ബാഹുബലിക്ക് കെജിഎഫിലുണ്ടായ മകൻ! രണ്ടുഭാഗങ്ങളായി ഇറങ്ങിയ കെജിഎഫിലൂടെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന സംവിധായകനായി മാറിയ പ്രശാന്ത് നീലും, രണ്ടുഭാഗങ്ങളായി ഇറങ്ങിയ ബാഹുബലിയിലൂടെ പാൻ ഇന്ത്യൻ നായകനായ പ്രഭാസും തമ്മിൽ യോജിക്കുമ്പോൾ ഉണ്ടായ സലാർ എന്ന ചിത്രത്തെ ആരാധകർ ഇങ്ങനെ വിശേഷിപ്പിച്ചതിൽ അത്ഭുതമില്ല. ഒപ്പം മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ പൃഥിരാജും ചേരുന്നതോടെ സലാർ കെജിഎഫ്പോലെ ഒരു ബോംബാവുമെന്നാണ് വിലയിരുത്തലുകൾ ഉണ്ടായത്. പക്ഷേ ഈ കെജിഎഫ് താരമത്യം തന്നെയാണ് ചിത്രത്തിന് വിനയുമാവുന്നത്. ബാഹുബലിയുടെയും, കെജിഎഫിന്റെയും പ്രതീക്ഷകൾ വെച്ച് വിലയിരുത്തിയാൽ നിങ്ങൾക്ക് ചിത്രം അത്രപോരാ എന്ന് തോന്നും. പക്ഷേ സ്വതന്ത്രമായി വിലയിരുത്തിയാൽ, മൂന്നുമണിക്കൂറും എൻഗേജിങ്ങായ, ഒരു സ്റ്റൈലിഷ് ആക്ഷൻ ഡ്രാമയാണ്.

അടുത്തകാലത്തായി തുടർച്ചയായ പരാജയങ്ങൾ ഏറ്റവും വാങ്ങിയ പ്രഭാസിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നവരുടെ മനം നിറയ്ക്കുന്നുണ്ട് ഈ ചിത്രം. പൃഥ്വി രാജും ഇതോടെ പാൻ ഇന്ത്യൻ താരമാവുന്നു. മാസ് ആക്ഷൻ സിനിമകളുടെ ആരാധകർക്ക് കൈയടിക്കാൻ കഴിയുന്ന തീയറ്റർ അനുഭവമാണ് സലാർ. പക്ഷേ ലോജിക്കലായി ചിന്തിക്കുന്നവർക്ക് ഇതിൽ പല കല്ലുകടിയും കണ്ടെത്താൻ കഴിയുമെന്നതം വേറെകാര്യം. അല്ലെങ്കിലും ഇത്തരം സിനിമകളിൽ ലോജിക്കിന് എന്താണ് പ്രസ്‌കതി.

അടിപൊളി ബിജിഎമ്മും, തീപ്പൊരി ആക്ഷനുമൊക്കെയായ തീയേറ്ററിൽ ചിത്രം മിന്നുകയാണ്. ക്ലൈമാക്സാണ് ചിത്രത്തിന്റ ഹൈലൈറ്റ്. അതുവരെയുണ്ടായ സകല കല്ലുകടികളും തീർന്ന് ഒരു ഫീൽഗീഡ് മൂഡോടെയാണ് പ്രേക്ഷൻ ഇറങ്ങിപ്പോവുന്നത്. രണ്ട് ഭാഗങ്ങളായിട്ട് എത്തുന്ന സലാറിന്റെ ആദ്യ ഭാഗമായ സലാർ പാർട്ട് 1- സീസ്ഫയറാണ് ഇപ്പോൾ റിലീസായത്. രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിന് വിത്തിട്ട്് തന്നെയാണ് ചിത്രം അവസാനിക്കുന്നതും.

