തിരുവനന്തപുരം: ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഒരു ഹൊറര്‍ ത്രില്ലറുമായി എത്തുകയാണ് ഷാജി കൈലാസ്.തന്റെ പതിവ് രീതികളില്‍ നിന്ന് മാറി സഞ്ചരിച്ചാണ് സംവിധായകന്‍ ഹണ്ട് എന്ന ചിത്രമൊരുക്കിയത്. മലയാളത്തിലെ ഏറ്റവും പുതിയ തലമുറക്കാരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ നിര തന്നെ ഈ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. രാഹുല്‍ മാധവ്, ഡെയ്ന്‍ ഡേവിഡ്, അജ്മല്‍ അമീര്‍, അനു മോഹന്‍, ചന്തുനാഥ് എന്നിവരാണ് ഇവരിലെ പ്രധാനികള്‍.

ഡോ. കീര്‍ത്തി എന്നാണ് ഭാവനയുടെ കഥാപാത്രത്തിന്റെ പേര്. ഹൗസ് സര്‍ജന്‍സി കഴിഞ്ഞ് സര്‍വ്വീസില്‍ പ്രവേശിക്കുന്നവരില്‍ സീനിയറാണ് ഡോ. കീര്‍ത്തി. അവരുടെ മുന്നിലെത്തുന്ന ഒരു കൊലപാതക കേസ് ആണ് ഈ ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ട് നയിക്കുന്നത്.ഹൊററും ആക്ഷനും ക്രൈമും എല്ലാം കൂട്ടിച്ചേര്‍ത്ത് ഒരു ക്ലീന്‍ എന്റര്‍ടൈനറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. പാലക്കാട് ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. അതിഥി രവി, രണ്‍ജി പണിക്കര്‍ എന്നിവര്‍ ഈ ചിത്രത്തിലെ മറ്റു രണ്ട് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നന്ദു വിജയകുമാര്‍, ബിജു പപ്പന്‍, കോട്ടയം നസീര്‍, ജി സുരേഷ് കുമാര്‍, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യ നായര്‍, സോനു എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. തിരക്കഥ നിഖില്‍ ആനന്ദ്, ഗാനങ്ങള്‍ സന്തോഷ് വര്‍മ്മ, ഹരിനരായണന്‍, സംഗീതം കൈലാസ് മേനോന്‍, ഛായാഗ്രഹണം ജാക്സണ്‍ ജോണ്‍സണ്‍, എഡിറ്റിംഗ് എ ആര്‍ അഖില്‍, കലാസംവിധാനം ബോബന്‍, കോസ്റ്റ്യൂം ഡിസൈന്‍ ലിജി പ്രേമന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനു സുധാകര്‍.

ജയലഷ്മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്ണന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഓഗസ്റ്റ് 9 ന് ഇ 4 എന്റര്‍ടൈന്‍മെന്റ് പ്രദര്‍ശനത്തിനെത്തിക്കുന്നു. പിആര്‍ഒ വാഴൂര്‍ ജോസ്, ഫോട്ടോ ഹരി തിരുമല.