ഗ്രാമത്തിൽ ഒരു പഞ്ചായത്ത് ഉപ തെരഞ്ഞെടുപ്പ് നടക്കയാണ്. അപ്പോഴാണ് അറിയുന്നത്, അവിടെ ഇടതുപക്ഷത്തിന്റെ സ്ഥാനാത്ഥിയായ പൗര പ്രമുഖനെതിരെ ഭാര്യ ഡിവോഴ്സ നോട്ടീസ് കൊടുത്തിരിക്കയാണെന്ന്. കാരണമാവട്ടെ അയാൾക്ക് ആൺസുഹൃത്തുമായി ലൈംഗികബന്ധമുണ്ടെന്നതും! മലയാള സിനിമ നാളിതുവരെ പറഞ്ഞിട്ടില്ലാത്ത, ഞെട്ടിക്കുന്ന ഒരു കഥയുമായിട്ടാണ്, പോൾസൺ സ്‌കറിയ-ആദർശ് സുകുമാരൻ ടീമിന്റെ തിരക്കഥയിൽ, ജിയോ ബേബി സംവിധാനം ചെയ്ത്, ജ്യോതിക നായികയായ 'കാതൽ -ദ കോർ' എന്ന ചിത്രം തീയേറ്ററുകളിൽ എത്തിയത്.

ആദ്യംതന്നെ, ഇതുപോലെ ഒരു കഥാപാത്രത്തെ സ്വീകരിക്കാനുള്ള മമ്മൂട്ടിയുടെ ചങ്കൂറ്റത്തെയാണ് അംഗീകരിച്ച് കൊടുക്കേണ്ടത്. സ്വർവർഗാനുരാഗിയാ ഒരു കഥാപാത്രത്തെ ഒരു മെഗാ സ്റ്റാർ അവതരിപ്പിക്കുക എന്നൊക്കെ പറഞ്ഞാൽ, പത്തുവർഷം മുമ്പുവരെ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു. ഹോളിവുഡിലും, ബോളിവുഡിലും ഇത്തരം പ്രമേയങ്ങൾ ധാരളമുണ്ടെങ്കിലും മലയാളത്തിൽ അത് തീരെ കുറവാണ്. ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന, മെഗാ താരം എന്ന് വിശേഷണമുള്ള ഒരു നടൻ സ്വന്തം ഇമേജ് ഒട്ടും ഗൗനിക്കാതെയാണ് ഈ പടത്തിൽ വേഷമിട്ടത്. തന്റെ മസ്‌കുലൈൻ ഇമേജന് കോട്ടം തട്ടുമോ, കുടുംബ പ്രേക്ഷകർ ഏതുതരത്തിൽ പരിഗണിക്കുമോ എന്നുള്ള ഭയമൊന്നും മമ്മൂട്ടിയെ ബാധിച്ചിട്ടില്ല. പൊതുവെ സദാചാര സമൂഹമായ മലയാളികൾക്കിടയിൽ, ഉത്തമഗൃഹനാഥനായ 'വല്യേട്ടൻ' കുടുംബ സങ്കൽപ്പങ്ങളുടെ ഐക്കൺ കൂടിയായിരുന്നു മമ്മൂട്ടി. പക്ഷേ ഇപ്പോൾ ആ ഇമേജും അദ്ദേഹം ബ്രേക്ക് ചെയ്യുകയാണ്.

നടൻ പൃഥ്വിരാജ് ഒരിക്കൽ പറഞ്ഞിരുന്നു. ''പ്രായം വെച്ചുനോക്കുകയാണെങ്കിൽ മമ്മൂട്ടി അദ്ദേഹത്തിന്റെ എഴുപതുകളിലാണ് ഏറ്റവും മികച്ച സിനിമകൾ ചെയ്യുക എന്ന്.''. ആ നിരീക്ഷണം അച്ചട്ടാണെന്ന് തെളിയിക്കുന്നതാണ്, ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം. അടുത്തകാലത്ത് ഇറങ്ങിയ റോഷോക്ക്, നൽപകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങൾ കണ്ടശേഷം ഈ പടം കണ്ടാൽ അറിയാം മമ്മൂട്ടി എന്ന നടന്റെ റേഞ്ച്. ശരിക്കും മാസ്മരികം തന്നെയാണ് കാതലിൽ ആ മനുഷ്യന്റെ ഹർഷ സംഘർഷങ്ങൾ.