കൽക്കരിപ്പാടത്തെ  ഗോത്രയുദ്ധം

കെജിഎഫിൽ സ്വർണ്ണഖനിയുടെ പശ്ചാത്തലമാണ് പ്രശാന്ത് തെരഞ്ഞെടുത്തിരിക്കുന്നുതെങ്കിൽ ഇവിടെ അത് കൽക്കരിപ്പാടമാണ്. അതിനാൽ തന്നെ ആകെ കറുത്ത കുറേ ഡാർക്ക് ഗോത്രങ്ങളാണ് ചിത്രത്തിൽ ഉടനീളം. ഇവിടെയാണ്, വോയ്സഓവറിന് അനുസരിച്ച് മിന്നൽ വേഗത്തിൽ കഥ നീങ്ങുന്ന തന്റെ ടിപ്പിക്കൽ മാസ് സെറ്റപ്പിൽ പ്രശാന്ത് നീൽ കഥപറയുന്നത്.

ലോകേഷ് കനകരാജിനെപ്പോലെ സ്വന്തമായ ഒരു സാങ്കൽപ്പിക കഥാപ്രപഞ്ചം പ്രശാന്ത് നീലും സൃഷ്ടിക്കാറുണ്ട്. പ്രശാന്ത് നീൽ യൂണിവേഴ്സ്. രാജ്യത്തെ നിയമവ്യവസ്ഥയിൽ ഉൾപ്പെടാതെ, ഭരണം നടത്തുന്ന ഖാൻസാർ എന്ന പ്രദേശത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം സ്വതന്ത്രമായി നിൽക്കാൻ തീരുമാനിച്ച ഇടം. കുറ്റകൃത്യങ്ങളിലൂടെ പണം കുമിഞ്ഞുകൂടിയ ഖാൻസാറിനെ അടക്കിവാഴുന്ന മൂന്നുഗോത്രങ്ങൾ. അധികാരത്തിനായി അവരുടെ പോരാട്ടങ്ങൾക്കിടെ അടിച്ചമർത്തപ്പെട്ട ഒരു ഗോത്രം. ഇത്രയുമാണ് സലാറിന്റെ പശ്ചാത്തലം. 1985 മുതൽ 2017 വരെയുള്ള കഥയാണ് ചിത്രം പറയുന്നത്. നൂറോളം നാട്ടുരാജ്യങ്ങൾ ചേരുന്ന ഖാൻസാറിന്റെ ഭരണത്തലവനാകാൻ, ആഗ്രഹിക്കുന്നവർ ഏറെയാണ്. പരസ്പരം ജീവൻ കൊടുക്കാൻ പോലും തയ്യാറാകുന്ന രണ്ട് ആത്മ സുഹൃത്തുക്കൾ അധികാരം നേടാൻ പടവെട്ടുന്നവരുടെ ഇടയിലകപ്പെട്ട് പോവുകയാണ്. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ആക്ഷന്റേയും വൈകാരിക രഗങ്ങളുടെ പശ്ചാത്തലത്തിൽ പ്രശാന്ത് നീൽ അവതരിപ്പിച്ചിരിക്കുന്നത്.

സലാർ എന്ന വാക്കിന് അർത്ഥം പടത്തലവൻ എന്നാണ്. പ്രഭാസ് അത് ഗംഭീരമാക്കുന്നു. ആത്മസുഹൃത്തുക്കളായ രണ്ടുപേർ ശത്രുക്കളായ കഥയെന്ന് ഒറ്റവാചകത്തിൽ സലാറിനെ വിശേഷിപ്പിക്കാം. പക്ഷേ അതിനും മുകളിൽ കഥപറഞ്ഞുപോകുന്നുണ്ട് ചിത്രം. വർധരാജ് മന്നാർ എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുമ്പോൾ ദേവ എന്ന സലാർ ആയിട്ടാണ് പ്രഭാസ് വേഷമിട്ടിരിക്കുന്നത്. വർധരാജ് മന്നാറെന്ന സുൽത്താന്റെ അപ്രഖ്യാപിത പോരാളിയാണ് ദേവ.

