പനാജി: ഗോവയിൽ പോർച്ചുഗീസ് ഫുട്‌ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതിമ സ്ഥാപിച്ചു സർക്കാർ. ഗോവയിലെ കാലംഗട്ടിൽ റൊണാൾഡോയുടെ പ്രതിമ സ്ഥാപിച്ചത്. യുവാക്കൾക്ക് പ്രചോദനമാവാനാണ് പ്രതിമ സ്ഥാപിച്ചതെന്ന് ഗോവൻ മന്ത്രി മിഷേൽ ലോബോ പറഞ്ഞു.

'ഇന്ത്യയിൽ ആദ്യമായാണ് ക്രിസ്റ്റ്യാനോയുടെ പ്രതിമ സ്ഥാപിക്കപ്പെടുന്നത്. യുവാക്കൾക്ക് പ്രചോദനമാവാനാണ് ഞങ്ങൾ ഇത് ചെയ്തത്. ഗോവയിലെ ഫുട്ബോളിനെ വളർത്തലാണ് ഞങ്ങളുടെ ലക്ഷ്യം'.മന്ത്രി പറഞ്ഞു.

12 ലക്ഷം രൂപയാണ് പ്രതിമയുടെ നിർമ്മാണച്ചെലവ്. പ്രതിമയുടെ നിർമ്മാണപ്രവർത്തനങ്ങൾ മൂന്ന് വർഷം മുമ്പ് ആരംഭിച്ചതാണെങ്കിലും കോവിഡ് മഹാമാരി മൂലം നിർമ്മാണം ഇടക്കാലത്ത് നിർത്തി വക്കുകയായിരുന്നു.

ഗോവയിൽ ഫുട്‌ബോൾ വളർത്താൻ മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളെ പരിശീലകരായി നിയമിച്ച് കുട്ടികൾക്ക് പരിശീലനം നൽകുമെന്ന് മന്ത്രി പറഞ്ഞു. വലിയൊരു രാജ്യമായിട്ടും ഫുട്ബോളിന്റെ വളർച്ചയിൽ ഇന്ത്യ ഏറെ പിന്നിലാണെന്നും അതിൽ മാറ്റമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.