തിരുവനന്തപുരം: പ്രചരണം കൊഴുപ്പിക്കാൻ ഇത്തവണ ഡിജെ പാർട്ടിയും. ചിറയിൻകീഴിലെ ഡിജെ പാർട്ടി വിവാദമാകുകയും ചെയ്തു. മിക്ക മണ്ഡലങ്ങളിലും ഡിവൈഎഫ്‌ഐുടെ നേതൃത്വത്തിൽ ഡിജെ പാർട്ടി നടന്നു. പൂഞ്ഞാറിൽ അടക്കം ഇത് നടന്നു. ഇതിനിടെയാണ് ചിറയിൻകീഴിൽ ഡിജെ പാർട്ടി വിവാദമാകുന്നത്.

കോൺഗ്രസ് നേതാവ് എംജെ ആനന്ദാണ് ആരോപണവുമായി എത്തുന്നത്. #ശശി യണ്ണൻ Rocks ... ഇങ്ക്വലാബ് സിന്ദാബാദ് ... സഖാക്കളെ സമ്മതിക്കണം ... എല്ലാം പൊളിഞ്ഞപ്പോൾ V.ശശി MLA യുടെ നേതൃത്വത്തിൽ ഇന്ന് ചിറയിൻകീഴ് ശാർക്കര ദേവി ക്ഷേത്രത്തിന് മുന്നിൽ DJ Party നടത്തി ... ദീപാരാധന സമയത്തായിരുന്നു സഖാക്കളുടെ നേതൃത്വത്തിലുള്ള മദ്യലഹരിയിലുള്ള DJ Party .. സഖാക്കളെ മുന്നോട്ട്-ഇതാണ് ആനന്ദിന്റെ പോസ്റ്റ്. ഈ ആരോപണത്തെ ഡിവൈഎഫ്‌ഐ തള്ളിക്കളയുന്നുമുണ്ട്. ഡിജെ പാർട്ടിയുടെ വീഡിയോ അടക്കമാണ് ആനന്ദിന്റെ പോസ്റ്റ്.

പച്ച കള്ളം എഴുതി വിടുന്നോ.... ആ സമയത്ത് അവിടെ ഉണ്ടായിരുന്ന ആരോട് വേണമെങ്കിലും ചോദിക്കാം ദീപാരാധന സമയത്ത് ആണോ ഇത് നടത്തിയത് എന്ന്. 6.30ക്ക് ഉള്ള ദീപാരാധനയും അത് കൂടാതെ 7.15 മുതൽ ഉള്ള അത്താഴ പൂജയും ഈ രണ്ടു സമയങ്ങളിലും പരിപാടി നിർത്തിവച്ചിരുന്നു... പിന്നെ ഇത് കണ്ടിട്ട് അസൂയ തോന്നുമ്പോ ഇങ്ങനെ എല്ലാം പറയാം-ഇതാണ് വിവാദത്തോടുള്ള സിപിഎം സഖാക്കളുടെ പ്രതികരണം. DJ മാത്രമായിരുന്നു. IT IS NOT DJ party. ശാർക്കര അമ്മയുടെ ദീപാരാധന സമയത്തു കൃത്യമായി MIKE ഓഫ് ആയിരുന്നു എന്നതും ശ്രെദ്ധിക്കപ്പെട്ടു. ലാൽസലാം-എന്നും സൈബർ സഖാക്കൾ വിശദീകരിക്കുന്നു.

ചിറയിൻകീഴിൽ വിശ്വാസ പ്രശ്‌നമായി ഡിജെ പാർട്ടി വളരുകയാണ്. കോൺഗ്രസ് അട്ടിമറി പ്രതീക്ഷിക്കുന്ന മണ്ഡലം. ബിജെപിയും യുവരക്തത്തെ ഇറക്കി മത്സരിക്കുന്നു. നിയമസഭാമണ്ഡലത്തിൽ ചിറയിൻകീഴ് താലൂക്കിൽ ഉൾപ്പെടുന്ന അഞ്ചുതെങ്ങ്, അഴൂർ, ചിറയിൻകീഴ്, കടയ്ക്കാവൂർ, കിഴുവിലം, മുദാക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളും; തിരുവനന്തപുരം താലൂക്കിലെ കഠിനംകുളം, മംഗലപുരം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നു.

2011 മുതൽ സിപിഐ യുടെ വി ശശിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. പട്ടിക ജാതി സംവരണ മണ്ഡലമാണ് ചിറയിൻകീഴ്. യുഡിഎഫ് സ്ഥാനാർത്ഥി ബി എസ് അനൂപ് ആണ് എതിർ സ്ഥാനാർത്ഥി.നാടിളക്കി പ്രചാരണ പ്രവർത്തനങ്ങളുമായി മൂന്നു മുന്നണികളും രംഗത്തുണ്ട്. സിപിഐ സ്ഥാനാർത്ഥിയായി സിറ്റിങ് എംഎൽഎ വി ശശി തന്നെയാണ് ഇവിടെ നിന്നും രണ്ടാം തവണ ജനവിധി തേടുന്നത്. എൻഡിഎ സ്ഥാനാർത്ഥിയായി ജി എസ് ആശാനാഥ് ആണ് മത്സരിക്കുന്നത്.

നാടിനെ അറിയുന്ന സാധാരണക്കാരിൽ സാധാരണക്കാരനായ അനൂപിനു വോട്ട് നൽകി വിജയിപ്പിക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. എന്നാൽ സിറ്റ്ങ് എംഎൽഎ തന്നെ വിജയിക്കും എന്നാണ് സിപിഐയുടെ വിലിയരുത്തൽ. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫിനായിരുന്നു വിജയം. എന്നാൽ ബിജെപിയുടെ ശക്തമായ സാന്നിധ്യം കണക്കുകളെ തെറ്റിക്കാൻ പോന്നതാണ്. ഇതിനിടെയാണ് ഡിജെ വിവാദവും.