കൊച്ചി: നടി അനുശ്രീയുമായി ചേർത്ത് സാമൂഹ്യ മാധ്യമങ്ങളിൽ നടന്ന വ്യാജ പ്രചരണത്തിൽ രൂക്ഷമായി പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. വ്യാജ പ്രചരണത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. നിരവധിയാളുകൾ നടന് പിന്തുണയുമായി എത്തുകയാണ്.

ഉണ്ണി മുകുന്ദനും അനുശ്രീയും ഒന്നിച്ചുള്ള ഒരു ഫോട്ടോയ്‌ക്കൊപ്പം 'മലയാളികൾ കാത്തിരിക്കുന്നത് ഇവരുടെ കല്ല്യാണം എന്ന് നടക്കും എന്ന് അറിയാനാണ്' എന്ന ക്യാപ്ഷനുള്ള പോസ്റ്റാണ് നടൻ പങ്കുവെച്ചത്. 'ഈ ടൈപ്പ് വാർത്തകൾ നിർത്താൻ ഞാൻ എത്ര പേമെന്റ് ചെയ്യണം' എന്ന വ്യാജ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ഉണ്ണി മുകുന്ദൻ ചോദിച്ചു. താരങ്ങളുടേയും സ്വകാര്യത മാനിക്കണമെന്ന് പറഞ്ഞുകൊണ്ട് ഉണ്ണിമുകുന്ദന് പിന്തുണയുമായി നിരവധിയാളുകൾ എത്തി.

പോപ്പുലർ ഒപ്പീനിയൻസ് മലയാളം എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റിൽ ഉണ്ണി മുകുന്ദനും അനുശ്രീയും ഇരുന്ന് സംസാരിക്കുന്ന ഒരു ഫോട്ടോയ്‌ക്കൊപ്പം 'മലയാളികൾ കാത്തിരിക്കുന്ന ഇവരുടെ കല്ല്യാണം എന്ന് നടക്കും എന്ന് അറിയാനാണ്' എന്നാണ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഇതിന്റെ സ്‌ക്രീൻ ഷോട്ട് ഷെയർ ചെയ്ത് ഈ ടൈപ്പ് വാർത്തകൾ നിർത്താൻ ഞാൻ എത്ര പേമെന്റ് ചെയ്യണം എന്നാണ് ഉണ്ണി ചോദിക്കുന്നത്.

അതേസമയം, 'ജയ് ഗണേശ്' എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്നത്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഹിമ നമ്പ്യാരാണ് നായികയാവുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ജോമോൾ മലയാളസിനിമയിലേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണ് ജയ് ഗണേശ്. ഒരു അഭിഭാഷകയുടെ വേഷത്തിലാണ് ജോമോളെത്തുന്നത്. അശോകൻ, ഹരീഷ് പേരടി എന്നിവരും താരനിരയിലുണ്ട്.

ശങ്കർ ശർമയാണ് ജയ് ഗണേശിനായി പാട്ടുകളൊരുക്കുന്നത്. ചന്ദ്രു സെൽവരാജ് ഛായാഗ്രഹണവും സംഗീത് പ്രതാപ് എഡിറ്റിങ്ങും തപസ് നായക് സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. രഞ്ജിത് ശങ്കറും ഉണ്ണി മുകുന്ദനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഒരിടവേളയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന തമിഴ് ചിത്രം ഗരുഡൻ അണിയറയിൽ ഒരുങ്ങുകയാണ്. സൂരിയാണ് ചിത്രത്തിലെ നായകൻ. ശശി കുമാർ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ആർ എസ് ദുരൈ സെന്തിൽകുമാറാണ് ചിത്രത്തിന്റെ സംവിധാനം. രേവതി ശർമ്മ, ശിവദ, രോഷിണി ഹരിപ്രിയൻ, സമുദ്രക്കനി, മൈം ഗോപി, ആർ.വി.ഉദയകുമാർ, വടിവുകരശി, ദുഷ്യന്ത്, മൊട്ട രാജേന്ദ്രൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം ഈ വർഷം തന്നെ തിയറ്ററുകളിൽ എത്തും.