ന്യൂഡൽഹി: ഇനി ജനന സർട്ടിഫിക്കറ്റ് പൗരത്വരേഖയായി പരിഗണിക്കുമെന്ന് സൂചന. പ്രധാനമന്ത്രിയുടെ അറുപതിന കർമപരിപാടിയിൽ ഈ നിർദ്ദേശം ഉൾപ്പെടുത്തും. ഇതോടെ ഇന്ത്യയിൽ ജനിക്കുന്ന എല്ലാവരും ഇന്ത്യൻ പൗരന്മാരാകും. നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം.

ഇന്ത്യയിൽ പൗരത്വം തെളിയിക്കുന്നതിനായി പ്രത്യേക രേഖ ഇല്ലാത്ത സാഹചര്യത്തിലാണ് കേന്ദ്രം പുതിയ നീക്കവുമായി എത്തുന്നത്. വിഷയത്തിൽ പഠനം നടത്തി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പ്രധാനമന്ത്രി വിവിധ മാന്ത്രാലയ സെക്രട്ടറിമാർക്ക് നിർദ്ദേശവും നൽകി. ഈ റിപ്പോർട്ട് അനുസരിച്ച് ആയിരിക്കും ജനന സർട്ടിഫിക്കറ്റ് പൗരത്വരേഖയായി കണക്കാക്കുമോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക. അതിവേഗ തീരുമാനമാണ് പ്രതീക്ഷിക്കുന്നത്.

സെപ്റ്റംബർ 18നു പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികളുടെ യോഗം ചേർന്നിരുന്നു. ഇതിലുയർന്ന നിർദ്ദേശങ്ങളിൽ നിന്നാണ് 60 എണ്ണം തിരഞ്ഞെടുത്തത്. ഇവ അതതു മന്ത്രാലയങ്ങളുടെ സെക്രട്ടറിമാർക്ക് തുടർനടപടികൾക്കായി കൈമാറി. 5 വർഷത്തിനുള്ളിൽ ദാരിദ്ര്യം നിർമ്മാർജനം ചെയ്യാനുള്ള നടപടി സ്വീകരിക്കാൻ നിതി ആയോഗിനു നിർദ്ദേശം നൽകി. ചേരികൾ രൂപപ്പെടാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കും.

വിവിധ മന്ത്രാലയങ്ങളുടെ പദ്ധതികൾ ആധാർ അധിഷ്ഠിതമാക്കണം. ആധാറിനു സമാനമായി ഫാമിലി ഡേറ്റാബേസ് ഡിസൈൻ തയാറാക്കും. ദുർബലവിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾക്കായി തദ്ദേശീയമായി നിർമ്മിച്ച ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകളും നൽകും. ഭൂരേഖകളുടെ ഡിജിറ്റൈസേഷനും നടപ്പാക്കിയേക്കും.

വ്യാപാര കരാറുകളിൽമേൽ തൊഴിൽ ഉറപ്പാക്കൽ, പൊതുപരിസ്ഥിതി നിയമം, കുടുംബങ്ങളുടെ വിവര ശേഖരണം തുടങ്ങിയ 60 ഓളം പ്രധാനതീരുമാനങ്ങൾ പ്രത്യേകമായി പരിഗണിച്ചാണ് കേന്ദ്രം നടപ്പാക്കാനൊരുങ്ങുന്നത്. ചർച്ചയിൽ പ്രധാനമന്ത്രി നിർദ്ദേശിച്ച കാര്യങ്ങളിൽ പഠനം നടത്തി അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വകുപ്പുകളുടെ സെക്രട്ടറിമാർക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

സിവിൽ സർവീസ് പരിഷ്‌കരണം, ബിസിനസ് അന്തരീക്ഷം വികസിപ്പിക്കൽ, വിവരസാങ്കേതിക വിദ്യയെ ഭരണത്തിനായി ഉപയോഗപ്പെടുത്തൽ എന്നിവയും നിർദ്ദേശത്തിലുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായ സാഹചര്യത്തിൽ അതിനെ ഉത്തേജിപ്പിക്കുന്ന പദ്ധതികൾക്കാണ് 60 ഇന പരിപാടിയിൽ പ്രധാനമായും ഊന്നൽ കൊടുക്കുന്നത്.