തിരുവനന്തപുരം: ഒരോ ലോക് ഡൗൺ കാലവും പുതുമകളെ കൊണ്ട് സമ്പന്നമാക്കുന്നവരാണ് മലയാളികൾ. കഴിഞ്ഞ വർഷത്തെ ലോക് ഡൗണിൽ ഓൺലൈൻ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയാണ് മിക്കവരും അ ദിനങ്ങളുടെ വിരസതയെ മറികടന്നത്. അങ്ങിനെ ഈ ലോക് ഡൗൺ കാലത്തും മലയാളിക്ക് ഒരു പുതിയ കൂട്ടുകാരനെ കിട്ടിയിരിക്കുകയാണ്.. 'ക്ലബ് ഹൗസ്'.സാമൂഹിക ഇടപെടലുകൾ സൈബർ ഇടങ്ങളിലേക്ക് ചുരുങ്ങിയ ലോക്ഡൗൺ കാലത്ത് തരംഗമാകുകയാണ് ക്ലബ്ബ് ഹൗസ് എന്ന സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ.

ആൻഡ്രോയ്ഡ് ഡിവൈസുകളിലേക്ക് കൂടി ആപ്ലിക്കേഷൻ എത്തിയതോടുകൂടിയാണ് കേരളത്തിൽ ക്ലബ്ബ് ഹൗസ് പ്രധാന ചർച്ചാ വിഷയമായി മാറിയത്.2020 മാർച്ചിൽ ആരംഭിച്ച ക്ലബ് ഹൗസ് കേരളമടക്കമുള്ള സ്ഥലങ്ങളിൽ വ്യാപക പ്രചാരം നേടിയത് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്. ആദ്യം ആൻഡ്രോയിഡ് ഫോണുകളിൽ ആപ്പ് ലഭ്യമല്ലാത്തതിനാലാണ് ഇന്ത്യയിൽ ക്ലബ് ഹൗസിന് വേണ്ടത്ര പ്രചാരം ലഭിക്കാതെ ഇരുന്നത്.മെയ് 21 ന് ആപ്പ് ആൻഡ്രോയിഡ് അരങ്ങേറ്റം നടത്തിയതോടെ ഇന്ത്യയിലും ആപ്ലിക്കേഷന് ആളുകൾ കൂടുതലെത്തി.

ശബ്ദമാണ് ക്ലബ് ഹൗസിലാകെ. ഇഷ്ടമുള്ള വിഷയങ്ങൾ ചർച്ചചെയ്യാനൊരിടം, പ്രശ്‌നങ്ങളിൽ ശബ്ദമുയർത്താനൊരിടം, തമാശകൾ പറയാനൊരിടം, ഇവയെല്ലാം കേൾക്കാനൊരിടം , സൗഹൃദങ്ങൾ പങ്കുവെക്കാനൊരിടം. എല്ലാവരും പരസ്പരം ഉള്ളുതുറന്ന് സംസാരിക്കുകയാണ് ക്ലബ് ഹൗസിൽ

അറിയാം ക്ലബ് ഹൗസിനുള്ളിലെ വിശേഷങ്ങൾ

ഒരു ഓഡിയോ ചാറ്റ് ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ്. ഉപയോക്താക്കൾക്ക് വിവിധ വിഷയങ്ങളിൽ ആളുകൾ നടത്തുന്ന സംഭാഷണങ്ങൾ, അഭിമുഖങ്ങൾ, ചർച്ചകൾ കേൾക്കാം. ഒരു തരത്തിൽ പറഞ്ഞാൽ പോഡ് കാസ്റ്റിന് പോലെയൊരുസംവിധാനം. ക്ലബ് ഹൗസിലെ സംഭാഷണങ്ങളെല്ലാം തത്സമയം കേൾക്കാം.