സിനിമയുടെ കാതൽ കഥയാണ്

പണ്ട് ഭരതൻ, പത്മരാജൻ, ലോഹിതദാസ് കാലത്തൊക്കെയായിരുന്നു മലയാള സിനിമ ഞെട്ടിക്കുന്ന പ്രമേയങ്ങൾ കൈകാര്യം ചെയ്തിരുന്നത്. ആ മേന്മ വർഷങ്ങൾക്കുശേഷം മലയാള സിനിമ തിരിച്ചുപിടിച്ചിരിക്കയാണ്. കഥയാണ് ഈ സിനിമയുടെ കാതൽ. ഇതുപോലെ ഒരു പ്രമേയം, അന്താരാഷ്ട്ര ചലച്ചിതോത്സവങ്ങളിൽ മാത്രമേ മലയാളി കണ്ടിരിക്കാൻ വഴിയുള്ളു. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലൂടെ മലയാളിക്ക് നിൽകിയ കൾച്ചറൽ ഷോക്ക്, ഇവിടെയും ജിയോ ബേബി ആവർത്തിക്കയാണ്.

പാലായ്ക്കടുത്ത് തീക്കോയിയിലെ വാർഡ് ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മാത്യു ദേവസി എന്ന റിട്ടയർഡ് സഹകരണ ബാങ്ക് ജീവനക്കാരനായി മമ്മൂട്ടി അഭിനയിക്കയല്ല, ജീവിക്കയാണ്. ഭാര്യ ഓമന ( ജ്യോതിക) അയാൾക്കെതിരെ വിവാഹമോചനത്തിനായി കേസ് കൊടുത്തിരിക്കുന്നത്, മാത്യുവിന് തങ്കൻ എന്ന സുഹൃത്തുമായി ബന്ധമുണ്ടെന്ന കാരണം പറഞ്ഞാണ്. കോട്ടയത്തെ ഒരു കുഗ്രാമത്തിൽ ഈ വാർത്ത ഉണ്ടാക്കാുന്ന കോളിളക്കം എന്തായിരിക്കും.

സംവിധായകൻ ജിയോ ബേബി ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു.
ഈ വൺലൈൻ മെസജ് അയച്ചു കൊടുത്തപ്പോൾ മമ്മൂട്ടി സംവിധായകനോട് ചോദിച്ച ചോദ്യമുണ്ട്. 'വാട്ടീസ് എന്ന റെസ്റ്റ് ഓഫ് ദി സ്റ്റോറി'. ആ ചോദ്യത്തിനുള്ള ഉത്തരം കേട്ടതോടെ ഈ സിനിമ നിർമ്മിക്കാനും അദ്ദേഹം സമ്മതം മൂളി. കാരണം മമ്മൂട്ടിക്ക് അറിയാം ഒരു സാധാരണ നിർമ്മാതാവിന് ഒരിക്കലും ദഹിക്കുന്നതല്ല ഈ ചിത്രത്തിന്റെ സബ്ജക്റ്റ് എന്ന്. ദാമ്പത്യ ജീവിതത്തിലെ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം, എണ്ണിയാലൊടുങ്ങാത്ത സിനിമകളിൽ കണ്ട പ്രേക്ഷകർക്ക്, കാതൽ വ്യത്യസ്തമാവുന്നത് അതിന്റെ കണ്ടന്റുകൊണ്ടാണ്. നെയ്മർ, ആർ ഡിഎക്സ് എന്നീ കൊമേർഷ്യൽ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയവരാണ് ഇങ്ങനെയൊരു ചിത്രത്തിന് സ്‌ക്രി്പ്റ്റ് ഒരുക്കിയത് എന്നുപറഞ്ഞാൽ വിശ്വസിക്കാനാവുന്നില്ല. ശരിക്കും, ധീരമായൊരു പരീക്ഷണമാണ് പോൾസണും ആദർശും ചെയ്തിരിക്കുന്നത്.

പക്ഷേ മലയാളത്തിൽ മാത്രമാണ് ഇപ്പോഴും ഇത്തരം ചിത്രങ്ങൾ പരീക്ഷണം ആവുന്നത് എന്നിടത്തുതന്നെയുണ്ട് നമ്മുടെ സംസ്‌ക്കാരിക പിന്നാക്കാവസ്ഥയും. ഒരാൾ ഹോമോ സെക്ഷ്വലോ, ബൈ സെക്ഷ്വലോ, ഹെട്രോ സെക്ഷ്വലോ ആവുന്നതിൽ അയാൾക്ക് യാതൊരു പങ്കുമില്ല. അത് അയാളൂടെ മസ്തിഷ്‌ക്കത്തിന്റെ അവസ്ഥയാണ്. അടിച്ചും തല്ലിയും മരുന്നുകൊടുത്തുമൊന്നും മാറ്റാൻ കഴിയുന്ന കാര്യമല്ല അത്. അങ്ങനെ അവരുടെ ജീവിതം നരകതുല്യമാക്കുന്നതിന് പകരം, അവർക്കിഷ്ടമുള്ള, ജീവിതം നയിക്കാൻ അനുവദിക്കുക എന്ന വിശ്വാല സ്വാതന്ത്ര്യത്തിലേക്കാണ് വികസിത രാജ്യങ്ങൾ മുന്നോട്ടുവന്നിരുക്കുന്നത്. കാതൽ മുന്നോട്ടുവെക്കുന്ന ആശയവും വിശാല സ്വതന്ത്ര്യം തന്നെ.

