മറയൂർ: മദ്യപാനത്തിന്റെ ദുരന്തങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളും കുട്ടികളുമാണ്. കേരള സമൂഹത്തിൽ നിന്നും ഇതിന്റെ ഉദാഹരണങ്ങളാകുന്ന നിരവധി സംഭവങ്ങൾ കണ്ടത്താൻ സാധിക്കും. അത്തരുമൊരു ദാരുണ സംഭവം കൂടി ഇടുക്കിയിൽ നിന്നും പുറത്തുവന്നു. മദ്യക്കുപ്പി കുഞ്ഞു മറിച്ചു കളഞ്ഞതിൽ കലിമൂത്ത പിതാവ് ആറു വയസുകാരിയുടെ കൈ തല്ലിയൊടിച്ചു. മറയൂർ പഞ്ചായത്തിൽ പെരിയകുടി ഗോത്രവർഗ കോളനിയിൽ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.

അമ്മയെ തല്ലുന്നതുകണ്ട് അരിശം പൂണ്ടാണ് കുഞ്ഞ് മദ്യക്കുപ്പി മറിച്ചുകളഞ്ഞ്. ഇതിൽ കലിമൂത്ത പിതാവ് ആറുവയസ്സുകാരിയുടെ കൈ അച്ഛൻ തിരിച്ച് ഒടിക്കുകയായിരുന്നു. അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യക്കുപ്പിയുമായി എത്തിയ ഗണപതി ഭാര്യയുമായി വഴക്കുണ്ടാക്കുകയും അവരെ തല്ലുകയും ചെയ്തു. ഇതുകണ്ടുനിന്ന കുട്ടി മദ്യക്കുപ്പി മറിച്ചുകളയുകയായിരുന്നു. രോഷംപൂണ്ട ഗണപതി കുട്ടിയുടെ കൈപിടിച്ച് തിരിച്ച് തള്ളിയിട്ടതായി അമ്മ പറഞ്ഞു.

രാവിലെ കൈയ്ക്ക് നീരുവെച്ചിരിക്കുന്നതുകണ്ട് മറയൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പരിശോധിച്ചപ്പോഴാണ് കൈയ്ക്ക് പൊട്ടൽ ഉണ്ടെന്ന് മനസ്സിലായത്. ലീഗൽ സർവീസ് അഥോറിറ്റി പ്രവർത്തക ഉഷ മുരുകന്റെ നേതൃത്വത്തിൽ മറയൂർ പൊലീസിൽ പരാതി നല്കി. ഗണപതിയെ കസ്റ്റഡിയിലെടുത്തു. മറയൂർ എസ്‌ഐ. ജി.അജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.