ഒരു കോൺഫറൻസ് ഹാളിന് സമാനമാണ് ക്ലബ് ഹൗസിലെ കോൺവർസേഷൻ റൂം. അതിൽ കുറച്ച് പേർ സംസാരിക്കുകയായിരിക്കും. മറ്റുള്ളവർ അത് കേൾക്കുന്നവരും.സൗഹൃദ സദസിലെ സംസാരവും, സെമിനാർ ഹാളിലെ ചർച്ചകളുമൊക്കെ അനായാസം സൈബർ ഇടത്തിലേക്ക് പറിച്ചു നടാനുള്ള അവസരമാണ് ക്ലബ്ബ് ഹൗസിൽ നിന്ന് ലഭിക്കുന്നത്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏതൊരു വിഷത്തെക്കുറിച്ചും ക്ലബ്ബ് ഹൗസിൽ സംസാരിക്കാമെന്നത് ഗുണമാണ്.

റൂം എന്ന ആശയത്തിന്മേലാണ് ഇത്തരം ചർച്ചാ വേദികൾ ആപ്ലിക്കേഷനിൽ ഒരുക്കിയിരിക്കുന്നത്. നിലവിൽ 5000 അംഗങ്ങളെ വരെ റൂമിൽ ഉൾപ്പെടുത്താം. റൂം ക്രിയേറ്റ് ചെയ്യുന്നയാളാണ് ചർച്ചയുടെ മോഡറേറ്റർ. റൂമിൽ ആരൊക്കെ സംസാരിക്കണമെന്ന് തീരുമാനിക്കുന്നതും മോഡറേറ്ററാണ്. റൂമിൽ കയറിയാൽ അവിടെ നടക്കുന്ന എന്ത് സംസാരവും നിങ്ങൾക്ക് കേൾക്കാം. കൂടുതൽ പ്രൈവസി ആവശ്യമാണെങ്കിൽ ക്ലോസ്ഡ് റൂം ക്രിയേറ്റ് ചെയ്യാം.

എങ്ങിനെ ക്ലബ് ഹൗസിന്റെ ഭാഗമാകാം

ഫോൺ നമ്പർ അടിസ്ഥാനമാക്കിയാണ് ക്ലബ്ബ് ഹൗസിൽ ചേരാൻ സാധിക്കുക. ആപ്പിൾ ഐ ഫോൺ ഉപയോക്താക്കൾക്ക് ആപ്പിൾ സ്റ്റോറിൽ നിന്നും ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് പ്ലേസ്റ്റോറിൽ നിന്നും സൗജന്യമായി ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഇൻവൈറ്റിലൂടെയാണ് ആപ്പിൽ ചേരാൻ സാധിക്കുന്നത്. ഇൻവൈറ്റ് ലഭിച്ചില്ലെങ്കിൽ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത ശേഷം വെയ്റ്റ് ലിസ്റ്റിൽ നിന്നാൽ ക്ലബ് ഹൗസിലെ നിങ്ങളുടെ സുഹൃത്തുക്കൾ വഴി ആപ്പിന്റെ ഭാഗമാകാം.

നിലവിലുള്ള അംഗങ്ങൾ ക്ഷണിച്ചാൽ മാത്രമേ ക്ലബ് ഹൗസിൽ അംഗമാവാൻ സാധിക്കൂ. അല്ലാതെ ആപ്പ്‌സ്റ്റോറിൽ കയറി നേരിട്ട് ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കില്ല. നമ്മുടെ നാട്ടിലെ ചില ക്ലബുകൾ അങ്ങനെയാണ് നിലവിലുള്ള അംഗങ്ങളുടെ നിർദ്ദേശമില്ലാതെ പുതിയ ആളെ ചേർക്കില്ല. ഏറെക്കുറെ അതിന്റെ ഒരു ഡിജിറ്റൽ രൂപം.

മാത്രവുമല്ല തോന്നുന്നവരെയെല്ലാം ക്ലബ് ഹൗസിലേക്ക് ഇഷ്ടം പോലെ ക്ഷണിക്കാൻ നിലവിലുള്ള ഉപയോക്താവിന് സാധിക്കില്ല. രണ്ട് പേരെ മാത്രമേ നിലവിൽ ഇവർക്ക് ക്ഷണിക്കാനാവൂ.ഈ വർഷം ക്ലബ് ഹൗസ് ആപ്പിന്റെ ബീറ്റ പരീക്ഷണ ഘട്ടം പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതിനാൽ ക്രമേണ കൂടുതൽ ഉപയോക്താക്കളിലേക്ക് ക്ലബ് ഹൗസിന്റെ വാതിലുകൾ തുറന്നുകൊടുക്കാനാണ് സാധ്യത

