ചെന്നൈ: സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്ന് വിലയിരുത്തുന്ന കങ്കുവാ ആദ്യ ഗ്ലിംപ്‌സ് എത്തി. രണ്ട് മിനിറ്റ് 21 സെക്കൻഡ് ദൈർഘ്യമുള്ള ഗ്ലിമ്പ്‌സാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലുള്ള സൂര്യയെ വീഡിയോയിൽ കാണാം. ഹോളിവുഡ് സിനിമകളുടെ മികവോടെ ഒരുക്കിയ മേക്കിങ് വിഷ്വലുകളിൽ കാണാം. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു വീഡിയോ റിലീസ് ചെയ്തത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 'ഓരോ മുറിവിനും ഓരോ കഥ, രാജാവ് വരുന്നു' എന്നായിരുന്നു പോസ്റ്റർ പങ്കുവെച്ച് ചിത്രത്തിന്റെ നിർമ്മാതാക്കളായ സ്റ്റുഡിയോ ഗ്രീൻ കുറിച്ചത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം തമിഴിന് പുറമെ മലയാളി ഹിന്ദി, തെലുങ്ക് തുടങ്ങിയ പത്ത് ഭാഷകളിലും മൊഴിമാറ്റം ചെയ്താണ് റിലീസ് ചെയ്യുക.

ശിവ സംവിധാനം ചെയ്യുന്ന കങ്കുവ പിരീഡ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ്. അജിത്തിനെ നായകനാക്കി വീരവും വിശ്വീസവുമൊക്കെ ഒരുക്കിയിട്ടുള്ള ശിവ കരിയറിലെ ഏറ്റവും ശ്രദ്ധേയ ചിത്രവുമായാണ് എത്തുന്നത്.

ദിഷ പഠാനി നായികയാവുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വെട്രി പളനിസാമിയാണ്. സംഗീതം ദേവി ശ്രീ പ്രസാദ്, എഡിറ്റിങ് നിഷാദ് യൂസഫ്, കലാസംവിധാനം മിലൻ, ആക്ഷൻ സുപ്രീം സുന്ദർ, സംഭാഷണം മദൻ കാർക്കി, രചന ആദി നാരായണ, വരികൾ വിവേക, മദൻ കാർക്കി, ചീഫ് കോഡയറക്ടർ ആർ രാജശേഖർ.