ചെന്നൈ: അന്തരിച്ച നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിനെ അവസാനമായി കാണാനെത്തി വിജയ്. വ്യാഴാഴ്ച രാത്രി ഡിഎംഡികെ പാർട്ടി ആസ്ഥാനത്തെത്തിയാണ് താരം തന്റെ പ്രിയതാരത്തെ കണ്ടത്. വിജയകാന്തിന്റെ വിയോഗത്തിൽ നെഞ്ചുതകർന്നു നിൽക്കുന്ന വിജയ്യെ ആണ് വിഡിയോയിൽ കാണുന്നത്. അതിവൈകാരികമായിരുന്നു വിജയ്.

ക്യാപ്റ്റന്റെ ചലനമറ്റ ശരീരം കണ്ട് കണ്ണീരണിയുന്ന വിജയ്യുടെ വിഡിയോയും പുറത്തുവന്നു. ഭാര്യ പ്രേമലത ഉൾപ്പെടെയുള്ള കുടുംബാംഗങ്ങങ്ങളെ കണ്ട് ആശ്വസിപ്പിക്കുകയും ചെയ്തു. വിജയകാന്തുമായി അടുത്ത ബന്ധമാണ് വിജയ്ക്കുണ്ടായിരുന്നത്. താരത്തിന്റെ അച്ഛൻ എസ്എ ചന്ദ്രശേഖറുമായി അടുത്ത ബന്ധമുണ്ടായിരുന്ന ക്യാപ്റ്റൻ വിജയ്യുടെ സിനിമയിലേക്കുള്ള വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. 1992-ൽ നായകനായി വിജയ് അരങ്ങേറ്റം കുറിച്ച 'നാളെയെ തീർപ്പ്' എന്ന ചിത്രം പരാജയമായിരുന്നു. അച്ഛന് എസ്എ ചന്ദ്രശേഖർ തന്നെയാണ് ചിത്രം നിർമ്മിച്ച് സംവിധാനം ചെയ്തത്.

അതോടെ അക്കാലത്തെ സൂപ്പർതാരമായിരുന്ന വിജയകാന്തിനെ ചന്ദ്രശേഖർ സമീപിച്ചു. വിജയ് നായകനാകുന്ന ചിത്രത്തിൽ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടു. തനിക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകന്റെ വാക്കുകൾ വിജയകാന്ത് തള്ളിയില്ല. അങ്ങനെ ഇരുവരുമൊന്നിച്ച 'സെന്ധൂരപാണ്ടി' എന്ന സിനിമ വലിയ വിജയമായി. തന്റെ സിനിമാ ജീവിതത്തിൽ വളരെ പ്രാധാന്യമുള്ള വ്യക്തിയാണ് വിജയകാന്ത് എന്ന് വിജയ് മുൻപൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെയാണ് ക്യാപ്റ്റൻ വിജയകാന്ത് വിടപറയുന്നത്. ഏറെ നാളായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലാണ്. തമിഴിലെ നിരവധി താരങ്ങളാണ് വിജയകാന്തിന് അന്ത്യാജ്ഞലി അർപ്പിക്കാനെത്തിയത്. ഇന്ന് വൈകിട്ടാണ് സംസ്‌കാരം നടത്തുക.