കൊച്ചി: ഹണി റോസ് നായികയായി എത്തുന്ന ചിത്രം റേച്ചലിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം പൂർത്തിയായി. അതിഗംഭീര മേക്കോവറിലാണ് ഹണി റോസ് എത്തുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ സന്തോഷം ഹണി റോസ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് പങ്ക് വെച്ചത്. ചോരയൂറുന്ന വെട്ടുകത്തിയുമായി ഇറച്ചിവെട്ടുകാരിയുടെ ലുക്കിലുള്ള ഹണി റോസിനെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററിൽ അവതരിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തന്റെ 18 വർഷത്തെ കരിയറിൽ ആദ്യമായിട്ടാണ് ആനന്ദിനി ബാലയെ പോലെ സിനിമയെ ഇത്രയും ആവേശത്തോടെ സമീപിക്കുന്ന ഒരു സംവിധായികക്കൊപ്പം വർക്ക് ചെയ്യുന്നതെന്ന് ഹണി റോസ് പറഞ്ഞു. കഴിഞ്ഞ മുപ്പത് ദിവസങ്ങൾ തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു അദ്ധ്യായമാണെന്നും കുറിച്ചു. റേച്ചലായി മാറിയതും മികച്ചൊരു അനുഭവമായിരുന്നുവെന്നും നടി കുറിപ്പിൽ പറയുന്നു.

എബ്രിഡ് ഷൈൻ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവഗതയായ ആനന്ദിനി ബാലയാണ്. തിരക്കഥാകൃത്ത് കഥാകൃത്തും കവിയുമായ രാഹുൽ മണപ്പാട്ട് എന്ന പുതുമുഖ തിരക്കഥാകൃത്തുമാണ്.