ളവർക്ക് സ്വകാര്യ മേഖലയിലും സൗജന്യമായി ചികിത്സ നൽകാനുള്ള നടപടി ഉണ്ടാവണം. മറ്റുള്ളർക്കുള്ള ചികിത്സയുടെ നിരക്ക് സർക്കാർ നിശ്ചയിക്കണം.

കിറ്റ് വിതരണം

മറ്റൊരു കാര്യം, കിറ്റ് ആണ്. കോവിഡ് വ്യാപനം കൂടുന്നതിനൊപ്പം, ജനങ്ങൾക്ക് ജീവിത മാർഗ്ഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ദിവസ കൂലിക്ക് പണിക്ക് പോകുന്നവർ, ഓട്ടോ ടാക്സി ഡ്രൈവർമ്മാർ, ചെറുകിട വ്യാപാരികൾ അങ്ങനെ നിരവധിപേർ പ്രതിസന്ധിയിലാണ്. അതിനാൽ കിറ്റ് വിതരണം ഊർജ്ജിതപ്പെടുത്തണം. ഇലക്ഷന് മുൻപ് ഉണ്ടായിരുന്ന ഊർജ്ജ സ്വലത കിറ്റിന്റെ കാര്യത്തിൽ സർക്കാരിനിപ്പൊൾ ഇല്ല. എത്രയും പെട്ടന്ന് കിറ്റ് വിതരണം പൂർത്തി ആക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക്

കോവിഡ് വ്യാപനത്തിന്റെ ഒന്നാം ഘട്ടത്തിൽ, മാതൃകാപരമായ പ്രവർത്തനങ്ങൾ ആണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തിയത്. ഇപ്പോൾ പുതിയ ഭരണ സമിതികൾ ആണ് ഭരണത്തിൽ ഉള്ളത്. അവശ്യമായ നിർദ്ദേശങ്ങളും, പരിശീലനവും നൽകി അവരെ കോവിഡ് പ്രതിരോധത്തിന്റെ നേതൃ നിരയിലേക്ക് കൊണ്ട് വരണം. അവർക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കണം. അല്ലെങ്കിൽ പ്ളാൻ ഫണ്ടിൽ നിന്ന് തുക ചെലവാക്കാൻ അനുമതി പത്രം നൽകണം.

തിരഞ്ഞെടുപ്പ് ആഹാളാദ പ്രകടനങ്ങൾ അതിര് വിടരുത്

തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ വലിയ തോതിലുള്ള ആഹ്ളാദ പ്രകടനങ്ങൾ പാടില്ല എന്നാണ് നിലപാട്. ഇത് സർവ്വ കക്ഷി യോഗത്തിൽ ഉന്നയിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയ ആഹ്ളാദ പ്രകടനങ്ങളുടെ ആവശ്യമില്ല. ലോക് ഡൗൺ പാടില്ല, എന്നാൽ നിയന്ത്രണങ്ങൾ പാലിക്കണം എന്നാണ് നിലപാട്.