തിരുവനന്തപുരം: മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ ഒരുക്കിയ ദേവദൂതന്‍ 24 വര്‍ഷത്തിനു ശേഷം വീണ്ടും തിയറ്ററിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ റീ മാസ്റ്റേഡ് വേര്‍ഷനാണ് ഇന്ന് തിയറ്ററിലേക്ക് എത്തിയത്.ചിത്രം വീണ്ടുമെത്തുമ്പോള്‍തന്റെ പ്രതീക്ഷകള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കുകയാണ് സംവിധായകന്‍ സിബി മലയില്‍.

ഞങ്ങള്‍ അന്ന് മെനഞ്ഞെടുത്ത സ്വപ്നചിത്രം ഇന്ന് നിങ്ങള്‍ക്ക് വീണ്ടും തരുകയാണ്. തള്ളാനും കൊള്ളാനും ഉള്ള അവകാശം നിങ്ങള്‍ക്കാണ്.പരാതികളില്ല പരിഭവങ്ങളില്ല സ്നേഹം മാത്രം എന്നാണ് സിബി മലയില്‍ കുറിച്ചത്.24 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദേവദൂതന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് പകര്‍ത്തിയ മോഹന്‍ലാലിനൊപ്പമുള്ള ചിത്രവും അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവച്ചു. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകളുമായി എത്തുന്നത്.

സിബി മലയിലിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

എന്റെ വായനാ മുറിയിലെ ചുവരില്‍ തൂങ്ങുന്ന ഈ ചിത്രത്തിന് ഇരുപത്തിനാലു വര്‍ഷത്തിന്റെ ചെറുപ്പമുണ്ട് . ദേവദൂതന്റെ ചിത്രീകരണത്തിന്റെ ആദ്യ നാളുകളില്‍ നീലഗിരിയിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് പകര്‍ത്തിയ സ്നേഹചിത്രം .(പലേരിയെ ഈ കൂട്ടത്തില്‍ കാണാത്തതില്‍ കുണ്ഠിതപ്പെടേണ്ട ,അവന്‍ 'ആര്‍ക്കോ ആരോടോ പറയാനുള്ള' വാക്കുകളെ വീണ്ടും വീണ്ടും രാകി മിനുക്കിക്കൊണ്ടു ഹോട്ടല്‍ മുറിയിലുണ്ട് )

കാലം ഞങ്ങള്‍ മൂവരിലും വരുത്തിയ രൂപപരിണാമങ്ങള്‍ ഒട്ടും തന്നെ ബാധിക്കാതെ, ഞങ്ങള്‍ അന്ന് മെനഞ്ഞെടുത്ത സ്വപ്നചിത്രം ഇന്ന് നിങ്ങള്‍ക്ക് വീണ്ടും തരുകയാണ് ... തള്ളാനും കൊള്ളാനും ഉള്ള അവകാശം നിങ്ങള്‍ക്കാണ് ... പരാതികളില്ല പരിഭവങ്ങളില്ല ,സ്നേഹം ,സ്നേഹം മാത്രം .

ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി തിയേറ്ററുകളിലാണ് ചിത്രമെത്തുന്നത്.വിദ്യാസാഗറിന്റെ മാജിക്കല്‍ മ്യൂസിക്ക് പുതിയ ക്വാളിറ്റിയില്‍ ആസ്വദിക്കാമെന്നതും ചിത്രത്തിന്റെ ര്ണ്ടാം വരവിനെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാക്കുന്നുണ്ട്.