തിരുവനന്തപുരം: വിനോദനികുതി മാർച്ച് 31 വരെ ഒഴിവാക്കുന്നതുൾപ്പടെ തിയേറ്റർ ഉടമകൾക്ക് ഗുണകരമായ തീരുമാനങ്ങൾ സർക്കാർ ഭാഗത്ത് നിന്നും ഉണ്ടായതോടെ വീണ്ടും ജീവൻവെക്കാനൊരുങ്ങി കേരളത്തിലെ തിയേറ്ററുകൾ. സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണമില്ലാതെ തമിഴ് സിനിമയ്ക്ക് മാത്രമായി തിയേറ്റർ തുറക്കാനിവിലെന്ന നിലപാട് ഫിയോക് സ്വീകരിച്ചതോടെയാണ് തിയേറ്റർ തുറക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം നീണ്ടത്. ഒടുവിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാവുകയായിരുന്നു.ഇതോടെ ഈ മാസം 13 ന് തന്നെ കേരളത്തിൽ വീണ്ടും സിനിമ പ്രദർശിപ്പിച്ച് തുടങ്ങുമെന്ന കാര്യത്തിൽ തീരുമാനമായി.

രക്ഷകനാവാൻ വീണ്ടും ഇളയദളപതി

കേരളത്തിലെ തിയേറ്ററുകൾക്കുണ്ടായ പല പ്രതിസന്ധിഘട്ടങ്ങളിലും രക്ഷകനായി അവതരിച്ചിട്ടുണ്ട് ഇളയദളപതി.നീണ്ട ഇടവേളക്ക് ശേഷം തുറക്കുന്ന തിയേറ്ററുകൾക്ക് പുതുജീവൻ പകരാൻ അദ്യം എത്തുക ലോകേഷ് കനകരാജിന്റെ വിജയ് ചിത്രം മാസ്റ്റർ തന്നെ. 13 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.തമിഴ്‌നാട് കഴിഞ്ഞാൽ തമിഴ്സിനിമയ്ക്ക് ഏറ്റവും കൂടുതൽ മാർക്കറ്റുള്ള സ്ഥലം എന്ന നിലയ്ക്ക് കേരളത്തിലെ തിയേറ്ററുകളുടെ നിലവിലെ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ മാസ്റ്ററിന് കഴിയുമെന്ന് തീർച്ചയാണ്. തുടക്കത്തിൽ തന്നെ കുടുംബപ്രേക്ഷകർ തിയേറ്ററിലേക്കെത്താൻ സാധ്യതയില്ല എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതുകൊണ്ട് തന്നെ യൂത്തിനെയാവും തുടക്കത്തിൽ ലക്ഷ്യം വെക്കുക. ഇത് ഒരുപരിധിവരെ മാസ്റ്റർ നിറവേറ്റുകയും ചെയ്യും.സെക്കന്റ് ഷോ ഒഴിവാക്കിയിട്ടുണ്ടെങ്കിലും മറ്റ് സമയ നിയന്ത്രണങ്ങൾ മാസ്റ്ററിന്റെ കാര്യത്തിൽ ഇല്ലാത്തതും തിയേറ്ററുകൾക്ക് ഗുണകരമാകും.