തനിക്കവകാശപ്പെട്ട സിംഹാസനം തന്റെ സ്നേഹിതനു നേടിക്കൊടുക്കാൻ ആയുധം കയ്യിലേന്തി പോരിനിറങ്ങുയാണ് ദേവ. മകന്റെ കയ്യിലേക്ക് ആയുധം വരുന്നതിനെ ഭയക്കുകയാണ് അമ്മ. ആ സ്നേഹത്തിനു വേണ്ടി 25 വർഷം നിശ്ശബ്ദനായിരുന്ന അവൻ തന്റെ ഉറ്റ സുഹൃത്തിനു വേണ്ടി ജന്മനാട്ടിലേക്ക് തിരികെ വരികയാണ്. ''കത്തിയെരിയുന്ന തീക്കനലിന്റെ ചുവപ്പിനേക്കാൾ കുത്തിയൊഴുകുന്ന ചോരയുടെ ചുവപ്പിനാണ് ഭംഗി'' എന്ന് വരദൻ ജയിലിൽവെച്ച് ദേവയോടു പറയുന്നുണ്ട്. അതുതന്നെയാണ് ചിത്രത്തിന്റെ പൊതു ടോൺ. യുദ്ധംവും ചോരയും തന്നെ.

പ്രഭാസിന്റെത് ഗംഭീര തിരിച്ചുവരവ്

്അമിതാബ് ബച്ചനെപ്പോലെ ഇന്ത്യ മുഴുവൻ ഒരുപോലെ ആരാധിക്കപ്പെടുന്ന ഒരു നടൻ ഇനി ഉണ്ടാവുകയാണെങ്കിൽ അത് പ്രഭാസ് ആയിരിക്കുമെന്നാണ് ബാഹുബലിക്കുശേഷം ടൈംസ് ഓഫ് ഇന്ത്യ എഴുതിയത്. പക്ഷേ വിധി മറ്റൊന്നായിരുന്നു. ബാഹുബലിക്കുശേഷം വന്ന പ്രഭാസിന്റെ സഹോയും, രാധേശ്യാമും, ആദിപരുഷുമൊക്കെ ബോക്സോഫീസിൽ പൊട്ടിപ്പൊളിഞ്ഞു. അവസാനം ഇറങ്ങിയ ആദിപരുഷിനെ ശ്രീരാമനൊക്കെ കാണുമ്പോൾ പ്രഭാസിന്റെ കാലം കഴിഞ്ഞു എന്നുവരെ സംശയം തോന്നിയിരുന്നു. ബാഹുബലിയുടെ ആ കൊതിപ്പിക്കുന്ന മസ്‌ക്കുലൈൻ ഫിഗറിൽനിന്ന്, തടിയൊക്കെകൂടി മുഖമൊക്കെ തൂങ്ങി ഒരു വല്ലാത്ത നിലയിലായിരുന്നു പ്രഭാസ്. പക്ഷേ ഈ പടത്തിൽ അടിമുടി ബോഡിഫിറ്റാക്കി, അതിഗംഭീരനായ ഒരു പടയാളിയാക്കിയാണ് പ്രഭാസിനെ അവതരിപ്പിക്കുന്നത്. ക്ലൈമാക്സിലൊക്കെ പ്രഭാസിന്റെ പൂണ്ടുവിളയാട്ടമാണ്. ആ അരമണിക്കൂർ കാണണം. തലകൾ തെറിക്കുന്നു. സ്‌ക്രീനിൽ ചോരയുടെ പെരുങ്കളിയാട്ടമാണ്. 'റെബൽ സ്റ്റാർ' എന്ന വിശേഷണമുള്ള പ്രഭാസിന്റെ ശക്തമായ തിരിച്ചുവരവാണ് ഈ ചിത്രം.

