ചെന്നൈ: തൃഷയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് മുൻ എഐഎഡിഎംകെ നേതാവ് എവി രാജുവിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. എ.വി രാജുവിനെതിരെ പരാതി നൽകുമെന്ന് തൃഷ നേരത്തെ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ രാജുവിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുകയാണ് തൃഷ. ഇതിന്റെ വിവരങ്ങൾ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ തൃഷ പങ്കുവെച്ചിട്ടുണ്ട്.

തന്നെ സംബന്ധിച്ച അഭിപ്രായങ്ങളും റിപ്പോർട്ടുകളും വീഡിയോകളും ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്യണമെന്നും, പൊതുവേദിയിൽ സമാനമായ പരാമർശങ്ങളിലൂടെ തന്റെ പ്രതിച്ഛായ കൂടുതൽ നശിപ്പിക്കരുതെന്നും തൃഷ നോട്ടീസിലൂടെ ആവശ്യപ്പെട്ടു.നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ എവി രാജു തന്നോട് നിരുപാധികം മാപ്പ് പറയണമെന്നും നോട്ടീസിലുണ്ട്.

അഞ്ചു ലക്ഷത്തിലധികം സർക്കുലേഷനുള്ള പ്രമുഖ തമിഴ്, ഇംഗ്ലീഷ് പത്രത്തിലായിരിക്കണം മാപ്പപേക്ഷ പ്രസിദ്ധീകരിക്കേണ്ടത്. യുട്യൂബിൽ മാപ്പ് പറയുന്ന വീഡിയോ റിലീസ് ചെയ്യണമെന്നും തൃഷ ആവശ്യപ്പെട്ടു. നോട്ടീസിലെ ആവശ്യങ്ങൾ പാലിക്കാത്ത പക്ഷം സിവിൽ, ക്രിമിനൽ നടപടികളുമായി മുന്നോട്ടുപോകുമെന്നും തൃഷ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമായിരുന്നു എ വി രാജു തൃഷയ്ക്കെതിരെ വിവാദ പരാമർശം നടത്തിയത്. തൊട്ടുപിന്നാലെ തൃഷയുടെ പ്രതികരണവും എത്തിയിരുന്നു. ശ്രദ്ധനേടാൻ വേണ്ടി ഏതു തലത്തിലെയും ആളുകൾ എന്തും പറയുന്നതും മനസ്സിൽ നിന്ദ്യതയോടെ മാത്രം സംസാരിക്കുന്ന ആളുകളെ വീണ്ടും വീണ്ടും കാണുന്നത് വെറുപ്പുതോന്നിക്കുന്നു. ഇതിനെതിരെ ഉറപ്പായും കർശനമായ നടപടികൾ സ്വീകരിക്കു' മെന്നായിരുന്നു തൃഷയുടെ കമന്റ്. സിനിമ-സാംസ്‌കാരിക രംഗത്ത് നിന്നുള്ള നിരവധി പേരും തൃഷയ്ക്ക് ഐക്യദാഢ്യം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിലൂടെ എത്തിയിരുന്നു.