മാസ്റ്റർ' എന്ന സിനിമയുടെ കാസർഗോഡ് മുതൽ കൊച്ചി വരെയുള്ള വിതരണം ഏറ്റെടുത്തിട്ടുള്ളത് ഫോർച്യൂൺ സിനിമയാണ്. ആലപ്പുഴ മുതൽ തിരുവനന്തപുരം വരെ മാജിക് ഫ്രെയിംസ് ആണ് എടുത്തിട്ടുള്ളത്. ഈ സിനിമയ്ക്ക് വേണ്ടി കഴിഞ്ഞ ജനുവരിയിൽ ആണ് വൻ തുക ജി എസ് ടി ഉൾപ്പടെ അഡ്വാൻസ് കൊടുത്ത് ഡിസ്ട്രിബൂഷൻ റൈറ്റ് വാങ്ങിയത്. അന്ന് ഏപ്രിലിൽ ആയിരുന്നു റിലീസ് തീയതി പറഞ്ഞിരുന്നത്. അതിനു ശേഷം കൊറോണ വന്നു.'സൂപ്പർ താരം വിജയ് തിയറ്റർ ഉടമകൾക്ക് ഒപ്പം നിന്ന് വളരെ ചലഞ്ചിങ് ആയ ഒരു തീരുമാനമാണ് എടുത്തത്. എന്ത് നഷ്ടം വന്നാലും താൻ അതിനൊപ്പമുണ്ട്, മാസ്റ്റർ തിയറ്ററിൽ തന്നെ റിലീസ് ചെയ്യണം എന്നാണ് അദ്ദേഹം പറഞ്ഞത്. തമിഴിലെയും മലയാളത്തിലേയും മുന്തിയ താരങ്ങളുടെ സിനിമകൾ പോലും ഒടിടി റിലീസിന് പോകുമ്പോഴാണ് വിജയ് ഈ തീരുമാനം എടുത്തത്. വൻ തുകയ്ക്ക് സിനിമ എടുക്കാൻ ആമസോൺ ഇപ്പോഴും തയ്യാറാണ് എന്നുള്ളതാണ് വസ്തുത. തിയറ്റർ ഉടമകളുടെ സംഘടന വിജയ്ക്ക് നന്ദി അറിയിച്ചിരുന്നു.

വിജയ്യുടെ സിനിമ ബിഗിലിന്റെ കേരളത്തിലെ മാത്രം ഗ്രോസ് കളക്ഷൻ ഏകദേശം 30 കോടി രൂപയായിരുന്നു. അത്രയും ഒരു മാസ്സ് ഫാൻ ഫോള്ളോവെഴ്‌സ് വിജയ്ക്ക് കേരളത്തിൽ ഉണ്ട്.

പിന്നാലെയെത്താൻ 80 ചിത്രങ്ങൾ

മാസങ്ങളായി പൂട്ടിക്കിടന്നതോടെ മലയാളത്തിൽ 80 ഓളം ചിത്രങ്ങളാണ് റിലീസിനായി കാത്തിരിക്കുന്നത്. മുൻഗണന ക്രമമനുസരിച്ച് മാസ്റ്ററിന് പിന്നാലെ ചിത്രങ്ങൾ തിയേറ്ററിലെത്തും.ഇതുമായി ബന്ധപ്പെട്ട തീരുമാനം നിർമ്മാതാക്കളുടെ സംഘടനയുടെ യോഗത്തിൽ കൈക്കൊള്ളും.ജയസൂര്യ നായകനാകുന്ന വെള്ളം സിനിമയും തിയറ്റർ റിലീസിനായി തയാറാണെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കിയിരുന്നു.ഇതിന് പുറമേ 30ഓളം സിനിമകളുടെ ഷൂട്ടിങും മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും ഇപ്പോൾ നടന്നുവരുന്നുമുണ്ട്. 28 പുതിയ സിനിമകളുടെ ചിത്രീകരണം പ്രാരംഭഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു.