പ്രഭാസിനെപ്പോലെ കൈയടി പൃഥിരാജും നേടുന്നുണ്ട്. ആക്ഷൻ രംഗങ്ങളിലും വൈകാരിക നിമിഷങ്ങളിലും ഒരുപോലെ താരം മികവു പുലർത്തി. സ്‌ക്രീൻ പ്രസൻസ് പ്രഭാസിന്റെ അത്ര ഇല്ലെങ്കിലും, കഥാപാത്രത്തിന് പ്രഭാസിന് തുല്യമായ പ്രധാന്യമാണ്. മലയാളത്തിൽനിന്ന് ദുൽഖറിനെയും, ഫഹദിനെയുംപോലെ ശരിക്കും ഒരു പാൻ ഇന്ത്യൻ നായകനായി പൃഥിയും മാറാനിടയുണ്ടെന്ന് ഈ ചിത്രം തെളിയിക്കുന്നു.

പുലിമുരുകനിൽ ഡാഡി ഗിരിജയായെത്തിയ ജഗപതി ബാബുവും ബോബി സിംഹയും ടിനു ആനന്ദുമൊക്കെ ചിത്രത്തിൽ പൊളിക്കുന്നുണ്ട്. എന്നാൽ നായിക ശ്രുതി ഹാസന് കഥ കേട്ടിരിക്കുന്നതിലുമപ്പുറം കാര്യമായൊന്നും ചെയ്യാനില്ല. ഭുവന് ഗൗഡയുടെ ക്യാമറ ഗംഭീരമമാണ്. ഇത്രയും കഥയും കഥാപാത്രങ്ങളും നിറഞ്ഞ സിനിമ എഡിറ്റ് ചെയ്ത ഉജ്വൽ കുൽക്കർണിയാണ് യഥാർത്ഥ താരം. കാരണം പ്രശാന്ത് നീലിന്റെ ടേക്കുകൾകൊണ്ടുള്ള നോൺ ലീനിയർ കുഴമറിച്ചിലുകൾ എല്ലാം ശരിയായി സിനിമ സിനിമയാവാറുള്ളത് എഡിറ്റിങ്് ടേബിളിൽവച്ചാണ്.

രവി ബസ്രുർ ആണ് സംഗീതം മോശമായിട്ടില്ല. ആദ്യഭാഗത്തിൽ യുദ്ധകാഹളം മുഴക്കുന്ന പ്രശാന്ത് നീൽ രണ്ടാം ഭാഗത്തിൽ അത്യുഗ്രൻ യുദ്ധം തന്നെ ഒരുക്കുമെന്ന് പ്രതീക്ഷിക്കാം. സീസ് ഫയർ ഇങ്ങനെയെങ്കിൽ യുദ്ധം എങ്ങനെയായിരിക്കും എന്ന് തോന്നിപ്പിക്കും വിധം ആണ് പാർട്ട് ഒന്ന് നിർത്തുന്നത്. ചുരുക്കിപ്പറഞ്ഞാൽ പ്രഭാസിന്റേയും പൃഥ്വിരാജിന്റേയും ആരാധകർക്ക് ഒരുപോലെ ആഘോഷമാക്കാൻ കഴിയുന്ന ചിത്രമാണിത്. പക്ഷേ ആരാധകർ ആല്ലാത്തവർ ദഹിക്കാൻ അൽപ്പം ബുദ്ധിമുട്ടുമാണ്.

