ചിക്കൻ റോസ്റ്റ് ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകൾ:-

ചിക്കൻ - 1 ഇടത്തരം
കുരുമുളക് - 1 ടീ.സ്പൂൺ (തരുതരുപ്പായി പൊടിച്ചത്)
സോയസോസ് – 1 ടീ.സ്പൂൺ
മുളക് പൊടി ½ ടീ.സ്പൂൺ
ഉപ്പ് 1 ടീ.സ്പൂൺ
ഇഞ്ചി/വെളുത്തുള്ളി 1 ടീ.സ്പൂൺ (ഈ രുചി, ആവശ്യമില്ല, ഇഷ്ടാനുസരണം, ഇവ ഇല്ലാതെയും രുചിയുണ്ടാകും)
സവാള - 3 (ഇടത്തരം)
ഉരുളക്കിഴങ്ങ് – 4 (ഇടത്തരം)

പാകം ചെയ്യുന്നവിധം:-

കോഴി വൃത്തിയായി അകവും പുറവും കഴുകി,തൊലിയോടെ എടുക്കുക. ഒരു ഫോർക്ക് കൊണ്ട് നന്നായി കോഴി മുഴുവനും കുത്തുക. അതിനു ശേഷം, ഉപ്പ്, കുരുമുളക്, സോയസോസ്, മുളകുപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ഒരുമിച്ചു കുഴച്ച്, കോഴിയുടെ അകത്തും പുറത്തും നന്നായി തിരുമി പിടിപ്പിക്കുക. ഒരു ദിവസം മുഴുവനും ഫ്രിഡ്ജിൽ വെക്കുക. അടുത്തദിവസം എടുത്ത് ഒരു പ്രഷ്രർ കുക്കറിൽ അടച്ച്, ഏറ്റവും ചെറുതീയിൽ, 20 മിനിറ്റ് വേവിക്കുക. ആദ്യത്തെ 10 മിനിറ്റു കഴിയുമ്പോൾ ഒന്ന് തിരിച്ചിട്ട്, സവാള മുഴുവനായും, കോഴിയുടെ വയറ്റിനുള്ളിൽ നിറക്കുക. ഉരുളക്കിഴങ്ങും, കോഴിക്കൊപ്പം ഇട്ട് വീണ്ടും 10 മിനിറ്റുകൂടി പ്രഷറിട്ട്, ചെറുതീയിൽ വേവിക്കുക. വെള്ളം ഒഴിക്കേണ്ട ആവശ്യം ഇല്ല, 10 മിനിറ്റിനു ശേഷം തുറക്കുമ്പോൾ ആവശ്യമെങ്കിൽ ¼ കപ്പ് ചൂടുവെള്ളം ഒഴിക്കുക. 20 മിനിറ്റിനുശേഷം ഒരു ഫ്രൈയിങ് പാനിൽ, കോഴി പകർന്ന്, ചാറോടുകൂടി തിരിച്ചും മറിച്ചും എല്ലാവശവും ഒന്നു മൊരിച്ചെടുക്കുക. തൊലിയിൽ നിന്നും ആവശ്യത്തിനു എണ്ണ ഇറങ്ങും എന്ന കാരണത്താൽ, വേറെ എണ്ണ ഒഴിക്കേണ്ട ആവശ്യം ഇല്ല.

കുറിപ്പ്:- റോസ്റ്റിന്റെ വലിയ തയ്യാറെടുപ്പുകൾ ഒന്നും ഇല്ലാതെ എന്നാൽ നല്ല രുചിയോടെ തയ്യാറാക്കാവുന്ന ഒരു വിഭവം ആണിത്. ഇഷ്ടാനുസരണം ഇഞ്ചി വെളുത്തുള്ളി ഒഴിവാക്കിയാൽ കുരുമുളകിന്റെയും സോയാസോസിന്റെയും ഒരു രുചിവ്യത്യാസം ഇതിലുണ്ടാകും. ഒരു ദിവസം ചേരുവകൾ, ഫോർക്ക് കൊണ്ട് കുത്തിയതിനുശേഷം പുരട്ടിവെക്കുന്നതുകൊണ്ട്, ഇറച്ചിയിലേക്ക് മസാലകൾ നന്നായി ഇറങ്ങിച്ചെല്ലുന്നു. ബ്രെഡ്, ചപ്പാത്തി, അപ്പം ഇവക്കൊപ്പം കഴിക്കാം.