ചെറിയ ചിത്രങ്ങൾക്കൊപ്പം തന്നെ മുൻനിര താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങളും പട്ടികയിലുണ്ട്. മോഹൻലാലിന്റെ മരയ്ക്കാർ, മമ്മൂട്ടിയുടെ വൺ, പ്രീസ്റ്റ്, ഫഹദ് ഫാസിലിന്റെ മാലിക്, ദുൽഖർ സൽമാന്റെ കുറുപ്പ്, കുഞ്ചാക്കോ ബോബന്റെ നായാട്ട് തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടും. ഏതായാലും, തിയേറ്ററുകൾ തുറക്കുമെന്ന പ്രഖ്യാപനം മലയാള സിനിമാ വ്യവസായത്തിന് പുത്തനുണർവ് ഉണ്ടാക്കുമെന്ന് ഉറപ്പാണ്. വീടുകളിൽ തളയ്ക്കപ്പെടാൻ ആഗ്രഹിക്കുന്നവരല്ല ചലച്ചിത്ര ആസ്വാദകരെന്നും അതിനാൽ പതിയെ പതിയെ അഭ്രപാളിയിലെ ദൃശ്യാനുഭവത്തിനായി പ്രേക്ഷകർ എത്തുമെന്നുമാണ് സിനിമാ രംഗത്തെ പ്രമുഖർ ചൂണ്ടിക്കാട്ടുന്നത്. നീണ്ട ഒൻപത് മാസങ്ങൾക്കു ശേഷമാകും കേരളത്തിലെ തിയറ്ററുകളിൽ സിനിമ റിലീസിനെത്തുന്നത്.

സജീവമായി ഒ ടി ടി യും

തിയേറ്ററുകൾ തുറന്നാലും ഒടിടി പ്ലാറ്റ് ഫോമുകൾ വെല്ലുവിളിയാകുമോയെന്ന ആശങ്ക തിയേറ്റർ ഉടമകൾക്കുണ്ട്. ആമസോൺ പ്രൈം പോലുള്ള പ്ലാറ്റ്‌ഫോമുകൾ മലയാള സിനിമയ്ക്കായി പ്രത്യേകം ഇടം ആരംഭിക്കുമ്പോൾ ഇവ തിയേറ്റർ വ്യവസായത്തിന് ഉണ്ടാക്കുന്ന വെല്ലുവിളി ചെറുതല്ല. ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2, സുരാജ് വെഞ്ഞാറമൂടിന്റെ പുതിയ ചിത്രം ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ തുടങ്ങിയവ ഇതിനോടകം ഒ ടി ടി സ്വന്തമാക്കി കഴിഞ്ഞു. കുടുംബ പ്രേക്ഷകർ തിയേറ്ററിലേക്ക് എത്തും എന്ന് ഉറപ്പുള്ള ചിത്രങ്ങളാണ് ഇവയൊക്കെ തന്നെയും

.

ഇതിനു പുറമെ ചെറുകിട ചിത്രങ്ങൾ ഇനി ഒടിടിയെ ആശ്രയിക്കും എന്ന് കരുതുന്നവരും കുറവല്ല.ഇതിനെ സിനിമാ മേഖല എങ്ങനെയാകും നേരിടുക എന്നതാണ് ഇനിയുള്ള ആകാംക്ഷ.

അതേസമയം, പ്രേക്ഷകന് തിയേറ്റർ നൽകുന്ന അനുഭവം മറ്റൊരു സാങ്കേതിക സംവിധാനത്തിനും പുനരാവിഷ്‌കരിക്കാൻ കഴിയില്ലെന്നത് സത്യമാണ്. ശബ്ദവും വെളിച്ചവും സ്ഥലവും ചേർന്ന് സൃഷ്ടിക്കുന്ന ഒരു അനുഭവമാണത്. ഒടിടി പ്ലാറ്റ് ഫോമുകളെ അതിജീവിക്കാൻ സിനിമ കൊട്ടകകൾക്ക് കഴിയുമെന്ന് വിശ്വസിക്കുന്നതും ഇതുകൊണ്ടാണ്.

വാക്സീൻ എത്തിക്കഴിഞ്ഞ് നിയന്ത്രണങ്ങൾ ഒക്കെ ഓർമ്മയാകുമ്പോൾ പുതിയ ചിത്രങ്ങളുമായി തിയേറ്ററുകൾ സജീവമാകുമ്പോൾ വിസിലടിക്കുകയും ആരവം മുഴക്കുകയും ചെയ്യുന്ന പ്രേക്ഷകരാൽ തിയേറ്ററുകൾ പഴയ പ്രതാപം വീണ്ടെടുക്കുമെന്ന് തന്നെ പ്രത്യാശിക്കാം.