ലോകത്ത് ഇന്നേവരെ നിർമ്മിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും കരുത്തുറ്റതും വേഗമേറിയതുമായ കാർ-ജെനീവ മോട്ടോർ ഷോയിൽ പുറത്തിറക്കിയ ബുഗാട്ടിയുടെ ഷിറോണിന് നൽകാവുന്ന വിശേഷണമിതാണ്. വെയ്‌റോണിന്റെ പിൻഗാമിയായി എത്തുന്ന ഷിറോൺ കാഴ്ചയിൽ മാത്രമല്ല, പ്രകടനത്തിൽ ഫോർമുല വൺ കാറുകളെപ്പോലും പിന്തള്ളും.

സൂപ്പർ സ്പോർട്സ് കാർ വിഭാഗത്തിലെ ഏറ്റവും ആഡംബര ഉത്പന്നമായാണ് ഷിറോൺ വിലയിരുത്തപ്പെടുന്നത്. മണിക്കൂറിൽ 420 കിലോമീറ്റർ വേഗത്തിൽ കുതിക്കുന്ന ഷിറോണിൽ 1500 ബിഎച്ച്പി എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. വിലയെയും മറ്റേത് സൂപ്പർകാറിനെയും ഇത് പിന്തള്ളും. 19 കോടി രൂപയാണ് ഇതിന്റെ മതിപ്പുവില.

ഇത്രയും കരുത്തേറിയ എൻജിൻ മറ്റൊരു കാറിലും ഇതുവരെ ഉപയോഗിച്ചിട്ടില്ല. ലൂയി ഹാമിൾട്ടണിലെ ഫോർമുല വൺ ലോകചാമ്പ്യനാക്കിയ മേഴ്‌സിഡസിന്റെ എഫ്1 കാറിൽപ്പോലും 900ബിഎച്ച്പി എൻജിനേ ഉപയോഗിച്ചിട്ടുള്ളൂ. റോഡിൽ ഓടുന്ന വാഹനങ്ങളിൽ ഇത്രയും കരുത്തുറ്റ എൻജിൻ ഉപയോഗിക്കാൻ ഷിറോണിന് മാത്രമേ അനുമതി ലഭിച്ചിട്ടുള്ളൂ.

എട്ട് ലിറ്റർ, ഡബ്ല്യു 16-സിലിൻഡർ ക്വാഡ് ടർബോ എൻജിനാണ് ഇതിലുള്ളത്. രണ്ടുഘട്ടത്തിലായി തണുപ്പിക്കുന്നതുകൊണ്ട് എത്രവേഗത്തിൽ കുതിച്ചാലും എൻജിൻ ചൂടാകുമെന്ന പേടിവേണ്ട. രണ്ടര സെക്കൻഡിൽ 100 കിലോമീറ്റർ വേഗം വരെ ആർജിക്കാൻ കഴിയുന്ന ഷിറോണിനെ റോഡിലെ ലോകാത്ഭുതമായി വാഹനപ്രേമികൾ വിശേഷിപ്പിക്കുന്നു.