ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന് ശേഷവും മോഹൻലാൽ വീണ്ടും സിനിമാ തിരക്കുകളിലാണ്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന, ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ അടക്കമുള്ള ചിത്രങ്ങൾ അക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ യുഎസിലെ ലാസ് വേഗസ്സിൽ നിന്നുമുള്ള താരരാജവിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ആരാധകർക്കും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇത്. വെള്ള നിറത്തിലുള്ള കാഷ്വൽ വെയറിലാണ് ചിത്രങ്ങളിൽ മോഹൻലാൽ. തൊപ്പിയും സ്‌പെക്‌സുമൊക്കെയായി സ്‌റ്റൈല്ഷ് ലുക്കിലാണ് അദ്ദേഹം. ആരാധകരോട് അകലമൊന്നും പാലിക്കാതെ ഹൃദ്യമായി ഇടപെടുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം. എമ്പുരാന്റെ ചിത്രീകരണത്തിനൊപ്പം തന്റെ സംവിധാന അരങ്ങേറ്റമായ ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ടും മോഹൻലാലിന് അമേരിക്കയിൽ എത്തേണ്ടിയിരുന്നു.

മലയാളത്തിൽ ഏറ്റവുമധികം വിദേശ രാജ്യങ്ങളിൽ ചിത്രീകരിക്കുന്ന സിനിമ എമ്പുരാൻ ആയിരിക്കും. ഇരുപതോളം വിദേശ രാജ്യങ്ങളിൽ സിനിമയ്ക്ക് ചിത്രീകരണമുണ്ട്. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യമാണ്. നിരവധി വിദേശ താരങ്ങളും ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.