ചിത്രങ്ങളും എഴുത്തുകളുമില്ല.. സംസാരം മാത്രം

ക്ലബ്ഹൗസ് പഴമയിലേക്കുള്ള ഒരു മടങ്ങിപ്പോക്കാണ്. ഇവിടെ സംവേദനത്തിനായി മൾട്ടിമീഡിയ ആർട്ടില്ല, പടമില്ല, അക്ഷരങ്ങളില്ല. പകരം ശബ്ദം മാത്രം. ലൈവായ വോയിസ്. ക്ലബ്ഹൗസിൽ സംസാരവും സംഗീതവുമാണ് പ്രധാനമായും പങ്ക് വെക്കപ്പെടുന്നത്. ടെക്‌സ് ചാറ്റ് റൂമുകളെപ്പോലെ, ഒച്ചകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ റൂമുകളും ക്ലബുകളുമാണ് ഇവിടെയുള്ളത്.

പ്രൈവസി ഒപ്ഷൻസിനെ അടിസ്ഥാനപ്പെടുത്തി ഓപൺ, സോഷ്യൽ, ക്ലോസ്ഡ് ഇങ്ങനെ മൂന്ന് തരം റൂമുകളുണ്ട്. ക്ലബുകൾ കുറച്ച് കൂടി ശാശ്വതമാണ്. സാമാന്യതാൽപര്യങ്ങളുള്ള സ്ഥിരം മെമ്പർമാരുമായി അവിടെ കൂടാം. എന്നാൽ റൂമുകൾ താത്കാലികമാണ് ചർച്ചകൾ അവസാനിക്കുന്ന മുറയ്ക്ക് റൂമുകൾ മാഞ്ഞ് പോകും.

ഇത്തരം സവിശേഷതകൾ കൊണ്ട് തന്നെ ഇൻസ്റ്റൻഡ് മെസേജിങ്ങ് ആപ്ലിക്കേഷനുമായി ക്ലബ്ബ് ഹൗസിനെ താരതമ്യപ്പെടുത്താൻ സാധിക്കില്ല.

ഐക്കൺ ഇമേജായി ഡ്രൂ കറ്റോക്ക വന്നതെങ്ങിനെ

ക്ലബ് ഹൗസ് ആപ്പിന്റെ ഐക്കൺ ഇമേജായുള്ളത് ഒരു സ്ത്രീയുടെ മുഖമാണ്. ഇവർ ആരാണ് എന്ന ചോദ്യവും ചിലർ നവമാധ്യമങ്ങളിൽ ഉന്നയിച്ചിരുന്നു. ക്ലബ് ഹൗസിന്റെ ആദ്യകാല അംഗങ്ങളിൽ പ്രമുഖയായിരുന്ന സാമൂഹ്യപ്രവർത്തകയും കലാകാരിയുമായ ഡ്രൂ കറ്റോക്കയുടെ ചിത്രമാണ് ക്ലബ് ഹൗസ് ഐക്കൺ ഇമേജായി നിർത്തിയിരിക്കുന്നത്.

സ്ത്രീകളുടെ അവകാശങ്ങൾ അടക്കമുള്ള സാമൂഹിക വിഷയങ്ങളിലും വംശീയവിവേചനങ്ങൾക്കെതിരെയുമെല്ലാം ശബ്ദമുയർത്തിക്കൊണ്ടാണ് കലാ രംഗത്തും അവർ നിലകൊണ്ടത്. വിഷ്വൽ കലാകാരി എന്ന നിലയിലാണ് അവർ പ്രശസ്തി നേടിയിരുന്നത്.

