ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെയും വിവിധ സംസ്ഥാന സർക്കാരുകളുടെയും ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിവേചനവും നീതിനിഷേധവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യയിലെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങൾ ഭാരത കത്തോലിക്കാ മെത്രാൻ സമിതി ലെയ്റ്റി കൗൺസിലിന്റെ നേതൃത്വത്തിൽ ദേശീയ തലത്തിൽ സമ്മേളനം ചേരുന്നു.


സെപ്റ്റംബർ 26ന് ശനിയാഴ്ച നടക്കുന്ന ദേശീയ ക്രൈസ്തവ നേതൃസമ്മേളനത്തിന്റെ മുന്നൊരുക്കമായി വിവിധ ക്രൈസ്തവ സഭകളിലെ അല്മായ പ്രസ്ഥാനങ്ങൾ രാജ്യത്തുടനീളം ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കും. സിബിസിഐയുടെ കീഴിലുള്ള ഇന്ത്യയിലെ 14 റീജിയണുകളിലും അല്മായ നേതൃസമ്മേളനം നടക്കും. തുടർന്ന് സംസ്ഥാന സർക്കാരുകൾക്ക് ക്രൈസ്തവ പ്രതിനിധികൾ നിവേദനങ്ങൾ സമർപ്പിക്കും. സെപ്റ്റംബർ 22, 23 തീയതികളിൽ ഇന്ത്യയിലെ എല്ലാ കളക്റ്റ്രേറ്റുകളിലെയും ജില്ലാഭരണാധികാരി മുഖേന പ്രധാനമന്ത്രിക്ക് ക്രൈസ്തവ സംഘടനകൾ വിവിധ ക്രൈസ്തവ ന്യൂനപക്ഷ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് നിവേദനങ്ങൾ കൈമാറുമെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി സെബാസ്റ്റ്യൻ പറഞ്ഞു.

കേന്ദ്രസർക്കാർ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി സംസ്ഥാനങ്ങൾക്ക് കേന്ദ്രബജറ്റിലൂടെ അനുവദിച്ചു നൽകിയിരിക്കുന്ന ഫണ്ട് യാതൊരു മാനദണ്ഡവുമില്ലാതെ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം കവർന്നെടുക്കുന്നതും പദ്ധതി നടത്തിപ്പിനായി രൂപീകരിച്ച സമിതികളിൽ നിന്ന് ക്രൈസ്തവരെ പുറന്തള്ളിയിരിക്കുന്നതും അന്വേഷണവിധേയമാക്കണം. സാക്ഷരകേരളത്തിൽ പോലും പദ്ധതിവിഹിതം 80% മുസ്ലിം 20% മറ്റുള്ളവർ എന്ന മാനദണ്ഡം പഠനമില്ലാത്തതും ക്രൈസ്തവരുൾപ്പെടെയുള്ള ഇതര ന്യൂനപക്ഷ വിഭാഗങ്ങളെ അവഹേളിക്കുന്നതുമാണ്. ഇതിനെതിരെ എല്ലാ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങളും സംഘടിച്ചു നീങ്ങും.

സച്ചാർ കമ്മറ്റി പോലെ ക്രൈസ്തവരുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് പഠിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കുവാൻ കമ്മറ്റിയെ നിയമിക്കണമെന്ന് ക്രൈസ്തവ നേതൃത്വം തുടർച്ചയായി ആവശ്യപ്പെട്ടിട്ടും മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ തുടരുന്നത്. ക്രൈസ്തവ സഭകൾക്കുള്ളിലേയ്ക്കും സ്ഥാപനങ്ങളിലേയ്ക്കും ഭീകര തീവ്രവാദപ്രസ്ഥാനങ്ങൾ നുഴഞ്ഞുകയറി അരക്ഷിതാവസ്ഥ സൃഷ്ടിക്കുവാൻ ആസൂത്രിതനീക്കം നടത്തുന്നതും സഭാശുശ്രൂഷകളിലും സേവനമേഖലകളിലും നിരന്തരം വെല്ലുവിളികളുയർത്തുന്നതും അതിജീവിക്കാൻ സംഘടിച്ചു നീങ്ങേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി ദേശീയ നേതൃസമ്മേളനം കർമ്മപരിപാടികൾക്ക് രൂപം നൽകുമെന്ന് വി സി സെബാസ്റ്റ്യൻ പറഞ്ഞു.