ചില കല്ലുകടികൾ, പോരായ്മകൾ

്ഈ ചിത്രത്തിലെ ചില കല്ലുകടികളെക്കുറിച്ചും പേരായ്മകളെക്കുറിച്ചും പറയാതെ വയ്യ. ഏറ്റവും പ്രധാനം മലയാളത്തിലേക്കുള്ള മോശം ഡബ്ബിങ്് തന്നെയാണ്. ''നീ എന്തിനുവന്നു, എവിടെപ്പോകുന്നു, കൊല്ലെടാ, നാശം കാണണം''... എന്നിങ്ങനെയുള്ള വാക്കുകൾ ആവർത്തിക്കുന്ന, മോശം ഡബ്ബിങ്ങ്. പലയിടത്തും നമുക്ക് ചിരിവരും. ചില കഥാപാത്രങ്ങൾ തമ്മിൽ ഇമോഷണൽ കണക്ഷനും ശരിയായിട്ടില്ല. കെജിഎഫിലെപ്പോലെ അമ്മ-മകൻ വൈകാരികത ഇവിടെയും ഉണ്ടെങ്കിലും അത് അത്രകണ്ട് വർക്കൗട്ടായിട്ടില്ല. ചില രംഗങ്ങൾ അരോചകവുമാണ്. ഉദാ്ഹരണത്തിന്, ഒരു സീനിലുണ്ട് പ്രഭാസിന്റെ അമ്മ വലിയ അലമുറയിട്ടെന്നോണം മകനെ ശാസിക്കയാണ്. അപ്പോൾ നമ്മൾ വിചാരിക്കും എന്തോ വലിയ സംഭവം നടക്കാൻ പോകുന്നുവെന്ന്. പക്ഷേ സംഭവം, മകൻ അൽപ്പം ലേറ്റായി വീട്ടിൽ വന്നതിന് അമ്മ ശാസിക്കയാണ്! ആ അമ്മ കഥാപാത്രം മൊത്തം ഓവറാണ്. അതേപോലെ കണ്ണുരുട്ടിപ്പേടിപ്പക്കുന്ന ഒരുപാട് പേരുണ്ട് ചിത്രത്തിൽ.

കഥയും കഥാപാത്രങ്ങളും തമ്മിലുള്ള ബന്ധം കൃത്യമായ എസ്റ്റാബ്ലിഷ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. സലാറിനെക്കുറിച്ചുള്ള പ്രിവ്യൂ റിപ്പോർട്ടുകൾ വായിക്കാതെ നേര തീയേറ്റിലേക്ക് കയറിവന്ന ഒരു പ്രേക്ഷകന് ഇത് എന്താണ് സംഭവിക്കുന്നത് എന്നത് പിടികിട്ടില്ല. പരുത്തിത്തുണിയുടുത്ത് മൂക്കിൽ വളയമിട്ട് ചില ഗോത്രങ്ങൾ ആർക്കോ എന്തിനോവേണ്ടി, തോക്കും കത്തിയുമെടുത്ത് പോരാടുന്നു. അതുപോലെ ബിൽഡപ്പുകൾ പലതും ഓവറായി. കെജിഎഫലും ബിൽഡപ്പുകൾ ഉണ്ടെങ്കിലും അത് സിങ്കാവാതെയിരുന്നിട്ടില്ല.

ലോജിക്കും പൊളിറ്റിക്കൽ കറക്ടനസ്സും നോക്കുന്നവർക്ക്, ഈ പടം ഒരു ദുരന്തമായിരിക്കും. ഒരു സീനിൽ പ്രഭാസ് ഒരു ഇരുമ്പുതുണിന് ഇടിക്കുമ്പോൾ അവിടെ അയാളുടെ വിരലടയാളം പതിഞ്ഞ് പോവുന്നുണ്ട്. അത്തരത്തിലുള്ള കത്തികളും ബിൽഡപ്പിന്റെ ഭാഗമായി ഉണ്ട്്. ഇത് ഒന്ന് ചുരുക്കിയാൽ പടം എത്ര നന്നാവുമായിരുന്നു.

വാൽക്കഷ്ണം: ഈ പടത്തിൽ ഏറ്റവുമധികം മിസ്സ് ചെയ്യുന്നത് കെജിഎഫ് ഹീറോ യാഷിനെയാണ്. യാഷിന്റെ ആറ്റിട്യൂഡും വൈബും മറികടക്കാൻ പ്രഭാസിനോ, പൃഥിക്കോ അയിട്ടില്ല എന്നതും വേറെകാര്യം.