മാസ്മരിക പ്രകടനവുമായി മമ്മൂട്ടി

താരങ്ങളുടെ പ്രകടനത്തിലേക്ക് വന്നാൽ ആദ്യം പറയേണ്ടത് മാത്യുവായെത്തിയ മമ്മൂട്ടിയെത്തന്നെയാണ്. മമ്മൂട്ടി എന്ന സൂപ്പർ സ്റ്റാറിനെയല്ല, മമ്മൂട്ടി എന്ന അഭിനേതാവിനെയാണ് ഈ സിനിമ തൃപ്തിപ്പെടുത്തുക. അധികം സംസാരിക്കാത്ത, ആളുകളുടെ മുഖത്തുപോലും ശരിക്കും നോക്കാത്ത, താൻ ഏത് അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നുപോലും ശരിക്ക് മനസിലാവാത്ത മാത്യുവിനെ മമ്മൂട്ടി ഗംഭീരമാക്കിയിട്ടുണ്ട്. സ്വവർഗാനുരാഗിയായ ഒരു പുരുഷന്റെ ഭാര്യയായി ജീവിക്കുമ്പോഴും അതൊന്നും പുറമേ കാണിക്കാതെ അവൾ ഇത്രയും വർഷം നീറുകയായിരുന്നുവെന്ന് തിരിച്ചറിയുന്ന നിമിഷത്തിൽ അയാളുടെ ഉള്ളിൽ നിന്നും വരുന്നൊരു കരച്ചിലിൽ എല്ലാമുണ്ട്. 'അച്ഛനെല്ലാം അറിയാമായിരുന്നില്ലേ' എന്ന തേങ്ങലും ഹൃദയഭേദകമാണ്.

സ്വാതന്ത്ര്യം തേടുന്ന വീട്ടമ്മയാണ് ജ്യോതിക അവതരിപ്പിച്ച ഓമന. വിവാഹത്തിനുശേഷം ജീവിതത്തിലെ സന്തോഷം നിലച്ചവൾ. വർഷങ്ങൾക്കുശേഷമുള്ള മലയാളത്തിലേക്കുള്ള തന്റെ തിരിച്ചുവരവ് ഇങ്ങനെയൊരു സിനിമയിലെ കഥാപാത്രത്തിലൂടെയാണ് എന്നതിൽ ജ്യോതികയ്ക്ക് അഭിമാനിക്കാം. മമ്മൂട്ടിയും ജ്യോതികയും ചേർന്നൊരുക്കുന്ന കെമിസ്ട്രിയുണ്ട് ഈ സിനിമയിൽ. പരസ്പരം വ്യത്യസ്ത ധ്രുവത്തിൽ നിൽക്കുമ്പോഴും ഒന്നിനോടൊന്ന് താങ്ങും തണലുമാകുന്നു അവർ.എന്തു കൊണ്ട് ജ്യോതിക എന്ന ചോദ്യത്തിന് ഈ സിനിമ കണ്ടു കഴിയുമ്പോൾ ഉത്തരം ആവും.

സാധാരണക്കാരിൽ സാധാരണക്കാരനായ തങ്കനെ അവതരിപ്പിച്ച സുധി കോഴിക്കോടും നിറഞ്ഞ കയ്യടി അർഹിക്കുന്നുണ്ട്. മലയാളികൾ ഇതുവരെ കണ്ടുപരിചയിച്ചിട്ടില്ലാത്ത കഥാപാത്രമാണ് തങ്കൻ എന്ന് നിസ്സംശയം പറയാം. അധികം സംസാരമില്ലാതെ നോട്ടംകൊണ്ടും പുഞ്ചിരികൊണ്ടും പ്രേക്ഷകരുടെ ഉള്ളം പൊള്ളിക്കുന്നുണ്ട് തങ്കൻ. ഒരുപാട് വലിയ വേഷങ്ങൾ ചെയ്യാൻ കഴിയവുള്ള, ഭാവിയുടെ വാഗ്ധാനമാണ് താനെന്ന്, ഈ ഒരു ഒറ്റപ്പടം കൊണ്ടി സുധിതെളിയിക്കുന്നു.

