ഡാളസ്: ഡാളസ് കൗണ്ടിയിലെ ഏറ്റവും വലിയ കോവിഡ് 19 വാക്സിനേഷൻ ഹബ്ബായ ഫെയർ പാർക്ക് ഡാളസിലെ രൂക്ഷമായ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളിൽ അടച്ചിടുമെന്നു ഡാളസ് കൗണ്ടി അധികൃതർ അറിയിച്ചു. കൗണ്ടിയിലെ പല സെന്ററുകളും ഞായറാഴ്ചയും തിങ്കളാഴ്ചയും അടഞ്ഞുകിടക്കും. തിങ്കളാഴ്ചയിലെ കാലാവസ്ഥ വിലയിരുത്തി തുടർന്നും അടച്ചിടേണ്ടിവരുമോ എന്നത് പിന്നീട് തീരുമാനിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

ആദ്യ ഡോസ് വാക്സിൻ ലഭിച്ചവർക്ക് രണ്ടാമത് ഡോസിന് ആവശ്യമായ സ്റ്റോക്ക് കൗണ്ടിയിൽ ഉണ്ടെന്നും ദിവസങ്ങൾ വൈകിയാലും എല്ലാവർക്കും ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. രണ്ടാമത്തെ ഡോസിന് തീയതി ലഭിച്ചിട്ടുള്ളവർ പരിഭ്രാന്തരാകേണ്ടതില്ലെന്നും, നാലോ അഞ്ചോ ദിവസം വൈകിയാലും അതിൽ തെറ്റില്ലെന്നും അധികൃതർ പറയുന്നു.

ഈസ്റ്റ് ഹിൽസ് കമ്യൂണിറ്റി കോളജിലേയും വാക്സിൻ സെന്റർ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അടച്ചിടും. വാക്സിൻ സെന്ററുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ dallascountycovid.org-ൽ നിന്നും ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.