ഏഷ്യൻ വംശജരോടുള്ള അമേരിക്കയുടെ വിദ്വേഷം, വംശീയ അതിക്രമങ്ങൾ എന്നിവയോടെല്ലാം പ്രതികരിക്കാൻ ഡ്രൂ കറ്റോക്ക സ്വീകരിച്ച മാർഗം ക്ലബ് ഹൗസിലെ ഒരു ചാറ്റ് റൂമായിരുന്നു. ഏഴ് ലക്ഷം ആളുകൾ വരെ അന്ന് അവരെ കേൾക്കാനായി ചാറ്റ്റൂമിൽ എത്തിയിരുന്നു. ക്ലബ് ഹൗസിന് വലിയ സ്വീകാര്യത നേടിക്കൊടുത്തതിലുള്ള സ്മരണ എന്ന നിലയിൽ കൂടിയാണ് ക്ലബ് ഹൗസിന്റെ ഐക്കൺ ഇമേജായി ഡ്രൂ കറ്റോക്ക എത്തിയത്.

സംഭവമൊക്കെ നല്ലത്... എന്നാലും!

ദിവസേന ക്ലബ് ഹൗസിന്റെ പ്രചാരം ഏറുമ്പോഴും ഈ പുതിയ അതിഥിയെക്കുറിച്ചുള്ള ആശങ്കയും ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിൽ പ്രധാനം ശബ്ദം മാറ്റിക്കൊണ്ടുള്ള ആൾമാറാട്ടം തന്നെയാണ്.ആൾമാറാട്ടം, ശബ്ദതട്ടിപ്പുകൾ തുടങ്ങിയ പ്രശ്നങ്ങൾ ക്ലബ് ഹൗസിൽ നടന്നേക്കാമെന്ന മുന്നറിയിപ്പുകളും ഇതിനോടകം വിദഗ്ദ്ധർ നൽകിക്കഴിഞ്ഞു.

നേരത്തെ ഇന്ത്യയിൽ ഈ ആപ്പ് വാർത്തകളിൽ ആദ്യം ഇടം പിടിച്ചത് വിവാദത്തോടെയാണ്. ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്‌കരിച്ച പ്രശാന്ത് കിഷോറിന്റെ ചില ഓഡിയോ ക്ലിപ്പുകൾ വിവാദമായിരുന്നു. ഈ വിവാദം സുരക്ഷിതത്വത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

നിലവിൽ ക്ലബ്‌ഹൗസിൽ ഒരു ചർച്ച വേദി 'റൂം' ഉണ്ടാക്കിയാൽ അത് തീർത്തും ലൈവാണ്. അതിൽ പറയുന്ന കാര്യങ്ങൾ റെക്കോഡ് ചെയ്യാൻ സാധ്യമല്ല. ക്ലബ്ഹൗസും ഈ കാര്യം വ്യക്തമാക്കുന്നുണ്ട്, ഉപഭോക്താക്കളുടെ വിവരങ്ങൾ സംസാരങ്ങൾ എന്നിവ റെക്കോർഡ് ചെയ്യുന്നുണ്ടെങ്കിലും ഇപ്പോൾ ശേഖരിച്ച് വെക്കുന്നില്ല എന്നാണ് പറയുന്നത്, ഭാവിയിൽ ശേഖരിച്ചേക്കാം എന്നും ഇവർ പറയുന്നുണ്ട്.

നിലവിൽ റൂമിലെ സംസാരം അവസാനിച്ച ശേഷം കുറ്റകമായ ഉള്ളടക്കങ്ങളൊന്നും ഇല്ലെങ്കിൽ റെക്കോർഡും റൂമും വോയിസുകളും ഡിലീറ്റ് ആകും. ഡാറ്റകൾ എവിടേയും സേവ് ചെയ്യപ്പെടുന്നില്ല. പക്ഷെ ഭാവിയിലെ നിയമപ്രശ്‌നങ്ങൾക്ക് അനുസരിച്ച് ചിലപ്പോൾ കമ്പനി നിലപാട് മാറ്റിയേക്കാം

എന്തുതന്നെ ആയാലും മറ്റ് സോഷ്യൽ മീഡിയ ആപ്പുകൾ പോലെ നിയന്ത്രണങ്ങൾ വരുന്നത് വരെ ഈ ക്ലബ് ഹൗസ് ആഘോഷിക്കപ്പെടുമെന്നതിൽ തർക്കമില്ല.