തിരുവനന്തപുരം: കാലത്തിനനുസരിച്ച് മാറാൻ സർക്കസും. സർക്കസ് ഒടുവിൽ ഓൺലൈനിലേക്കു മാറുന്നു. ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി സുജിത്തിന്റെ പുണെയിലെ റാമ്പോ സർക്കസ് ആണ് പരീക്ഷണം നടത്തുന്നത്. 25ന് ആണ് ആദ്യ ഓൺലൈൻ സർക്കസ്. ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി ലഭിക്കും. കാണികളെ പ്രവേശിപ്പിക്കാനാകാതെ കിടക്കുന്ന ടെന്റുകളിൽ സദസ്സില്ലാതെ സർക്കസ് ചിത്രീകരിച്ച് ഓൺലൈനിൽ പ്രദർശിപ്പിക്കാനാണു ലക്ഷ്യമിടുന്നത്.

ടിവിയും ഓൺലൈൻ മാധ്യമങ്ങളും കാരണം കാഴ്ചക്കാരെ കിട്ടാതായതോടെയാണ് ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാൻ സർക്കസ് കലാകാരന്മാർ സൈബർ ഇടങ്ങളെ ആശ്രയിക്കാനൊരുങ്ങുന്നത്. ലോക് ഡൗൺ മൂലം പ്രദർശനം നിർത്തിയതോടെ രാജ്യത്തെ സർക്കസ് കമ്പനികളെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. 150 വർഷത്തെ ചരിത്രമുള്ള ഇന്ത്യൻ സർക്കസിനു പുതുജീവൻ പകരുന്നതാകും പരീക്ഷണമെന്നാണ് സർക്കസ് ഉടമകൾ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 8 വർഷത്തിനിടെ കേരളത്തിലേതുൾപ്പെടെ 5 സർക്കസ് കമ്പനികൾ പൂർണമായും പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്.