ചെന്നൈ: കാത്തിരിപ്പിനൊടുവിൽ ഇന്ന് പുലർച്ചെ വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ലിയോ റിലീസ് ചെയ്തിരിക്കുകയാണ്. കേരളം അടക്കമുള്ള മാർക്കറ്റുകളിൽ അഡ്വാൻസ് ബുക്കിംഗിലൂടെത്തന്നെ റെക്കോർഡ് ഓപണിങ് ആണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രം ആദ്യദിനം കണ്ടവരിൽ നിരവധി സെലിബ്രിറ്റികളുമുണ്ട്.

ഇപ്പോഴിതാ ചിത്രം കണ്ടതിന് ശേഷമുള്ള തന്റെ ആവേശം പങ്കുവച്ചിരിക്കുകയാണ് കല്യാണി പ്രിയദർശൻ. 'ബാഡ് ആസ് മാ! അതാണ്, അതാണ് ട്വീറ്റ്', എന്നാണ് കല്യാണി എക്സിൽ കുറിച്ചിരിക്കുന്നത്. ലിയോ എന്ന ഹാഷ് ടാഗിനൊപ്പം തീയുടെ ഇമോജിയും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. ചിത്രത്തിനുവേണ്ടി അനിരുദ്ധ് തയ്യാറാക്കിയ ഒരു ട്രാക്ക് ആണ് ബാഡ് ആസ് എന്നത്.

ലോകേഷിനൊപ്പം രത്ന കുമാറും ധീരജ് വൈദിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ് എസ് ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് നിർമ്മാണം. തൃഷ നായികയാവുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ, ഗൗതം വസുദേവ് മേനോൻ, മിഷ്‌കിൻ, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, ജോർജ് മരിയൻ, സാൻഡി മാസ്റ്റർ, ബാബു ആന്റണി, മനോബാല, മഡോണ സെബാസ്റ്റ്യൻ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

മനോജ് പരമഹംസ ഛായാഗ്രഹണവും ഫിലോമിൻ രാജ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.