കൊച്ചി: മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമായ ഭ്രമയുഗം മലയാള സിനിമയിൽ പുതുതരംഗം തീർക്കുകയാണ്. 2024 ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഹൊറർ ത്രില്ലർ ചിത്രമായ ഭ്രമയുഗത്തിൽ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയാണ് മെഗാ സ്റ്റാർ അവതരിപ്പിച്ചിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ചിത്രം മലായളം സിനിമാ ബോക്‌സോഫീസിലും തരംഗമാകുകയാണ്.

ഇപ്പോഴിതാ ഭ്രമയുഗം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ്. 11 ദിവസം കൊണ്ടാണ് ചിത്രം ആഗോളതലത്തിൽ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രമല്ല വിദേശത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 19 കോടിയാണ് ഭ്രമയുഗത്തിന്റെ ഇന്ത്യൻ കളക്ഷൻ.

മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തിയിട്ടുണ്ട്. തെലുങ്കിൽ നിന്നും തമിഴിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കൊടുമൺ പോറ്റിയുടെ പിന്നിലെ നിഗൂഢതയും അയാളുടെ മാന്ത്രികതയുമാണ് സിനിമയുടെ ഉള്ളടക്കം. അർജുൻ അശോകനും സിദ്ധാർഥ് ഭരതനുമാണ് ചിത്രത്തിൽ മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മറ്റു താരങ്ങൾ

'ഭൂതകാലം' എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. ഇവർ ആദ്യമായി നിർമ്മിക്കുന്ന മലയാള ചിത്രമാണ് ഭ്രമയുഗം.