ഈയ്യിടെ അന്തരിച്ച കലാഭവൻ ഹനീഫ് ആണ് കുടുംബ കോടതിയിലെ ജഡ്ജായി വേഷമിട്ടിരിക്കുന്നത്. പതിവ് ഒന്നോ രണ്ടോ രംഗങ്ങളിൽ കടന്നുവരുന്നതിന് പകരം സിനിമയിലെ പ്രധാന റോളിൽ ഈ ജഡ്ജിയുണ്ട്. കഴിവിന് അർഹിച്ച കഥാപാത്രത്തെ അത്രയൊന്നും കിട്ടിയിട്ടില്ലാത്ത ഹനീഫിന് കിട്ടിയ ഈ അവസാന കഥാപാത്രം മലയാള സിനിമയുടെ പ്രായശ്ചിത്വം കൂടിയാവാം.

മാത്യുവിന്റെ ചാച്ചനായെത്തിയ ആർ. എസ്. പണിക്കരുടേത് ഈയടുത്ത കാലത്ത് കണ്ട ശക്തനായ അച്ഛൻ കഥാപാത്രമാണ്. സ്വന്തം മകൻ കടന്നുപോകുന്ന അവസ്ഥ മനസിലാക്കിയിട്ടും അതിനേക്കുറിച്ച് എങ്ങനെ പ്രതികരിക്കണം, എന്ത് സംസാരിക്കണം എന്നറിയാതെ ഘനീഭവിച്ച മനസോടെ ജീവിതകാലം തള്ളിനീക്കുന്ന പിതാവിനെ അദ്ദേഹം കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. ചിന്നു ചാന്ദിനി, മുത്തുമണി, ജോജി മുണ്ടക്കയം എന്നിവരും അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി. മാത്യു പുളിക്കന്റെ സംഗീതം വേറിട്ടതാണ്.അൻവർ അലിയും ജാക്വിലിൻ മാത്യുവുമാണ് വരികൾ എഴുതിയത്. സിനിമയുടെ തീവ്രത ഒട്ടും ചോരാതെ എഡിറ്റ് ചെയ്തു സുന്ദരമാക്കിയ ഫ്രാൻസിസ് ലൂയിസിനും കയ്യടി. ഒപ്പം മനോഹര ഫ്രെയിമുകളുമായി സാലു കെ. തോമസും മികച്ചു നിന്നു.

സിനിമയെന്നാൽ ആന്ത്യന്തികമായി സംവിധാകയന്റെ കലയാണ്. അത് ഈ ചിത്രത്തിലും തെളിയിക്കുന്നുണ്ട് ജിയോ ബേബി. അടിസ്ഥാനപരമായി കാതൽ ഒരു ജിയോ ബേബി ചിത്രം തന്നെയാണ്. ഗോവയിലെ രാജ്യന്തരചലച്ചിത്രോത്സവത്തിൽ കാതൽ പ്രദശിച്ചപ്പോൾ വലിയ കൈയടിയാണുണ്ടായത്. പക്ഷേ ശരാശരി പ്രേക്ഷകന് ഈ ചിത്രം എത്രകണ്ട് ദഹിക്കുമെന്ന് കണ്ടറിയണം.

വാൽക്കഷ്ണം: പ്രമേയം സ്വവർഗാനുരാഗം ആയതുകൊണ്ട്, ഗൾഫ് രാജ്യങ്ങളിൽ ഈ പടത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കയാണ്. ഖത്തർ, കുവൈത്ത്, സൗദി അറേബ്യ ഒമാൻ, ബഹറിൻ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ സെൻസർ ബോർഡുകൾ ചിത്രം പ്രദർശിപ്പിക്കാൻ ഇതുവരെ അനുമതി നൽകിയിട്ടില്ല. ഒരാൾ ഹോമോ സെക്ഷ്വൽ ആവുന്നത് അയാളുടെ എന്തെങ്കിലും കുഴപ്പം കൊണ്ട് അല്ലെന്ന് ഇനിയെന്നാണ് ഇവരൊക്കെ തിരിച്ചറിയുക. മതം കലയിൽ ഇടപെട്ടാൽ അത് ഫാസിസം ആവുമെന്ന് ഒരിക്കൽ കൂടി തെളിയുന്നു.