വാഷിങ്ടൺ: വ്യോമയാനരംഗത്തെ ഇതിഹാസമായിരുന്ന യു.എസ്. പൈലറ്റ് ചക്ക് യെയ്ഗർ അന്തരിച്ചു. 97 വയസ്സായിരുന്നു.ശബ്ദത്തേക്കാൽ വേഗത്തിൽ വിമാനം പറത്തിയ ആദ്യ പൈലറ്റ് എന്ന ബഹുമതി യെയ്ഗറിന്റെ പേരിലാണ്. ഈ നേട്ടം കൊണ്ട് തന്നെ ഏറ്റവും വേഗതകൂടയ മനുഷ്യൻ എന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ഭാര്യ വിക്ടോറിയ യെയ്ഗറാണ് ട്വിറ്ററിലൂടെ മരണവാർത്ത അറിയിച്ചത്. രാത്രി ഒമ്പതുമണിയോടെയായിരുന്നു യെയ്ഗഗറിന്റെ അന്ത്യം.മരണകാരണം വിക്ടോറിയ വ്യക്തമാക്കിയിട്ടില്ല.

അവിശ്വസനീയമായ ഒരു ജീവിതം അതിലും മനോഹരമായി ജീവിച്ച വ്യക്തിയായിരുന്നു യെയ്ഗർ.അമേരിക്കയുടെ എക്കാലത്തേയും മികച്ച പൈലറ്റായ യെയ്ഗറിന്റെ, കരുത്തിന്റെയും സാഹസികതയുടെയും ദേശസ്‌നേഹത്തിന്റെയും പാരമ്പര്യം എക്കാലത്തും ഓർമിക്കപ്പെടുമെന്നും വിക്ടോറിയ മരണക്കുറിപ്പിൽ പറഞ്ഞു. യെയ്ഗറിന്റെ മരണത്തിൽ നിരവധി വിശിഷ്ടവ്യക്തകൾ അനുശോചനം അറിയിച്ചു.

രണ്ടാംലോക മഹായുദ്ധക്കാലത്ത് അമേരിക്കയുടെ യുദ്ധവൈമാനികനായിരുന്ന യെയ്ഗർ. 1941 ലാണ് യെയ്ഗർ സൈന്യത്തിൽ ചേർന്നത്. തുടർന്ന 1947 ൽ റോക്കറ്റ് എഞ്ചിൻ ഘടിപ്പിച്ച ബെൽ എക്സ് വൺ പരീക്ഷണ വിമാനത്തിൽ ശബ്ദവേഗത്തിൽ പറന്ന് ചരിത്രം സൃഷ്ടിക്കുകയായിരുന്നു യെയ്ഗർ. ഇത് അമേരിക്കയുടെ ബഹിരാകാശ ഗവേഷണങ്ങൾക്ക് പുതിയ വഴിയൊരുക്കുകയും ചെയ്തു.തന്റെ നേട്ടം സ്‌പേസ്, സ്റ്റാർ വാർ, സാറ്റലൈറ്റുകൾ എന്ന പുതിയ ലോകത്തിലേക്കാണ് വാതിലാണ് തുറന്നതെന്ന് പിന്നീട് എഎഫ്‌പിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

1923 ഫെബ്രുവരി 13-ന് ദക്ഷിണ വിർജീനിയയിലാണ് യെയ്ഗറിന്റെ ജനനം. 1941-ലാണ് സൈന്യത്തിൽ ചേരുന്നത്. യുഎസ് രണ്ടാം ലോക മഹായുദ്ധത്തിൽ പ്രവേശിക്കുന്നതിന് മൂന്നുമാസങ്ങൾക്ക് മുമ്പ്. ഫ്‌ളൈറ്റ് പരിശീലനത്തിന് മുമ്പായി എയർക്രാഫ്റ്റ് മെക്കാനിക്കായിട്ടാണ് തുടക്കം.1975-ലാണ് വ്യോമസേനയിൽ നിന്ന് അദ്ദേഹം വിരമിക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിലൊന്ന് അദ്ദേഹത്തിന്റെ ആത്മകഥയാണ്. ജീവിതകഥ പറയുന്ന ദി റൈറ്റ് സ്റ്റഫ് എന്ന പുസ്തകം ഏറെക്കാലം ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടംപിടിച്ചിരുന്നു. പുസ്തകത്തിന്റെ ചുവട് പിടിച്ച് 1983-ൽ ഇതേ പേരിൽ സിനിമയും ഇറങ്ങി.ഫിലിപ്പ് കോഫ്മാൻ സംവിധാനം ചെയ്ത ചിത്രത്തിൽ സാം ഷെപ്പേർഡാണ് യെയ്ഗറിനെ അവതരിപ്പിച്ചത്.