ന്യൂഡൽഹി: ബിഹാർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എൻഡിഎ വിട്ട് സ്വന്തമായി സ്ഥാനാർത്ഥികളെ നിർത്തി കടുത്ത വെല്ലുവിളി ഉയർത്തിയ ചിരാഗ് പസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാർട്ടിയെ രാഷ്ട്രീയമായി ഒതുക്കി മുഖ്യമന്ത്രി നിതീഷ് കുമാർ. ഒറ്റരാത്രി കൊണ്ട് ചിരാഗ് പസ്വാൻ എൽജെപിയിലെ ഏക എംപിയായി മാറി. ഒപ്പമുണ്ടായിരുന്ന അഞ്ച് എംപിമാരാണ് ചിരാഗിനെ വിട്ട് പുറത്തുചാടിയത്. പ്രത്യേക ഗ്രൂപ്പായി തങ്ങളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ലോക്സഭാ സ്പീക്കർക്കു കത്തെഴുതി.

ബിഹാറിൽ അന്തരിച്ച ലോക് ജനശക്തി പാർട്ടി നേതാവ് രാംവിലാസ് പസ്വാന്റെ ഇളയ സഹോദരനായ പശുപതി കുമാർ പരസാണ് പാർട്ടിയിലെ കലാപത്തിനു നേതൃത്വം നൽകിയത്. പസ്വാന്റെ മരണശേഷം മകൻ ചിരാഗും ഇളയച്ഛനായ പശുപതി കുമാർ പരസും തമ്മിൽ നിലനിന്നിരുന്ന കലഹം മൂർച്ഛിച്ച് ഒടുവിൽ പിളർപ്പിലെത്തുകയായിരുന്നു. ഇരുവരും ഏറെ നാളുകളായി പരസ്പരം സംസാരിക്കുക പോലും ചെയ്തിരുന്നില്ല.

ഹാജിപുരിൽനിന്നു എംപിയായ പരസിന് മുഖ്യമന്ത്രി നിതീഷ് കുമാർ കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താണ് ചിരാഗിനെതിരെ കളത്തിലിറക്കിയതെന്നാണ് രാഷ്ട്രീയവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അടുത്ത അനുയായിയായ ലലൻ സിങ്ങ് വഴിയാണ് മറ്റ് എംപിമാരുമായി നിതീഷ് ധാരണയിലെത്തിയത്. ചിരാഗിന്റെ ബന്ധുവായ പ്രിൻസ് രാജ്, ചന്ദൻ സിങ്, വീണാ ദേവി, മെഹബൂബ് അലി കൈസർ എന്നിവരാണ് പരസിനു പുറമേ പാർട്ടിവിട്ടിരിക്കുന്നത്.

ചിരാഗിന്റെ ധാർഷ്ട്യമാണ് പിളർപ്പിനു പിന്നിലെന്നാണ് ഒരു വിഭാഗം നേതാക്കൾ കുറ്റപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പിനു ശേഷം എല്ലാ ജില്ലകളിലും എത്തി പ്രവർത്തകരെ കാണുമെന്ന വാഗ്ദാനം പോലും പാലിക്കാൻ ചിരാഗ് തയാറായിട്ടില്ല. എൽജെപിയുടെ ഏക എംഎൽഎ പാർട്ടിവിട്ട് നിതീഷിനൊപ്പം ചേർന്നിട്ടും പ്രതികരിക്കാനോ മുൻകരുതൽ എടുക്കാനോ ചിരാഗ് തയാറായില്ലെന്നും മുതർന്ന നേതാക്കൾ പറയുന്നു. അമിത ആത്മവിശ്വാസത്തിനു ചിരാഗ് വലിയ വിലയാണു കൊടുക്കേണ്ടിവന്നതെന്നും അവർ പറഞ്ഞു.

രാംവിലാസ് പസ്വാന്റെ മരണശേഷം കഴിഞ്ഞ വർഷമാണ് ചിരാഗ് എൽജെപി നേതൃസ്ഥാനം ഏറ്റെടുത്തത്. ബിഹാർ തിരഞ്ഞെടുപ്പ് വേളയിൽ ചിരാഗിന്റെ രാഷ്ട്രീയ നീക്കം നിതീഷിന്റെ ജെഡിയുവിന് കനത്ത തിരിച്ചടിയായിരുന്നു. ബിജെപിക്കും പ്രതിപക്ഷമായ ആർജെഡിക്കും പിന്നിൽ മൂന്നാമതായിരുന്നു ജെഡിയുവിന്റെ സ്ഥാനം. ഇതിന്റെ പ്രതികാരമാണ് എംപിമാരെ അടർത്തിയെടുത്തു ചിരാഗിനെ ഒറ്റപ്പെടുത്താനുള്ള നിതീഷിന്റെ നീക്കത്തിനു പിന്നിലെന്നാണു വിലയിരുത്തൽ.

രാംവിലാസ് പസ്വാൻ മരിച്ച് നാല് ദിവസത്തിനുള്ളിൽ തന്നെ ചിരാഗും ഇളയച്ഛനും തമ്മിലുള്ള കലഹം മറനീക്കി പുറത്തുവന്നിരുന്നു. പരസിനെ പാർട്ടിയിൽനിന്നു പുറത്താക്കുമെന്നും 'താങ്കൾ എന്റെ രക്തമല്ലെന്നും' ചിരാഗ് പറഞ്ഞിരുന്നു. 'ഇന്നു മുതൽ താങ്കളുടെ അമ്മാവൻ മരിച്ചതായി കരുതിക്കോളൂ' എന്നായിരുന്നു പരസിന്റെ മറുപടി. പാർട്ടി സംസ്ഥാന അധ്യക്ഷസ്ഥാനം നൽകി ഒപ്പം നിർത്താൻ ശ്രമിച്ച ബന്ധു പ്രിൻസ് രാജും പരസിനൊപ്പം പോയത് ചിരാഗിനു വൻതിരിച്ചടിയായിരിക്കുകയാണ്.