കൊച്ചി: 2023ൽ ഏറ്റവും കൂടുതൽ ബോക്‌സ് ഓഫീസ് കലക്ഷൻ നേടിയ സിനിമകളിൽ രണ്ടെണ്ണമാണ് വിജയ് നായകനായ ലിയോയും മലയാളത്തിലെ രോമാഞ്ചവും. ഭൂരിഭാഗം ആളുകളും ഈ രണ്ട് സിനിമകളുടെയും ആരാധകരാണ്. രോമാഞ്ചം ഫെബ്രുവരി ആദ്യമാണ് തിയേറ്ററുകളിൽ എത്തിയത്. അർജുൻ അശോകൻ,സൗബിൻ ഷാഹിർ തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചെയ്ത സിനിമ വലിയ കൊട്ടിഘോഷങ്ങളോ പ്രമോഷനോ ഇല്ലാതെയാണ് തിയേറ്ററുകളിലേക്ക് എത്തിയത്. എന്നാൽ മൗത്ത് പബ്ലിസിറ്റി രോമഞ്ചത്തിന് വളരെ കൂടുതലായിരുന്നു. ഈ ചിത്രം വലിയ വിജമായി മാറുകയും ചെയ്തു.

അതേസമയം പ്രഖ്യാപനം മുതൽ വൻ ഹൈപ്പ് ഉണ്ടായിരുന്ന സിനിമയാണ് ലിയോ. ലോകേഷ് കനഗരാജ്-വിജയ് കൂട്ടുകെട്ടിൽ എത്തുന്ന സിനിമ എന്നത് തന്നെയായിരുന്നു ലിയോ കാണാൻ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിച്ച പ്രധാന ഘടകം. ലിയോ തമിഴിൽ മാത്രമല്ല മലയാളം അടക്കമുള്ള ഭാഷകളിൽ മൊഴിമാറ്റി എത്തിയിരുന്നു.

ഇപ്പോഴിതാ ലിയോ, രോമാഞ്ചം എന്നീ സിനിമകളെ കുറിച്ച് നിർമ്മാതാവും നടനുമായ സുരേഷ് കുമാർ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. രോമാഞ്ചം സിനിമ രസകരമായി തോന്നിയില്ലെന്നും ചിരിയും വന്നില്ലെന്നും ലിയോ കണ്ടിട്ട് തനിക്ക് ഒന്നും തോന്നിയില്ലെന്നുമാണ് സുരേഷ് കുമാർ പറഞ്ഞത്. ജനപ്രിയമായ സിനിമയായിരുന്നു രണ്ടും എന്നതുകൊണ്ട് തന്നെ സിനിമാ പ്രേമികൾക്കിടയിൽ സുരേഷ് കുമാറിന്റെ വാക്കുകൾ ചർച്ചയായി. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്മൃതി സന്ധ്യയിൽ എൺപതുകളിലെ മലയാള സിനിമ എന്ന വിഷയത്തിൽ സംസാരിക്കവെയാണ് സുരേഷ് കുമാർ ഇക്കാര്യങ്ങൾ പറഞ്ഞത്.

'രോമാഞ്ചം ഞാൻ പോയി കണ്ടാൽ എനിക്ക് അത്ര രസകരമായി തോന്നില്ല. നിങ്ങൾ പോയിരുന്ന് ചിരിക്കുന്നുണ്ട്. ആ പടം കണ്ടിട്ട് സത്യത്തിൽ എനിക്ക് ചിരി വന്നില്ല. ആ പടം മോശമാണ് എന്നല്ല ഞാൻ പറയുന്നത്. എനിക്കത് അത്ര ആസ്വദിക്കാൻ പറ്റിയില്ല. നിങ്ങൾക്ക് അത് ആസ്വദിക്കാൻ പറ്റുന്നുണ്ടായിരിക്കും.'

'നിങ്ങളുടെയൊക്കെ മൈൻഡ് സെറ്റ് മാറി എന്നുള്ളതാണ് അതിന്റെ അർഥം. ഞാനൊരു പഴയ ആളാണ്. ഇപ്പോൾ കഥ കേൾക്കാൻ എനിക്ക് ആശയക്കുഴപ്പമാണ്. ആരെങ്കിലും ഇപ്പോൾ കഥ പറയാൻ എന്റടുത്ത് വന്നാൽ ഞാൻ എന്റെ മകളുടെ അടുത്ത് പറയും നീ ഒന്ന് കേട്ട് നോക്കൂവെന്ന്. ഞാൻ വിലയിരുത്തുന്നത് തെറ്റാണോയെന്ന് എനിക്കറിയില്ല.'

'അതുകൊണ്ടാണ് ഒരു മാറ്റം വേണമെന്ന് വിചാരിക്കുന്നത്. ലോകേഷിനെയൊക്കെ പോലെ പ്രഗത്ഭരായ സംവിധായകർ ഇവിടെയുമുണ്ട്. തമിഴ് സിനിമയ്ക്ക് ഇവിടെ വലിയൊരു പ്രേക്ഷകരുണ്ട്. ലിയോ എന്ന സിനിമ കണ്ടിട്ട് എനിക്ക് ഒന്നും തോന്നിയില്ല. അതിൽ ക്ലൈമാക്സിലെ ഫൈറ്റിൽ 200 പേരെ ഒരാൾ ഇടിച്ചിടുന്നുണ്ട്. അത്തരം സൂപ്പർ ഹ്യൂമനായിട്ടുള്ള ആളുകളുണ്ടോ.'

'പക്ഷെ അതാണ് എല്ലാവർക്കും ഇഷ്ടമെന്നാണ് കയ്യടി കണ്ടിട്ട് എനിക്ക് മനസിലായത്. നമുക്കൊന്നും അത് ദഹിക്കില്ല എന്നാണ് ഞാൻ പറഞ്ഞത്. നമ്മൾ തമ്മിൽ തലമുറകളുടെ ഒരു വ്യത്യാസം വരുന്നുണ്ട്', എന്നാണ് സുരേഷ് കുമാർ രോമാഞ്ചത്തെയും ലിയോയെയും കുറിച്ച് സംസാരിക്കവെ പറഞ്ഞത്.