കോഴിക്കോട്: കേരളം പുറം തരിഞ്ഞുനിന്നെങ്കിലും, ഉത്തരേന്ത്യയിൽനിന്ന് നേടിയ വമ്പൻ കലക്ഷന്റെ പശ്ചാത്തലത്തിൽ ദ കേരളാ സ്റ്റോറി സിനിമ ചരിത്രം കുറിക്കുന്നു. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറഞ്ഞ് വെറും അഞ്ചു ദിവസം കൊണ്ടാണ് ചിത്രം 50 കോടി ക്ലബിൽ എത്തിയത്. മെയ് 5-ന് റിലീസ് ചെയ്ത ചിത്രം ഇതുവരെ 56 കോടി നേടിയതായി, ട്രേഡ് അനലിസ്റ്റുകൾ വിലയരുത്തി. റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ 'ദി കേരള സ്റ്റോറി' ഇതുവരെ നേടിയത് 56.72 കോടി രൂപയാണെന്നാണ് സാക് നിക് എന്ന ബോളിവുഡ് ട്രേഡ് അനലിസ്റ്റ് വിലയിരുത്തുന്നത്.

ചൊവ്വാഴ്ച മാത്രം സിനിമ 11.4 കോടി രൂപയാണ് കളക്റ്റ് ചെയ്തതെന്ന് ബോളിവുഡ് അനലിസ്റ്റായ തരൺ ആദർശ് പറയുന്നു. തിങ്കളാഴ്ചത്തേതിനേക്കാൾ 1.07 കോടി അധികമാണ് ചൊവ്വാഴ്ചത്തെ വരുമാനം. ആകെ 56.86 കോടി രൂപ നേടിയെന്നാണ് തരൺ ആദർശ് പറയുന്നത്. ഈ വിജയത്തെതുടർന്ന് ചിത്രം ആഗോള റിലീസിന് ഒരുങ്ങുകയാണ്. 37 രാജ്യങ്ങളിൽ മെയ് 12-ന് ചിത്രം റിലീസ് ചെയ്യുന്നുണ്ടെന്ന് നായിക ആദാ ശർമ വ്യക്തമാക്കി.

ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഉത്താരാഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ചിത്രം ടാക്സ് ഫ്രീ ആക്കിയിരിക്കയാണ്. നികുതി ഇളവ് നൽകിയതിനാൽ കൂടുതൽ പ്രേക്ഷകർ എത്തുന്നുണ്ട്. കേന്ദ്രമന്തിമാരും ബിജെപി നേതാക്കളും സിനിമ കാണാൻ തിയറ്ററിൽ എത്തുന്നതും സിനിമയ്ക്ക് വൻ പ്രചാരണമാണ് കൊടുക്കുന്നത്.

ബംഗാളിൽ നിരോധനം

അതിനിടെ ചിത്രം ബംഗാളിൽ നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് മുഖ്യമന്ത്രി മമത ബാനർജി ചിത്രം നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് ചിത്രം പ്രദർശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചു. സംസ്ഥാനത്തെ ഒരു തീയേറ്ററിലും കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നില്ലെന്ന കാര്യം ഉറപ്പാക്കണമെന്നും മമത നിർദ്ദേശം നൽകി.

ബംഗാളിൽ സമാധാനം നിലനിർത്താനും വിദ്വേഷ ആക്രമണങ്ങളും കുറ്റകൃത്യങ്ങളും തടയാനാണ് നിരോധനമെന്ന് മമത ബാനർജി അറിയിച്ചു. 'ഒരുവിഭാഗത്തെ അപമാനിക്കാനാണ് അവർ കശ്മീർ ഫയൽസ് എന്ന ചിത്രം നിർമ്മിച്ചത്. അവരിപ്പോൾ കേരളത്തേയും അധിക്ഷേപിക്കുകയാണ്. വളച്ചൊടിക്കപ്പെട്ട കഥയാണ് കേരള സ്റ്റോറിയുടേതെന്നും മമത ആരോപിച്ചു. ഹൗസ് ഫുള്ളായി പ്രദർശനം നടക്കുന്ന തിയറ്ററിലേക്ക് പൊലീസിനെ വിട്ട് പ്രദർശനം തടയുകയാണ് മുഖ്യമന്ത്രി മമത ബാനർജി ചെയ്തത്. ഇതിനെതിരെ സുപ്രീംകോടതിയിൽ സംവിധായകൻ സുദീപ്തോ സെൻ പരാതി നൽകിയിട്ടുണ്ട്. മമതയുടെ നടപടിക്കെതിരെ ചലച്ചിത്ര പ്രവർത്തകരിൽനിന്നും വൻ പ്രതിഷേധം ഉയരുന്നുണ്ട്.

സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിച്ച ഒരു സിനിമ നിരോധിക്കാൻ ആർക്കും കഴിയില്ലെന്ന് നടി ശബാന ആസ്മി പറയുന്നു.കേരള സ്റ്റോറി സിനിമയുടെ പ്രദർശനം നിരോധിച്ച പശ്ചിമബംഗാൾ സർക്കാറിന്റെ നിലപാടിനെതിരേ സംവിധായകൻ അനുരാഗ് കശ്യപും രംഗത്ത് എത്തി. ഒരു സിനിമയുടെ ഉള്ളടക്കത്തോട് യോജിപ്പില്ലെങ്കിലും അത് നിരോധിക്കുന്നത് തെറ്റാണെന്ന് അനുരാഗ് ട്വിറ്ററിൽ കുറിച്ചു.ഒരു സിനിമയോട് യോജിപ്പോ വിയോജിപ്പോ ഉണ്ടായിക്കോട്ടെ. അത് പ്രൊപ്പഗണ്ടയോ, നിന്ദ്യമോ ആകട്ടെ. എന്നാൽ അതിനെ നിരോധിക്കുന്നത് തെറ്റാണെന്ന് സംവിധായകൻ വ്യക്തമാക്കി.

തമിഴ്‌നാട്ടിലും പിൻവലിച്ചു

നേരത്തേ തമിഴ്‌നാട്ടിലും മൾട്ടിപ്ലെക്സുകളടക്കം ചിത്രത്തിന്റെ പ്രദർശനം അവസാനിപ്പിച്ചിരുന്നു. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിനും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ തിയേറ്ററിൽ ആളുകുറയുന്നത് പരിഗണിച്ചുമായിരുന്നു് നടപടി. ആദ്യദിവസം നിറഞ്ഞ സദസ്സിലായിരുന്നു പ്രദർശനമെങ്കിലും രണ്ടാംദിവസത്തോടെ കാണികൾ കുറഞ്ഞു. സംഘർഷസാധ്യത കാരണം ഈ ചിത്രം പ്രദർശിപ്പിക്കുന്ന മൾട്ടിപ്ലക്സുകളിൽ മറ്റുചിത്രങ്ങൾക്കും ആളുകുറയാൻ തുടങ്ങി. ക്രമസമാധാനപ്രശ്നം പരിഗണിച്ച് പ്രദർശനം ഞായറാഴ്ചത്തോടെ അവസാനിപ്പിക്കുകയാണെന്ന് തമിഴ്‌നാട് മൾട്ടിപ്ലക്സ് അസോസിയേഷൻ അറിയിക്കുകയായിരുന്നു. കേരളത്തിലും സമാനമായ അവസ്ഥയായിരുന്നു. പിവിആർ അടക്കം പ്രമുഖ തീയേറ്റർ ഗ്രൂപ്പുകൾ ഒന്നും കേരളാ സ്റ്റോറി പ്രദർശിപ്പിക്കാൻ തയ്യാറായില്ല.

കേരളത്തിൽനിന്ന് ഐഎസിലേക്ക് പോയ യുവതികളുടെ കഥ പറയുന്ന ചിത്രം വൻ വവിവാദമാണ് ഇന്ത്യയൊട്ടാകെ സൃഷ്ടിച്ചത്. സിപിഎം, കോൺഗ്രസ്, അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം, മുസ്ലിം ലീഗും, തൃണമൂൽ കോൺഗ്രസുമൊക്കെ ചിത്രം ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്തിട്ടും ചിത്രം മുന്നേറുകയാണ്. കേരളത്തിൽ നിന്ന് കാണാതായ സ്ത്രീകളെ മതപരിവർത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കേരളത്തെ അപകീർത്തിപ്പെടുത്തുന്നു എന്നും ശക്തമായ പ്രചാരണം നടക്കുന്നു. തീവ്രവാദ സംഘടനകളുടെ പ്രവർത്തനത്തെ തുറന്നു കാണിക്കുന്ന ചിത്രം എങ്ങനെ കേരളത്തെ അപമാനിക്കുന്നതാവും എന്ന മറുചോദ്യവും ഉയരുന്നുണ്ട്. കേരളസ്റ്റോറി സത്യമാണെന്ന് മനസ്സിലാക്കാൻ ഗൂഗിളിൽ ഐഎസ്ഐഎസ് എന്നും ബ്രൈഡ്സ് എന്നും സെർച്ച് ചെയ്താൽ അറിയാമെന്ന് നായികയായി സിനിമയിൽ വേഷമിട്ട ആദാ ശർമ്മ പറയുന്നു.

സുദീപ്തോ സെൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ആദാ ശർമയാണ് നായിക.വിപുൽ ഷാ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ചിത്രത്തെ പരാമർശിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നായിക ആദാ ശർമ നന്ദി പറഞ്ഞിരുന്നു. സിനിമാ കാണാത്തവരാണ് ചിത്രത്തെ എതിർക്കുന്നതെന്ന് നിർമ്മാതാവ് വ്യക്തമാക്കിയിരുന്നു. കേരളത്തിൽ നിന്ന കാണാതായ സ്ത്രീകളെ മതപരിവർത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവർത്തനത്തിനുള്ള ഉപകരങ്ങളാക്കി മാറ്റുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.