ഹൈദരാബാദ്: പ്രഭാസ് നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'ആദിപുരുഷി'ന്റെ ട്രെയ്ലർ റിലീസ് ചെയ്തു. മുൻപുയർന്ന വിമർശനങ്ങളെ എല്ലാം തള്ളുന്ന വിധത്തിലാണ് പുതിയ ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. തിന്മയ്ക്ക് മുകളിൽ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈൻ. രാമ-രാവണ യുദ്ധമാണ് പശ്ചാത്തലം. പ്രഭാസിന് പുറമെ സെയ്ഫ് അലി ഖാൻ, കൃതി സനോൻ, സണ്ണി സിങ്, ദേവദത്ത നഗെ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ചിത്രം ഓം റൗട്ട് ആണ് സംവിധാനം ചെയ്യുന്നത്.

ടി സീരിസാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. നേരത്തെ റിലീസ് ചെയ്ത ടീസറിനെതിരെ ഉയർന്ന വിമർശനങ്ങൾക്കും ട്രോളുകൾക്കും മറുപടിയെന്നോണം മികവോടെയാണ് ട്രെയ്ലർ അണിയിച്ചൊരുക്കിയിരിക്കുന്നത്.ഫാന്റസി സിനിമയായെത്തുന്ന ആദിപുരുഷിന്റെ ടീസറിലെ വിഎഫ്എക്‌സ് പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. 500 കോടി ബജറ്റിൽ ഉള്ള ചിത്രം ആ മികവ് പുലർത്തുന്നില്ല എന്നായിരുന്നു വിമർശനം.

കുട്ടികൾക്കു വേണ്ടിയുള്ള കാർട്ടൂണുകൾക്കും ഗെയിമുകൾക്കും പോലും ഇതിലും നിലവാരമുണ്ടെന്ന തരത്തിൽ ട്രോളുകളും വന്നതോടെ അണിയറക്കാർ ഉപരോധത്തിലായി. എന്നാൽ ട്രെയ്ലർ വിമർശകരെ തൃപ്തിപ്പെടുത്തും വിധമാണ് ഒരുക്കിയിരിരിക്കുന്നത്. 3ഡിയിലാണ് ചിത്രം എത്തുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിൽ റിലീസ് ഉണ്ട്.