മുംബൈ: താൻ ഉത്കണ്ഠാ രോഗത്തിലൂടെ കടന്നു പോയതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി ആലിയ ഭട്ട്. ഇൻസ്റ്റഗ്രാമിൽ നടത്തിയ ചോദ്യോത്തര സെഷനിലൂടെയാണ് താരം എങ്ങനെയാണ് ആങ്സൈറ്റിയും സെപ്പറേഷൻ ആങ്സൈറ്റിയും അതിജീവിച്ചതിനെ കുറിച്ച് പങ്കുവെച്ചത്.

മകൾ രാഹയെ വിട്ടു നിൽക്കുമ്പോൾ സെപ്പറേഷൻ ആങ്സൈറ്റി ഉണ്ടാവാറുണ്ടോ? എന്നായിരുന്നു ഒരാളുടെ ചോദ്യം. മകളെ വിട്ടുനിൽക്കുക എന്നത് എളുപ്പമല്ലെന്നും അതു മാറാൻ കുറച്ചു സമയമെടുക്കുമെന്നാണ് കരുതുന്നതെന്നും താരം മറുപടി പറഞ്ഞു.

വീട്ടിൽ നിന്നോ പ്രിയപ്പെട്ടവരിൽ നിന്നോ അകന്നിരിക്കുമ്പോൾ അസുഖകരമായത് എന്തെങ്കിലും സംഭവിക്കുമോ എന്ന അമിത ആശങ്കയാണ് സെപ്പറേഷൻ ആങ്സൈറ്റിയുടെ ലക്ഷണങ്ങൾ. മകൾ കുടുംബത്തോടൊപ്പമാണ് എന്നുള്ളതാണ് തന്റെ കുറ്റബോധം കുറച്ചെങ്കിലും ഇല്ലാതാക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.

ഉത്കണ്ഠയെ ട്രിഗർ ചെയ്യുന്ന ചില കാര്യങ്ങൾ എല്ലാവർക്കും ഉണ്ടാകും. അത്തരം നിയന്ത്രണാതീതമായ സന്ദർഭങ്ങൾ വരുമ്പോൾ അത് സ്വയം ഉൾക്കൊള്ളാൻ സമയം കൊടുക്കണമെന്നും മറിച്ച് നിയന്ത്രിക്കാൻ ശ്രമിച്ചാൽ ഗുണത്തേക്കാൾ ഏറെ ദോഷമാകും ഫലമെന്നും ആലിയ പറഞ്ഞു. മാത്രമല്ല എറ്റവും വിശ്വാസമുള്ള ഒരാളോട് മനസുതുറന്ന് സംസാരിക്കുന്നതും ഉത്കണ്ഠയെ മറികടക്കാൻ സഹായിക്കുമെന്നും താരം പറയുന്നു.

ഉത്കണ്ഠ ജീവിതത്തിലെ ഉയർച്ചതാഴ്ചകളുടെ ഭാഗമാണ്. ഈ ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ പുറമേക്ക് യാതൊരു കുഴപ്പവുമില്ലെന്ന് പലരും കാണിക്കും എന്നാൽ അങ്ങനെയല്ല അത് സ്വയം അനുഭവിക്കാൻ അനുവദിക്കണമെന്നും ആലിയ പറഞ്ഞു.