തൃശൂർ: എല്ലാവരെയും സ്‌നേഹക്കുക എന്ന സന്ദേശമാണ് ക്രിസ്തുമസ് നൽകുന്നത്. കാരണം ലോകത്തിന് സ്‌നേഹമെന്ന സന്ദേശം പകർന്നു നൽകിയ ദൈവപുത്രമാണ് യേശുദേവൻ. അങ്ങനെയുള്ള യേശുവിന്റെ തിരുപ്പിറവി ആഘോഷിക്കുന്നതിന് പോലും വിദ്വേഷ പ്രചരത്തിന്റെ വഴിയായി പ്രചരിപ്പിക്കുന്ന വാർത്തകൾ ഉത്തരേന്ത്യയിൽ നിന്നും പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ക്രിസ്തുവിന്റെയും മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രങ്ങൾ വെച്ച് ആരതിയുഴിഞ്ഞു ക്രിസ്തുപൂജ നടത്തുന്ന സന്യാസിമാരെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? കേരളത്തിലെ ഒരു സന്യാസി മഠത്തിലാണ് ക്രിസ്തുദേവന്റെ പിറവി ഭാരതീയ രീതിയിൽ ആചരിക്കുന്നത്.

പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമത്തിലാണ് പതിവുപോലെ ഇക്കുറിയും ക്രിസ്തുമസ് ആഘോഷം നടന്നത്. സ്വാമി വിവേകാനന്ദൻ തുടങ്ങിവച്ച ക്രിസ്മസ് ആഘോഷം പതിറ്റാണ്ടുകളായി മുടക്കാത്ത പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമത്തിൽ ഇത്തവണയും ക്രിസ്മസ് പൂജ നടത്തി. മൺചെരാതുകൾക്കൊപ്പം മെഴുകുതിരികൾ ജ്വലിച്ചും പൂജാമുറിയിൽ ക്രിസ്തുവിന്റെയും മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രങ്ങൾ ആരതിയുഴിഞ്ഞും ക്രിസ്തുപൂജ നടത്തി മഠത്തിലെ സ്വാമിമാർ.

ക്രിസ്മസ് തലേന്നു വൈകിട്ട് ക്രിസ്തു പൂജ നടത്തി. ആരതി ഉഴിഞ്ഞു, കേക്ക് നിവേദ്യമായി അർപ്പിച്ച ശേഷം എല്ലാവരും ചേർന്നു മുറിച്ചു പങ്കിട്ടു കഴിക്കുകയും ചെയ്തു. സന്യാസിമാരും ആശ്രമത്തിലെ വിദ്യാർത്ഥികളും ചേർന്നു കാരൾ പാട്ടുകൾ ഉച്ചത്തിൽ പാടി ക്രിസ്മസ് സന്തോഷവും പങ്കുവച്ചു. മഠാധിപതി സ്വാമി സദ്ഭവാനന്ദ, പ്രബുദ്ധ കേരളം എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ എന്നിവരും തൃശൂർ അതിരൂപത മുൻവികാരി ജനറൽ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ടും കപ്പൂച്ചിൻ വൈദികരും പങ്കെടുത്തു.

നൂറ്റാണ്ടിലേറെയായി ശ്രീരാമകൃഷ്ണാശ്രമത്തിന്റെ എല്ലാ കേന്ദ്രങ്ങളിലും ക്രിസ്മസ് ആഘോഷവും ഭാരതീയ രീതിയിലുള്ള ക്രിസ്തുപൂജയും നടക്കും. ക്രിസ്തുവിന്റെ ആശയങ്ങളുടെ ആരാധകനായിരുന്ന സ്വാമി വിവേകാനന്ദൻ 1890കളിലാണ് സർവമത സമന്വയത്തിൽ വിശ്വസിക്കുന്ന ശ്രീരാമകൃഷ്ണ പരമഹംസരുടെ ആശ്രമങ്ങളിൽ ക്രിസ്മസ് പൂജയും ആഘോഷവും വേണമെന്നു നിർദേശിച്ചത്. ലോകമെമ്പാടുമായി ആയിരത്തോളം ആശ്രമങ്ങളിലാണ് ഇങ്ങനെ ക്രിസ്മസ് ആഘോഷം നടന്നത്. മതസൗഹാർദ്ദത്തിന്റെ വിളമ്പരമാണ് ഇവിടങ്ങളിൽ നടക്കുന്നത്.