ടൈറ്റിൽ ഡിസൈനിങ്ങിൽ തുടങ്ങി എഡിറ്റിങ്ങിൽ വരെ അടിമുടി വ്യത്യസ്തതകൾ തീർക്കുന്ന ഒരു ചിത്രം. ആനന്ദ് ഏകർഷി എന്ന ( ഏകർഷിയെന്ന പേരും ആദ്യമായിട്ട് കേൾക്കയാണ്) നവാഗത സംവിധായകന്റെ, 12 പുരുഷന്മാരും ഒരു സ്ത്രീയുമുള്ള ഒരു നാടക അരങ്ങിലുടെ സഞ്ചരിക്കുന്ന 'ആട്ടം' എന്ന സിനിമ തീർന്നപ്പോൾ അറിയാതെ ഇരുകൈകളും കൂട്ടിയടിച്ചുപോയി. ഈർച്ചവാൾ ചേർച്ചയുള്ള കഥാപാത്രങ്ങൾ, ഒരു ത്രില്ലർ പോലെ ആസ്വദിക്കാവുന്ന ഒരു സെക്കൻഡ് പോലും ലാഗടിക്കാത്ത കുറ്റമറ്റ സംവിധാനം, അതിഗംഭീരമായ ശബ്ദവിനാസം... ഇതിനൊക്കെ ഉപരിയായി കൃത്യമായ ഒരു പൊളിറ്റിക്കൽ പ്ലോട്ടും ചിത്രത്തിനുണ്ട്. മറ്റൊരു രീതിയിൽ പറഞ്ഞാൽ സമകാലീന കേരളത്തിന്റെ ഒരു പരിച്ഛേദമാണ് ആട്ടത്തിലെ 12 പരുഷന്മാരും.

മലയാളത്തിലെ ഏക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളിലൊന്നായി വിശേഷിക്കപ്പെടുന്ന, കെ ജി ജോർജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത യവനികക്കുശേഷം തീയേറ്റർ എന്ന സങ്കേതത്തെ ഇത്ര നന്നായി ഉപയോഗപ്പെടുത്തിയ ചലച്ചിത്രം വേറെ കണ്ടിട്ടില്ല. ഡയലോഗുകളാൽ പ്രധാനമാണ് സിനിമ. ഒരു റേഡിയോ നാടകം പോലെയും നിങ്ങൾക്ക് ഇത് ആസ്വദിക്കാൻ കഴിയും. മനോഹരമാണ് ചിത്രത്തിന്റെ സൗണ്ട് ട്രാക്കും. സിനിമയിൽ ഒരാളും അഭിനയിക്കുന്നില്ല. യഥാർത്ഥ ജീവിതത്തിൽ നിന്ന് ആരോ ഒരു ഹിഡൻ ക്യാമറ വെച്ച് പകർത്തിയതാണെന്ന് മാത്രമേ തോന്നുകയുള്ളൂ. അത്രക്ക് ഹൃദയഹാരിയും റിയലിസ്റ്റിക്കുമാണ് ഈ ചിത്രം.

12 പുരുഷന്മാരും ഒരു സ്ത്രീയും

ഹരി (സിനിമയിൽ കലാഭവൻ ഷാജോൺ), വിനയ് ( വിനയ് ഫോർട്ട്), അഞ്ജലി (സെറിൻ ശിഹാബ്) എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളും നാടകത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചവരും. ബാക്കിയുള്ളവരിൽ പലരുടേയും പേരുപോലും അറിയില്ല. പക്ഷേ എന്തൊരു സ്വാഭാവികതയാണ്, എന്തൊരു പെർഫെക്ഷനാണ് അവരുടെ കഥാപാത്രങ്ങൾക്ക്.

നാടക ട്രൂപ്പിന്റെ ഒരുക്കവും, കൊച്ചുകൊച്ച് തമാശകളും തർക്കങ്ങളം, അതിഗംഗീരമായ നാടക അവതരണവുക്കെയായാണ് ചിത്രം തുടങ്ങുന്നത്. നാടകത്തിൽ ആകൃഷ്ടരായ വിദേശികളായ ദമ്പതികൾ, തങ്ങളുടെ ഫോർട്ട്കൊച്ചിയിലെ റിസോർട്ടിൽ നാടകസംഘത്തിനു സൗജന്യ താമസം ഓഫർ ചെയ്യുന്നു. ആട്ടവും പാട്ടും മദ്യവുമൊക്കെയായി അരങ്ങിലെ അംഗങ്ങൾ ആ രാവ് ആഘോഷമാക്കി മാറ്റുന്നു. അതോടൊപ്പം അവിടെ ഒരു ഗുരുതര കുറ്റകൃത്യവും നടക്കുന്നു. താൻ ഏറ്റവും സുരക്ഷിതമായ ഇടം എന്ന് കരുതിയിടുന്നിടത്ത്, ഈ 12 പുരുഷന്മാർക്കിടയിലെ ഏക വനിതയായ അഞ്ജലി ലൈംഗികാതിക്രമത്തിന് വിധേയയാവുന്നു. തുറന്നിട്ട ജനലിലുടെ രാത്രി ആരോ അവളെ കയറിപ്പിടിച്ച് ഓടി മറയുന്നു.

