തിരുവനന്തപുരം: ജനങ്ങളെ ഏകോപിപ്പിക്കുന്നതിനേക്കാൾ എത്രകണ്ട് ഭിന്നിപ്പിക്കാം എന്നാണ് കേന്ദ്രഭരണകൂടവും അതിന്റെ വക്താക്കളും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സവർക്കറെ ന്യായീകരിക്കാൻ ഗാന്ധിജിയെ രണ്ടാമതും കൊലപ്പെടുത്തുകയാണ് സംഘപരിവാർ എന്നും അദ്ദേഹം പറഞ്ഞു.

ചരിത്രം വളച്ചൊടിക്കുന്നതും കൃത്രിമമായി ചരിത്രം സൃഷ്ടിക്കുന്നതും അതിന്റെ ഭാഗമായാണ്. സവർക്കർ മാപ്പെഴുതിക്കൊടുത്തത് ഗാന്ധിജി നിർദ്ദേശിച്ചിട്ടാണ് എന്നാണ് പുതിയ കഥ. എന്നാൽ നീണ്ട ജയിൽ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ഗാന്ധിജി മാപ്പപേക്ഷിച്ചിട്ടില്ല. നിരവധികാലം ജയിലിൽ കിടന്ന എ.കെ.ജി മാപ്പഴുതിക്കൊടുത്ത് പുറത്തുവന്നില്ല. ശാസ്ത്ര ചിന്തയ്ക്കു പകരം അന്ധവിശ്വാസവും വ്യാജ ചരിത്രവും കേന്ദ്ര സർക്കാർ തന്നെ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ അറുപത്തി മൂന്നാം സംസ്ഥാന സമ്മേളനം മഹാത്മാ അയ്യങ്കാളി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.വാക്സിൻ ചലഞ്ചിലേയ്ക്ക് അദ്ധ്യാപകരുടെ സംഭാവനയായ 4.29 കോടി രൂപയുടെ സമ്മതപത്രം സമ്മേളനത്തിൽ മുൻ സംസ്ഥാന പ്രസിഡന്റ് എ.ജി. ഒലീന മന്ത്രിക്ക് കൈമാറി.മന്ത്രി ഡോ. ആർ ബിന്ദു മുഖ്യപ്രഭാഷണം നടത്തി.

സംഘടനയുടെ വെബ്സൈറ്റിന്റെ പ്രകാശനവും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി നടത്തിയ സാഹിത്യമത്സര വിജയികൾക്കുള്ള സമ്മാദാനവും ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ എ കെ പി സി ടി എ സംസ്ഥാന പ്രസിഡന്റ് ജോജി അലക്സ് അധ്യക്ഷത വഹിച്ചു.