കോതമംഗലം: പാവപ്പെട്ടവർക്കുവേണ്ടി സംസാരിച്ചാൽ, കുടുംബക്കാർക്കുവേണ്ടി സംസാരിച്ചാൽ മാവോയിസ്റ്റാക്കുന്നതാണ് അധികൃതരുടെ നയമെന്ന് ആദിവാസി ഐക്യവേദി നേതാവ് ചിത്ര നിലമ്പൂർ. തന്നെയോ ഒപ്പമുള്ളവരെയോ ജയിലടച്ചതുകൊണ്ട് അവകാശങ്ങൾക്കായുള്ള സമരം അവസാനിക്കില്ല. ചരിത്രം പറഞ്ഞുകൊടുത്താണ് പുതിയ തലമുറയെ വളർത്തുന്നത്. ഇടമലയാറിൽ അറാക്കപ്പ് കോളനിവാസികൾ നടത്തുന്ന അതിജീവന പോരാട്ടത്തിന് പിന്തുണ അറിയിച്ചെത്തിയ ചിത്ര മറുനാടനുമായി സംസാരിക്കുകയായിരുന്നു.

20 വർഷമായി പുഴയുടെ തീരത്ത് താമസിച്ച് മീൻപിടിച്ച് വിറ്റ് ജീവിക്കുന്ന ചെല്ലപ്പൻ-യശോധ ദമ്പതികൾക്ക് ഒരു കിടപ്പാടം ഉണ്ടാക്കി നൽകാൻ ട്രൈബൽ ഡിപ്പാർട്ടുമെന്റിന് സാധിച്ചിട്ടില്ല. ഇതുപോലെ നിരവധി പേരുണ്ട്. ഇവരെയൊന്നും തിരിഞ്ഞുനോക്കാനാളില്ല. എവിടെയെങ്കിലും പോയി ഒരു കുടിലുകെട്ടിയാൽ അത് പൊളിക്കാൻ ഉദ്യോഗസ്ഥർ പറന്നെത്തും. സത്യം പറയുന്നവരെ മാവോയിസ്റ്റുമാക്കും.

വീടില്ലന്ന് പറയുന്നതാണോ മാവോയിസം, ഇതാണോ തീവ്രവാദം.പാവപ്പെട്ടവരെ പിടിച്ച് ജയിലിൽ അടയ്ക്കുന്നതാണോ മാവോയിസം. ഇന്നലെ ഇവിടെ ഇറങ്ങിയപ്പോൾ മുതൽ മാവോയിസ്റ്റ് പരിവേഷം പകരാൻ പലകോണുകളിൽ നിന്നും നീക്കമുണ്ടായി. കടയിൽ എത്തിയപ്പോൾ പോലും ഇത്തരത്തിലുള്ള ചോദ്യത്തെ നേരിടേണ്ടി വന്നു.

യഥാർത്ഥ മാവോയിസ്റ്റുകൾ ഞങ്ങളുടെ ഊരിൽ വന്നിട്ടുണ്ട്. വീട്ടിൽ വന്നിട്ടുണ്ട്. പൊലീസിനെ അറിയിച്ചപ്പോൾ രണ്ട് മണിക്കൂർ കഴിഞ്ഞാണ് വന്നത്. ഞങ്ങൾക്കും ജീവനിൽ പേടിയുണ്ടെന്നായിരുന്നു താമസിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ എസ് ഐയുടെ പ്രതികരണം.
ശബ്ദിക്കുന്ന ആൾക്കാരെ ജയിലിലടച്ചാൽ പ്രശ്നം തീരുമെന്നുകരുതണ്ട. ഞങ്ങളുടെ മക്കൾ പഠിക്കുന്നുണ്ട്. ഞങ്ങളുതന്നെയാണ്് അവരെ ചരിത്രം പഠിപ്പിക്കുന്നത്.

അതുകൊണ്ട് മാവോയിസ്റ്റ് എന്നുപറഞ്ഞ് ഒരാളെയോ രണ്ടാളെയോ ജയിലിലടച്ചാൽ തീരുന്ന പ്രശ്നമല്ല ഇത്. ആദിവാസികളെന്നും താഴെത്തട്ടിൽ കിടക്കുമെന്ന് ആരും കരുതണ്ട. ആദിവാസികൾക്കുവേണ്ടി സംഘടനയുണ്ടാവും നേതാക്കളുണ്ടാവും. സി കെ ജാനുവിനെ ഒതുക്കിയ പോലുള്ള നീക്കമൊന്നും ഇനി വിലപ്പോവില്ല. ആദിവാസികൾക്ക് അവകാശമുണ്ട്. അത് പഠിച്ച്, വളർന്ന് ശബ്ദിക്കുക തന്നെ ചെയ്യും, ആദിവാസി ഐക്യവേദി നേതാവ് ചിത്ര നിലമ്പൂർ നയം വ്യക്തമാക്കി.