ചെന്നൈ: മികച്ച പ്രേക്ഷക പ്രശംസയോടെ തിയറ്ററുകളിൽ മുന്നേറുകയാണ് ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്സ്'. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ അതിജീവനകഥയെ പ്രശംസിച്ച് നേരത്തെ തന്നെ തമിഴ്‌നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. 'മഞ്ഞുമ്മൽ ബോയ്‌സ് കണ്ടു. ജസ്റ്റ് വാവൗ! കാണാതിരിക്കരുത്. അഭിനന്ദനങ്ങൾ' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ഇപ്പോഴിതാ അഭിനന്ദനം അറിയിച്ച ഉദയനിധി സ്റ്റാലിനെ കാണാൻ മഞ്ഞുമ്മൽ ബോയ്സ് നേരിട്ടെത്തി. തമിഴ്‌നാട്ടിലെത്തിയ മഞ്ഞുമ്മൽ ബോയ്സിനെ നേരിട്ടു കണ്ടു ആശംസ അറിയിച്ചിരിക്കികയാണ് അദ്ദേഹം. സംവിധായകൻ ചിദംബരത്തെയും ചിത്രത്തിലെ താരങ്ങളും കാണാൻ കഴിഞ്ഞ സന്തോഷം ഉദയനിധി സ്റ്റാലിൻ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചു.

മഞ്ഞുമ്മൽ ബോയ്സിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മഞ്ഞുമ്മൽ ടീമിനെ നേരിട്ടു കാണാൻ സാധിച്ചതിൽ സന്തോഷമെന്നും മഞ്ഞുമ്മൽ താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. 'ജാൻ എ മൻ' എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

2006ൽ നടന്ന യഥാർത്ഥ കഥയാണ് സിനിമയാക്കിയിരിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, സംവിധായകൻ ജീൻ പോൾ ലാൽ, ഗണപതി, ചന്തു സലിംകുമാർ, സംവിധായകൻ ഖാലിദ് റഹ്മാൻ, അഭിറാം പൊതുവാൾ, അരുൺ കുര്യൻ, ദീപക് പറമ്പോൾ, ജോർജ് മരിയൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.