ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സമരജീവി പരാമർശത്തിന് മറുപടിയുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് പി ചിദംബരം. ഞാൻ ആന്ദോളൻ ജീവി എന്ന ഹാഷ് ടാ​ഗോടെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമരജീവി ആയതിൽ അഭിമാനിക്കുന്നുവെന്നും മഹാത്മഗാന്ധി ഏറ്റവും മികച്ച സമരജീവി ആയിരുന്നുവെന്നും കോൺഗ്രസ് നേതാവ് ട്വിറ്ററിൽ കുറിച്ചു. നേരത്തേ, പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ കർഷക യൂണിയൻ നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

കർഷക സമരത്തെ പരാമർശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ആന്ദോളൻ ജീവി പരാമർശം നടത്തിയത്. 'ഒരു പുതിയ തരം ആളുകൾ ഉയർന്നുവരുന്നുണ്ട്. അതാണ് ആന്ദോളൻ ജീവി (സമരജീവി). അഭിഭാഷകരുടെ പ്രക്ഷോഭങ്ങളിൽ അവർ പ്രത്യക്ഷപ്പെടുന്നു, വിദ്യാർത്ഥികളെ പ്രക്ഷോഭത്തിൽ കാണാം, തൊഴിലാളികളുടെ പ്രക്ഷോഭത്തിൽ കാണാം. ചിലയിടത്ത് അവർ തിരശ്ശീലയ്ക്ക് പിന്നിലാണ്. മറ്റിടങ്ങളിൽ അവർ മുന്നിലാണ്. അവർക്ക് പ്രക്ഷോഭം കൂടാതെ ജീവിക്കാൻ കഴിയില്ല. ഒരു പ്രത്യയശാസ്ത്ര ചരിവ് നൽകുന്നവരെയും തെറ്റിദ്ധരിപ്പിക്കുന്നവരെയും നാം തിരിച്ചറിയേണ്ടതുണ്ട്' രാജ്യസഭയിൽ നന്ദിപ്രസംഗത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു.