ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിൽ ക്യാബിനെറ്റ് മന്ത്രിയായി സ്ഥാനമേറ്റ ബീഹാറിൽ നിന്നുള്ള എൽജെപി നേതാവും തന്റെ ഇളയച്ഛനുമായ പശുപതി കുമാർ പരസിനെതിരെ എൽജെപി അധ്യക്ഷൻ ചിരാഗ് പാസ്വാൻ രംഗത്ത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിൽ എൽജെപി ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി പാസ്വാൻ അറിയിച്ചു.

'എൽജെപി നേതൃത്വത്തെ വഞ്ചിച്ച് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് പശുപതി കുമാർ പരസിനെ ലോക് ജനശക്തി പാർട്ടിയിൽ നിന്ന് ഇതിനോടകം പുറത്താക്കിയിട്ടുണ്ട്. ഇപ്പോൾ കേന്ദ്ര മന്ത്രിസഭയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുന്നതിനെ പാർട്ടി ശക്തമായി എതിർക്കുന്നു', എന്നും ചിരാഗ് പാസ്വാൻ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മന്ത്രിസഭ പുനഃസംഘടനയിൽ ക്യാബിനെറ്റ് മന്ത്രിയായി അധികാരമേറ്റ പശുപതി കുമാർ പരസ് എൽജെപിയെ പ്രതിനിധികരിച്ചുകൊണ്ടുള്ള ഹിജാപൂർ എംപിയാണ്. ചിരാഗ് പാസ്വാന്റെ ഒട്ടുമിക്ക പ്രവർത്തനങ്ങളിലും കടുത്ത അതൃപ്തി അറിയിച്ചിട്ടുള്ള വ്യക്തികൂടിയാണ് പശുപതി കുമാർ. തുടർന്ന് പാർട്ടിയിൽ വിഭാഗിയതയ്ക്ക് കളമൊരുക്കികൊണ്ട് പാസ്വാന് തിരിച്ചടിയേകി അഞ്ച് എംപിമാർ പശുപതി കുമാർ പക്ഷത്തേക്ക് പോകുകയും ചെയ്തിരുന്നു. തുടർന്നാണ് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി പശുപതി കുമാർ പരസിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്.

ബിഹാർ തെരഞ്ഞെടുപ്പിന് പിന്നാലെ നിതീഷ് കുമാറുമായുണ്ടായിരുന്ന അടുപ്പമാണ് ചിരാഗും പശുപതി കുമാറും തമ്മിലുടലെടുത്ത അസ്വാരസ്യത്തിന് പിന്നിലെന്നാണ് അഭ്യൂഹം. പശുപതി കുമാർ പരസിന് നിതീഷ് കുമാർ കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം നൽകിയതാണ് പാസ്വാനെ ചൊടിപ്പിച്ചതെന്നു റിപ്പോർട്ടുകളുണ്ട്.