കൊച്ചി: പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ടർബോ'. മിഥുൻ മാനുവൽ തോമസ് ആണ് മുഴുനീള ആക്ഷൻ കോമഡി ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂർ സ്വാർഡ്, കാതൽ എന്നീ ചിത്രങ്ങളുടെ വിജയാഘോഷ പരിപാടിക്കൊപ്പമാണ് ടർബോയുടെ സെക്കന്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയത്.

പരിപാടിക്കിടെ മമ്മൂട്ടിയോട് സംവിധായകൻ വൈശാഖ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ടർബോയുടെ ചിത്രീകരണത്തിടെ തനിക്ക് 76 പരിക്കുകൾ ഉണ്ടായയെന്ന് മമ്മൂട്ടി പറഞ്ഞതിന് പിന്നാലെയാണ് വൈശാഖിന്റെ പ്രതികരണം.

'ആദ്യം തന്നെ എനിക്ക് മമ്മൂക്കയോട് വലിയൊരു സോറിയാണ് പറയാനുള്ളത്. കാരണം, അത്രയ്ക്ക് കഷ്ടപ്പെടുത്തിയിട്ടുണ്ട് ആ സിനിമയിൽ മമ്മൂക്കയെ. ഞാനെന്റെ ഒരു സിനിമയിലും ആരെയും ഇത്രയ്ക്ക് കഷ്ടപ്പെടുത്തിയിട്ടില്ല. ഐ ആം സോ സോറി. ഒരു തവണ മമ്മൂക്ക എന്നോട് പറഞ്ഞു, നീ എന്റെ പ്രായം മറന്നു പോകുന്നുവെന്ന്. അതിന് മറുപടിയായിട്ട് ഞാൻ പറഞ്ഞത്, 'എനിക്ക് മമ്മൂക്കേടെ പ്രായം 45നും 50നും ഇടയിലാണ്'. എന്നാൽ അങ്ങനെ തന്നെ വിശ്വസിച്ചോ എന്ന് മമ്മൂക്ക പറഞ്ഞു.

സിനിമയിലെ കഥാപാത്രത്തിന്റെ പ്രായത്തിലൂടെ മാത്രമേ ഞാൻ മമ്മൂക്കയെ കണ്ടിട്ടുള്ളൂ. ആ ക്യാരക്ടർ ചെയ്യുന്ന എല്ലാം ഞാൻ മമ്മൂക്കയെക്കൊണ്ട് ഞാൻ ചെയ്യിച്ചിട്ടുണ്ട്. ഒരുപാട് ദിവസം മൂന്ന് മണി വരെയും നാല് മണി വരെയും ഷൂട്ട് ചെയ്ത് കഷ്ടപ്പെടുത്തിയിട്ടുണ്ട്. ഈ സിനിമയിലെ എന്റെ ഏറ്റവും വലിയ വിശ്വാസവും മമ്മൂക്ക തന്നെയാണ്'- വൈശാഖ് പറഞ്ഞു.