ന്യൂയോർക്ക്: മുൻ ചൈനീസ് വൈസ് പ്രസിഡണ്ടിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതിനെ തുടർന്ന് അപ്രത്യക്ഷയായ വനിതാ ടെന്നീസ് താരം പെംഗ് ഷുവായിയെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കണമെന്ന് അമേരിക്കയും ഐക്യരാഷ്ട്ര സഭയും ആവശ്യപ്പെട്ടു. മുൻ വൈസ് പ്രസിഡണ്ടിനെതിരെ ബലാത്സംഗ ആരോപണമുന്നയിച്ച ടെന്നീസ് താരത്തെ കാണാതെയാവുകയായിരുന്നു. സംഭവം വിവാദമായതോടെ താൻ സുരക്ഷിതയാണെന്ന പെംഗിന്റെ ഈമെയിൽ സന്ദേശം കഴിഞ്ഞദിവസം ചൈന പുറത്തുവിട്ടിരുന്നു.

സെറീന വില്യംസ് ഉൾപ്പടെയുള്ള ടെന്നീസ് താരങ്ങൾ തുടങ്ങിവെച്ച വേർ ഈസ് പെംഗ് എന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വൈറ്റ്ഹൗസും ഇക്കാര്യത്തിൽ ഇടപെടുകയായിരുന്നു. ജോ ബൈഡന്റെഭരണകൂടം പെംഗ് എവിടെയാണെന്നുള്ള വസ്തുത തെളിവുകൾ സഹിതം അറിയുവാൻ ആഗ്രഹിക്കുന്നു എന്നാണ് വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറി ജെൻ സാക്കി പറഞ്ഞത്. വരുന്ന ഫെബ്രുവരിയിൽ ബെയ്ജിംഗിൽ നടക്കാൻ പോകുന്ന ശീതകാല ഒളീമ്പിക്സ് ബഹിഷ്‌കരിക്കുവാനും അമേരിക്ക ആലോചിക്കുന്നുണ്ട്.

അതേസമയം ചൈനയുടേ മോശപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ഒരുപക്ഷെ മത്സരം റദ്ദാക്കുവാനും ഇടയുണ്ടെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി അംഗം ഡിക്ക് പൗണ്ട് സൂചിപ്പിച്ചു. പെംഗിന്റെ കാര്യത്തിൽ സുതാര്യമായ ഒരു അന്വേഷണം വേണമെന്നാണ് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെറ്റുന്നത്. അതുപോലെ മുൻ വൈസ്പ്രസിഡണ്ടിനെതിരെ പെംഗ് ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചും അന്വേഷണം ആവശ്യമാണെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു.

ചൈനീസ് സമൂഹമാധ്യമമായ വീബോയിലൂടെയായിരുന്നു 35 കാരിയായ പെംഗ്, 70 വയസ്സിലധികം പ്രായമുള്ള മുൻ ചൈനീസ് വൈസ് പ്രസിഡണ്ട് തന്നെ ബലാത്സംഗം ചെയ്തു എന്ന് വെളിപ്പെടുത്തിയത്. അദ്ദേഹവുമായി തനിക്ക് അടുപ്പമുണ്ടായിരുന്ന സമയത്തായിരുന്നു ഇത് ചെയ്തതെന്നും അവർ വെളിപ്പെടുത്തി. അതിനെതുടർന്ന് അവർ അപ്രത്യക്ഷയാവുകയായിരുന്നു അതിനെ തുടർന്ന് ചൈനയിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുകയില്ലെന്ന് വിമൻസ് ടെന്നീസ് അസ്സോസിയേഷൻ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇത് ചൈനയുടെ സാമ്പത്തിക താത്പര്യങ്ങൾക്ക് വൻ തിരിച്ചടിയാകും എന്നാണ് നിരീക്ഷകർ പറയുന്നത്.

അടുത്തിടെ പെംഗിന്റെ ചില ചിത്രങ്ങൾ ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. തികച്ചും സന്തോഷവതിയായി ചിരിച്ചുകൊണ്ടിരിക്കുന്ന ഈ ചിത്രങ്ങളുടെ ആധികാരികത ഈ രംഗത്തെ വിദഗ്ദർ ചോദ്യം ചെയ്യുന്നുണ്ട്. ഒരുകാലത്ത് ലോകത്തിലെ നമ്പർ വൺ വനിതാ ഡബിൾസ് ടെന്നീസ് താരമായിരുന്ന പെംഗ് ജീവിച്ചിരിപ്പുണ്ടോ എന്നുപോലും പലരും സംശയിക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ തന്നെ ഇത് വിവാദമായപ്പോൾ, കഴിഞ്ഞ വെള്ളിയാഴ്‌ച്ച പെംഗിന്റെതെന്ന അവകാശവാദവുമായി ഒരു ഈമെയിൽ സന്ദേശം ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

താൻ സുരക്ഷിതയും സന്തോഷവതിയുമാണെന്ന ആ സന്ദേശം പെംഗിന്റെതെന്ന് സമ്മതിക്കാൻ പക്ഷെ അന്താരാഷ്ട്ര സമൂഹം തയ്യാറാകുന്നില്ല. ഇതിനിടയിലാണ് വേർ ഈസ് പെംഗ് എന്ന ഹാഷ്ടാഗ് വൈറലാകുന്നതും. ഇത് ഇപ്പോൾ ബെയ്ജിംഗിൽ നടക്കാൻ പോകുന്ന ശീതകാല ഒളിംപിക്സിന്റെ ഭാവി പോലും ചോദ്യം ചെയ്യുകയാണ്.