തിരുവനന്തപുരം: ബിജെപി സ്ഥാനാർത്ഥിയായി സികെ ജാനുവിനെ മത്സരിപ്പിക്കാൻ ബിജെപി പത്ത് ലക്ഷം രൂപ കൊടുത്തുവെന്ന് ആരോപണം. ഇത് തെളിയിക്കുന്ന ഫോൺ സംഭാഷണം പുറത്തു വന്നു. ജാനുവിനൊപ്പമുണ്ടായിരുന്ന പ്രസീതയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും നടത്തിയ സംഭാഷണമാണ് ചർച്ചയാകുന്നത്. പത്ത് ലക്ഷം രൂപ കൊടുത്താൽ മാത്രമേ ബിജെപിയിൽ ചേരൂവെന്നാണ് സികെ ജാനുവിന് വേണ്ടി പ്രസീത പറയുന്നത്. ഇത് സുരേന്ദ്രൻ അംഗീകരിക്കുന്നുണ്ട്.

ജാനുവിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നും പത്ത് ലക്ഷം രൂപ കൊടുക്കണമെന്നും പ്രസീതയാണ് സുരേന്ദ്രനോട് ആവശ്യപ്പെടുന്നത്. സികെ ജാനുവിനെ ബിജെപിയിൽ എത്തിക്കുന്നതിന്റെ ഭാഗമാണ് ഇതെന്നും വ്യക്തമാണ്. പത്ത് കോടിയും അഞ്ചു സീറ്റും ജാനു ആവശ്യപ്പെട്ടു. കോട്ടയത്തെ ചർച്ചയിൽ ഇതൊന്നും ബിജെപി അംഗീകരിച്ചില്ല. ഇതിന് ശേഷമാണ് പ്രസീതയും സുരേന്ദ്രനും തമ്മിലെ ചർച്ച. ജാനു മയപ്പെട്ടെന്നും പത്ത് ലക്ഷം രൂപ നൽകണമെന്നും പ്രസീത ആവശ്യപ്പെടുന്നു. പാർട്ടി പ്രവർത്തനത്തിനും കുറച്ച് പണം വേണമെന്ന് സുരേന്ദ്രനോട് പ്രസീത ആവശ്യപ്പെടുന്നു.

അമിത് ഷായുടെ പരിപാടിക്ക് മുമ്പ് പണം കൊടുത്തുവെന്ന് പ്രസീത പറയുന്നു. പണം കൊടുക്കാമെന്ന് പ്രസീതയോട് കെ സുരേന്ദ്രൻ സമ്മതിക്കുന്നുണ്ട്. എന്നാൽ ഈ വാർത്ത സികെ ജാനു നിഷേധിച്ചു. തനിക്കൊന്നും അറിയില്ലെന്ന് സികെ ജാനു പ്രതികരിച്ചു. ആരേയും ഒന്നിനും പാർട്ടി ചുമതലപ്പെടുത്തിയിട്ടില്ല. ഈ ശബ്ദരേഖയെ കുറിച്ചും അറിയില്ല. ഇങ്ങനെ സംസാരിക്കാൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജാനു പറയുന്നു. ഇതോടെ വിവാദം പുതിയ തലത്തിലെത്തുകയാണ്. തനിക്കുള്ള ബാധ്യത അതേ പോലെ നിൽക്കുകയാണെന്നും ജാനു പറഞ്ഞിട്ടുണ്ട്.

എന്നാൽ ജാനു പാർട്ടിക്കുള്ള പണവും വാങ്ങിയെന്നാണ് പ്രസീത പറയുന്നത്. സിപിഎമ്മിനോട് ചേർന്ന് പ്രവർത്തിക്കുകയായിരുന്നു ജാനു. ഇതിനിടെയാണ് ബിജെപി വീണ്ടും സമീപിച്ചത്. നേരത്തെ തന്നെ ബത്തേരിയിലേത് പെയ്‌മെന്റ് സീറ്റാണെന്ന വാദം ശക്തമായിരുന്നു. ഇവിടെ ബിജെപി പണം കൊടുത്ത് ജാനുവിനെ സ്ഥാനാർത്ഥിയാക്കിയെന്ന് മാത്രം. എൻഡിഎയ്ക്ക ശക്തിക്ഷയം ഉണ്ടായില്ലെന്ന് വരുത്താനായിരുന്നു ഈ നീക്കം.

തന്നെ ആരും ജനാധിപത്യ രാഷ്ട്രീയ പാർട്ടിയിൽ നിന്ന് പുറത്താക്കിയില്ലെന്ന് സുൽത്താൻ ബത്തേരി മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ജെ.ആർ.പി സംസ്ഥാന അധ്യക്ഷയുമായ സി.കെ. ജാനു നേരത്തെ പറഞ്ഞിരുന്നു. പ്രകാശൻ മൊറാഴ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. പ്രകാശൻ മൊറാഴ പാർട്ടിയുടെ ജനറൽ സെക്രട്ടറി അല്ല, വെറും അംഗം മാത്രമാണെന്നും സി.കെ ജാനു പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഓഡിയെ പുറത്തു വരുന്നത്. ഇത് വെട്ടിലാക്കുന്നത് സുരേന്ദ്രൻ മാത്രമാണ്.

ബിജെപിയുമായി ചേർന്ന് വോട്ട് തിരിമറിയോ ഒരുവിധ സാമ്പത്തിക ഇടപാടുകളോ നടത്തിയിട്ടില്ല. ഇതൊക്കെ കെട്ടിച്ചമച്ച ആരോപണങ്ങളാണ്. കൊടകര കുഴൽപ്പണം കേസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ തനിക്കറിയില്ലെന്നും ജാനു കൂട്ടിച്ചേർത്തിരുന്നു.