മെൽബൺ: ന്യൂസീലൻഡിന്റെ മുൻ ഓൾറൗണ്ടർ ക്രിസ് കെയ്ൻസിന്റെ ജീവിതദുരിതങ്ങൾ ലോകമെമ്പാടുമുള്ള ആരാധകരെ ദുഃഖത്തിലാഴ്‌ത്തുന്നു. ഹൃദയാഘാതം മൂലം ജീവൻരക്ഷാ ശസ്ത്രക്രിയയ്ക്കു വിധേയനായ ക്രിസ് കെയ്ൻസിന്റെ ഇരു കാലുകളും തളർന്നതായി റിപ്പോർട്ട്. ശസ്ത്രക്രിയയ്ക്കിടെ നട്ടെല്ലിനുണ്ടായ സ്‌ട്രോക് നിമിത്തമാണ് താരത്തിന്റെ കാലുകൾ തളർന്നത്. നിലവിൽ ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ താമസിക്കുന്ന കെയ്ൻസ് സിഡ്‌നിയിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. താരം തിരികെ വീട്ടിലെത്തിയെങ്കിലും ഇപ്പോളും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഈ മാസമാദ്യമാണ് ക്രിസ് കെയ്ൻസ് ഗുരുതരാവസ്ഥയിലായത്. ഹൃദ്രോഗമാണ് കെയ്ൻസിനെ തളർത്തിയത്. ഹൃദയധമനികൾ പൊട്ടി രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ഒന്നിലേറെ ശസ്ത്രക്രിയകൾക്കു വിധേയനായിട്ടുണ്ട്. കെയ്ൻസിനെ കഴിഞ്ഞയാഴ്ച വെന്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. തുടർന്ന് കുടുംബാംഗങ്ങളുമായി സംസാരിക്കാൻ അദേഹത്തിന് കഴിഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. താരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

2010ൽ ഓസ്‌ട്രേലിയക്കാരി മെലാനി ക്രോസറെ വിവാഹം കഴിച്ച കെയ്ൻസ് പിന്നീട് ഓസ്‌ട്രേലിയയിലേക്കു താമസം മാറ്റുകയായിരുന്നു. ന്യൂസിലൻഡിനായി 62 ടെസ്റ്റുകളിലും 215 ഏകദിനങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള 51കാരനായ കെയ്ൻസ് 2006ലാണ് സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ടെസ്റ്റിൽ 33 റൺസ് ശരാശരിയിൽ 3320 റൺസും 218 വിക്കറ്റും സ്വന്തമാക്കി. ഏകദിനത്തിൽ 4950 റൺസും 201 വിക്കറ്റും കെയ്ൻസിന്റെ പേരിലുണ്ട്. ന്യൂസിലൻഡ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടറായി കണക്കാക്കപ്പെടുന്ന കെയ്ൻസ് ഇന്ത്യക്കെതിരെ എല്ലായ്‌പ്പോഴും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. 2000ൽ കെയ്ൻസിനെ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദ് ഇയറായി തെരഞ്ഞെടുത്തിരുന്നു.

2004ൽ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച ശേഷം കെയ്ൻസിന്റെ ജീവിതം സംഭവബഹുലമായിരുന്നു. വിമത ചാംപ്യൻഷിപ്പായ ഇന്ത്യൻ ക്രിക്കറ്റ് ലീഗിൽ (ഐസിഎൽ) ചണ്ഡിഗഡ് ലയൺസിന്റെ ക്യാപ്റ്റനായിരുന്ന കെയ്ൻസ് 2008ൽ ഒത്തുകളി വിവാദത്തിൽ കുടുങ്ങി. ഒത്തുകളി ആവശ്യവുമായി കെയ്ൻസ് തന്നെ സമീപിച്ചിരുന്നെന്ന് സഹതാരം ലൂ വിൻസന്റ് പിന്നീടു വെളിപ്പെടുത്തുകയും ചെയ്തു.

2012ൽ മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിക്കെതിരെ അപകീർത്തിക്കേസ് ജയിച്ചെങ്കിലും കെയ്ൻസ് സാമ്പത്തികമായി പാപ്പരായി. ട്രക്ക് ഓടിച്ചും ബസ് ഷെൽട്ടർ കഴുകിയുമാണ് കെയ്ൻസ് ജീവിക്കുന്നതെന്നു ന്യൂസീലൻഡ് ടീമിലെ സഹതാരമായിരുന്ന ഡിയോൺ നാഷ് 2014ൽ വെളിപ്പെടുത്തിയിരുന്നു.