കൊച്ചി: ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അർച്ചന സുശീലൻ. സീരിയലുകളിലെ നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസിൽ ഇടം പിടിച്ച നടി. ഇപ്പോഴിതാ ജീവിതത്തിൽ പുതിയ അതിഥിയെ വരവേറ്റിരിക്കുകയാണ് അർച്ചന. താൻ അമ്മയായ സന്തോഷം നടി ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചു.

ആൺകുഞ്ഞാണ് അർച്ചനയ്ക്കും ഭർത്താവ് പ്രവീണിനും പിറന്നത്. ഡിസംബർ 28ന് ഞങ്ങൾക്ക് ഒരു ആൺകുഞ്ഞ് പിറന്നു എന്നാണ് കുഞ്ഞ് പിറന്ന സന്തോഷം അറിയിച്ച് അർച്ചന കുറിച്ചത്. ഭർത്താവ് പ്രവീൺ നായർക്കൊപ്പം നിറവയറോടെ നിൽക്കുന്ന ചിത്രം പങ്കിട്ടാണ് അമ്മയാകാൻ പോകുന്ന സന്തോഷം അർച്ചന നേരത്തെ പോസ്റ്റ് ചെയ്തത്.

സീരിയൽ-സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് താരത്തിന് ആശംസ നേർന്നത്. 2021ലായിരുന്നു അർച്ചനയുടേയും പ്രവീണിന്റേയും വിവാഹം. യുഎസിൽ നടന്ന ലളിതമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. അർച്ചനയുടെ രണ്ടാം വിവാഹമാണിത്. 2014ൽ മനോജ് യാദവുമായിട്ടായിരുന്നു ആദ്യ വിവാഹം.