അത് ചെയ്തത് ഹരിയാണെന്നാണ് അഞ്ജലിക്ക് സംശയം. അവനെ പുറത്താക്കണമെന്നായി വിനയ്. അഞ്ജലിയും വിനയും പ്രണയത്തിലാണെന്ന് മാത്രമല്ല, തന്റെ നായകവേഷം തട്ടിയെടുത്ത, സിനിമാ നടൻ കൂടിയായ ഹരിയോട് വിനയ്ക്ക് നല്ല ദേഷ്യവുമുണ്ട്. പക്ഷേ ഹരിയുടെ നടൻ എന്ന പ്രശസ്തിയിലാണ് ട്രൂപ്പിന്റെ സാമ്പത്തിക നിലനിൽപ്പ്. ഈ അതിക്രമത്തിന്റെ പേരിൽ ഹരിയെ പുറത്താക്കാൻ വിനയുടെ നിർബന്ധപ്രകാരം, ഹരി ഒഴികെയുള്ള ട്രൂപ്പ് അംഗങ്ങളുടെ യോഗം ഏറ്റവും സീനിയർ അംഗമായ മദൻ വിളിച്ചുചേർക്കുന്നു. അവിടുന്നങ്ങോട്ട് കഥ മാറുകയാണ്. ഒരേ സമയം ഇമോഷണൽ ഡ്രാമയായും, ക്രൈം ത്രില്ലറായും, സോഷ്യൽ സറ്റയറായും ഇത് മാറിമറിയുകയാണ്. അത് കണ്ട് അനുഭവിക്കേണ്ടതുതന്നെയാണ്. സിനിമക്കുള്ളിലെ സിനിമ, എന്നു പറയുന്നതുപോലെ നാടകത്തിനുള്ളിലെ നാടകമായി ഈ ചിത്രം മാറുന്നു.

ആ വിചാരണക്കൊടുവിൽ

ഒരു ലൈംഗികാതിക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ മലയാളികളുടെ പൊതുബോധം എന്തായിരിക്കുമെന്ന് ഈ ചിത്രം കൃത്യമായി കാണിച്ചുതരുന്നുണ്ട്. ഇരയെ അനുകൂലിക്കുന്നവരും, പ്രതികൂലിക്കുന്നവരും, സംശയിക്കുന്നവരും ട്രൂപ്പിലുണ്ട്. കുറ്റവിചാരണ വേളയിൽ ഓരോരുത്തരും അവരവരുടെ വേഷങ്ങൾ മാറി മാറി ആടുന്നു. സാഹചര്യങ്ങൾ മാറുമ്പോൾ ഏറ്റവും ശുദ്ധർ എന്നും നന്മമരങ്ങൾ എന്നും നമ്മൾ കരുതുന്നവർ പോലും എങ്ങനെ മാറുന്നുവെന്ന് ചിത്രം കൃത്യമായി കാണിച്ചുതരുന്നു.

പീഡനത്തിനിരയായ ഒരു സ്ത്രീ ജീവിതത്തിൽ നേരിടുന്ന നിരവധി ചോദ്യങ്ങൾ ഇവിടെയുമുണ്ട്. അവളുടെ ഡ്രസ്സിങ്ങ് ശരിയല്ല, പുരുഷന്മാരോടെപ്പം മദ്യപിച്ചത് എന്തിനാണ്, അയാൾക്ക് അതിന്റെ ആവശ്യമുണ്ടാവുമോ, തെളിവ് എവിടെ, തുടങ്ങിയ നിരവധി ചോദ്യങ്ങൾ. ഇരയോടൊപ്പം എന്ന് പറയുന്നവർ, സാഹചര്യങ്ങൾ മാറുമ്പോൾ വേട്ടക്കാരന് ഒപ്പമാവുന്നു.അവസരവാദം, ആർത്തി, ഭീരുത്വം, യാഥാസ്ഥികത്വം, പാട്രാണൈസിങ്ങ്, തുടങ്ങിയ വിവിധ വിഷയങ്ങൾ എത്ര മനോഹരമായാണ് ചിത്രം സിങ്ക് ചെയ്തത് എന്ന് കാണുക. അവസാനം വിനയുടെ ഇരട്ടത്താപ്പുകണ്ട്, അഞ്ജലിയുടെ ഒരു പൊട്ടിച്ചിരിയുണ്ട്.

ക്ലാസിക്ക് എന്ന് പറയാം. സൗണ്ട് ട്രാക്ക് നിശബ്ദമാക്കിക്കൊണ്ടുള്ള ആ ഒറ്റ ഷോട്ടിലുണ്ട്, സംവിധായകന്റെയും ക്യമാറാമാന്റെയും കൈയൊപ്പ്. മദന്റെ വീട്ടിൽനിന്ന് എല്ലാം തകർന്ന് അവൾ പോകുന്ന സീനിലുമുണ്ട് ക്ലാസ്.

