തിരുവനന്തപുരം: സംസ്ഥാന സർക്കാർ റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റുകൾക്ക് വേണ്ടി കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിച്ചുനൽകിയ സഞ്ചികളുടെ പണം ഇതുവരെ നൽകാത്തതിനെ പറ്റിയും സർക്കാർ ഓർഡർ അനുസരിച്ച് നിർമ്മിച്ച സഞ്ചികൾ പൂർണമായും ഏറ്റെടുക്കാത്തതിനെ പറ്റിയും മറുനാടൻ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സർക്കാരിന്റെ വാക്ക് വിശ്വസിച്ച കുടുംബശ്രീ യൂണിറ്റുകളെ പ്രതിസന്ധിയിലാക്കിയത് പോരാതെ അവരുടെ ഓർഡറിന്റെ മറവിൽ നടത്തിയ തുണി സഞ്ചിയുടെ അഴിമതിയും ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.

തുണി സഞ്ചിക്ക് ഓർഡർ ലഭിച്ച ഖാദി സ്ഥാപനത്തിന്റെ രേഖകൾ വ്യാജമായി നിർമ്മിച്ച് തമിഴ്‌നാട്ടിൽ നിന്നു ഒന്നര ലക്ഷത്തിലേറെ സഞ്ചികൾ കഴിഞ്ഞ 2 മാസങ്ങളിലായി എത്തിച്ചെന്നാണ് വിവരം. സിവിൽ സപ്ലൈസ് കോർപറേഷന്റെ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര, ആറ്റിങ്ങൽ, കൊല്ലത്തെ കരുനാഗപ്പള്ളി ഡിപ്പോകളിൽ എത്തിയ സഞ്ചികളുടെ ലോഡ് സംബന്ധിച്ച് ഇനിയും സപ്ലൈകോയോ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പോ അന്വേഷണം നടത്തിയിട്ടില്ല.

ഖാദി ഗ്രാമവ്യവസായം എന്ന് അംഗീകാരമുള്ള തൈക്കാട് ആസ്ഥാനമായ കേരള എജ്യുക്കേഷനൽ ഡവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് സൊസൈറ്റിയുടെ (കേഡസ്) പേരിലാണു സഞ്ചികൾ കടത്തിയത്. സ്ഥാപനത്തിന്റെ ജിഎസ്ടി നമ്പർ ഉപയോഗിച്ച് വ്യാജ ഇവേ ബിൽ നിർമ്മിച്ചാണു സഞ്ചികൾ കടത്തിയതെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കേഡസ് ഡയറക്ടർ എൻ.ബാലഗോപാൽ ഡിജിപിക്കും സപ്ലൈക്കോയ്ക്കും പരാതി നൽകി.

കന്യാകുമാരിയിലെ പോയൻകുഴി മൊട്ടവിളൈയിലുള്ള സ്ഥാപനത്തിൽ നിന്നാണു ലോഡ് എന്നും സംസ്ഥാന ഖാദി ബോർഡിന്റെ ഓർഡർ അനുസരിച്ചാണ് ഇവ എത്തിച്ചതെന്നു വിവരം ലഭിച്ചതായും പരാതിയിലുണ്ട്. പരാതിയിൽ കന്റോൺമെന്റ് പൊലീസ് പ്രാഥമിക അന്വേഷണം നടത്തി കേഡസ് ഡയറക്ടറിൽ നിന്നു മൊഴിയെടുത്തു. ലോഡ് എത്തിയ കാര്യം സപ്ലൈകോ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര, ആറ്റിങ്ങൽ, കരുനാഗപ്പള്ളി ഡിപ്പോകളിലേക്ക് 50,000 വീതം സഞ്ചികളുടെ ഓരോ ലോഡ് മേയിലാണ് എത്തിയിരിക്കുന്നത്. നെയ്യാറ്റിൻകരയിലേക്ക് 1850 സഞ്ചികളുടെ മറ്റൊരു ലോഡ് ഏപ്രിലിലും എത്തിയിരുന്നു.

നേരത്തെ കുടുംബശ്രീക്കു ലഭിച്ച സഞ്ചി നിർമ്മാണത്തിന്റെ ഓർഡറിന്റെ മറവിൽ നടന്ന ക്രമക്കേട് പുറത്തുവന്നിരുന്നു. തമിഴ്‌നാട്ടിൽ നിന്നു കുറഞ്ഞ വിലയ്ക്കു സഞ്ചി വാങ്ങി കുടുംബശ്രീ യൂണിറ്റ് കൂടിയ വിലയ്ക്കു സപ്ലൈകോയ്ക്കു നൽകിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. യൂണിറ്റിന് എതിരെ നടപടിയെടുക്കാൻ നിർദേശിച്ചതായാണ് ഭക്ഷ്യമന്ത്രി അറിയിച്ചത്.