പീഡകൻ ആര് എന്ന ചോദ്യങ്ങൾക്ക് ഒരു അവസാന ഉത്തരം സിനിമയിലില്ല. ആരാണ് പീഡകൻ എന്ന് കാണിക്കയല്ല സിനിമയുടെ ലക്ഷ്യവും. ഈ 12പേരും എനിക്കിനി ഒരുപോലെയാണെന്ന അഞ്ജലിയുടെ നിലപാടിൽ എല്ലാമുണ്ട്.

റിയലിസ്റ്റിക്ക് അഭിനയം

ഈ ചിത്രത്തിൽ ഏറ്റവും, ഗംഭീരമായത് സിനിമയിൽ പുതുമുഖങ്ങളായ ഒരുപാട് നാടക ആർട്ടിസ്റ്റുകളുടെ അഭിനയമാണ്. ഒരു മലയാളി സൗഹൃദ സദസ്സിൽ സിസിടവി ക്യാമറ വെച്ചപോലെ റിയലിസ്റ്റിക്കാണ് ഇവരുടെ രംഗങ്ങൾ. കലാഭവൻ ഷാജോണും, വിനയ്ഫോർട്ടും വെള്ളിത്തിരയിൽ കഴിവു തെളിയിച്ച താരങ്ങളാണ്. പക്ഷേ നാടകത്തിൽനിന്ന് വന്ന മറ്റുള്ളവർ ഒട്ടും നാടകീയതയില്ലാതെ പൊളിക്കയാണ്. ഒരു സംശയവും വേണ്ട ഇവരിൽ പലരും മലയാള സിനിമയിലെ ഭാവി പ്രതീക്ഷകളാണ്. വളരെ കോംപ്ലക്സ് ആയ ഒരു ബന്ധത്തിൽ നിൽക്കുന്ന, പൊതുബോധത്തെ അവഗണിക്കുന്ന, സ്വന്തമായി അഭിപ്രായങ്ങളുള്ള, ശക്തമായ ഒരു സ്ത്രീ കഥാപാത്രമാണ് ചിത്രത്തിൽ നായിക സെറിൻ ശിഹാബ് ചെയ്തിരിക്കുന്നത്. അത് അവൾ ഗംഭീരമാക്കുന്നുണ്ട്.

സിങ്ക് ശബ്ദം ഉപയോഗിച്ചതും നന്നായി. ശബ്ദ വിന്യാസം ഇത്ര മികച്ചുനിൽക്കുന്ന ഒരു പടം അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. ട്രൂപ്പംഗങ്ങൾ സംസാരിച്ചിരിക്കുന്നതിനിടെ ഒരു തേങ്ങ ടെറസിൽ വീഴുന്ന ശബ്ദമുണ്ട്. അതുപോലെ ഇടക്ക് ഇൻവേർട്ടർ കേടായി വരുന്ന ശബ്ദം. ഇതൊക്കെ ചേരുമ്പോഴാണ് ചിത്രത്തിന്റെ മൂഡ് ക്രിയേറ്റ് ചെയ്യപ്പെടുന്നത്.

നാടകത്തിലും വീട്ടിലുമായി ഏറെ സമയം ക്യാമറ ഒതുങ്ങുന്ന ട്രീറ്റ്മെന്റ് ശരിക്കും ഞാണിന്മ്മേൽ കളിയാണ്. ഏത് നിമിഷവും പ്രേക്ഷകന്റെ ശ്രദ്ധ പാളാം. പക്ഷേ അവിടെയാണ് ഒരു സെക്കൻഡ് പോലും ബോറടിപ്പിക്കാതെ ചിത്രം മുന്നോട്ടുപോവുന്നത്. സിനിമ സംവിധായകന്റെ കലയാണെന്നല്ലോ പൊതുവേ പറയുക. തീർച്ചയായും ആനന്ദ് ഏകർഷി എന്ന ഈ അത്യപൂർവപേരുള്ള സംവിധായകൻ മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം പിടിക്കുമെന്ന് ഉറപ്പാണ്.

വാൽക്കഷ്ണം: ഫിലിം ഫെസ്്റ്റിവലുകളിൽ പ്രദർശിപ്പിക്കപ്പെട്ട്, ബുദ്ധിജീവി സിനിമയെന്ന് പേര് വീണുപോയാൽ പിന്നെ, ഒരു സിനിമയുടെ കൊമേർഷ്യൽ സാധ്യത ഇല്ലാതാവുന്നതാണ് സാധാരണ കാണാറുള്ളത്. ( 'നൻപകൽ നേരത്ത് മയക്കം' തീയേറ്ററിൽ എത്തിയാൽ കാണാൻ എത്രപേർ ഉണ്ടാവും എന്ന് ചോദിച്ചത്, സാക്ഷാൽ ചലച്ചിത്ര അക്കാദമി ചെയർമാനാണ്) എന്നാൽ 'ആട്ടം' നിറഞ്ഞ സദസ്സിലാണ്, തീയേറ്ററുകളിൽ പ്രദർശിപ്പിക്കപ്പെടുന്നത്. ഇതും നമ്മുടെ ആസ്വാദന ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ മാറ്റത്തിന്റെ സുചകമാണ്.