തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറുടേയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. മുഖ്യമന്ത്രിയിൽ നടത്തിയ കോവിഡ് ആന്റിജൻ ടെസ്റ്റിന്റെ ഫലമാണ് നെഗറ്റീവെന്ന് കണ്ടെത്തിയത്. കരിപ്പൂർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥികരിച്ചതിനെ തുടർന്ന് ഇരുവരും സ്വയം നിരീക്ഷണത്തിൽ പോയിരിക്കുകയായിരുന്നു. ഇതോടെയാണ് കോവിഡ് പരിശോധന നടത്തിയത്. മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും കൂടാതെ ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ, സ്പീക്കർ ശ്രീരാമ കൃഷണൻ, മന്ത്രമാരായ കെ.ടി ജലീൽ, എ.സി മൊയ്തീൻ എന്നിവരും കരിപ്പൂർ സന്ദർശിച്ചിരുന്നു. ഇവരും ക്വാറന്റൈനിലാണ്. ഇവർക്കും കോവിഡ് പരിശോധന നടത്തിയെന്നാണ് സൂചന.

മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കരിപ്പൂർ വിമാനത്താവളത്തിൽ അപകടം നടന്ന സ്ഥലം സന്ദർശിച്ചിരുന്നു. മലപ്പുറം ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരുൾപ്പെടെ ഇരുപതിലധികം പേർ രോഗബാധിതരായതിന് പിന്നാലെയാണ് കരിപ്പൂർ വിമാന ദുരന്ത പ്രദേശം സന്ദർശിച്ചെന്ന കാരണത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ പോവുന്നത്. സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനൊപ്പമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അപകടസ്ഥലവും കോഴിക്കോട് മെഡിക്കൽ കോളജും സന്ദർശിച്ചത്. സ്പീക്കർ പി ശ്രീരാമകൃഷ്ണനും അഞ്ച് മന്ത്രിമാരും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും സംഘത്തിലുണ്ടായിരുന്നു. ഇതിനെ തുടർന്ന് ബെഹ്‌റയും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. അതേസമയം, ഗവർണർ സ്വയം നിരീക്ഷണത്തിൽ കഴിയില്ലെന്ന് രാജ്ഭവൻ അറിയിച്ചു. രോഗ ബാധിതനുമായി നേരിട്ടു സമ്പർക്കം ഇല്ലാത്തതു കൊണ്ടാണ് ഗവർണർ നിരീക്ഷണത്തിൽ പോകില്ലെന്ന് അറിയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിലായതോടെ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ അടക്കം മാറ്റം വരുത്തിയിട്ടിണ്ട്. മുഖ്യമന്ത്രി പങ്കെടുക്കേണ്ട തിരുവനന്തപുരത്ത് സഹകരണ -ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയ പതാക ഉയർത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്താനാണ് ഒരുങ്ങുന്നത്. നേരത്തെ ഡിജിപി ലോക്നാഥ് ബെഹ്റയും വീട്ടിൽ സ്വയം നീരിക്ഷണത്തിൽ പ്രവേശിച്ചിരുന്നു, ടെസ്റ്റിങ് ഫലം പുറത്തുവന്നതിനുശേഷമേ ഡിജിപി ജോലിക്ക് എത്തിത്തുടങ്ങൂ എന്ന് ഓഫിസ് അറിയിച്ചു.

കോവിഡ് സ്ഥിരീകരിച്ച മലപ്പുറം ജില്ലാ കളക്ടറുമായും എസ്‌പി യു.അബ്ദുൾ കരീമുമായും സമ്പർക്കത്തിൽ വന്ന സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ നേരത്തേ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. മുൻകരുതലെന്ന നിലയിലാണ് ഡി.ജി.പി നിരീക്ഷണത്തിൽ പ്രവേശിച്ചത്. കരിപ്പൂർ വിമാനദുരത്തിന്റെ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ഡി.ജി.പി മലപ്പുറത്തെത്തി ഇരുവരെയും കണ്ടിരുന്നു. മലപ്പുറം ജില്ലാ കലക്ടറേറ്റിലെ 22 പേർക്കാണ് കോവിഡ് രോഗം ബാധിച്ചത്.

തുടക്കത്തിൽ കരിപ്പൂർ വിമാനത്താവളം സന്ദർശിച്ച എ.സി.മൊയ്തീന്റെ ആന്റിജൻ പരിശോധനാഫലം നെഗറ്റീവാണ്. മറ്റു മന്ത്രിമാർക്കും ആന്റിജൻ പരിശോധന നടത്തും. നേരത്തെ പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ടതിനെത്തുടർന്നു മന്ത്രിമാരായ വി എസ്.സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ നേരത്തെ നിരീക്ഷണത്തിൽ പോയിരുന്നു. കടകംപള്ളിയുടെ നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തിൽ പോകുന്നതുകൊണ്ട് ഭരണപരമായ പ്രതിസന്ധി ഉണ്ടാകാനിടയില്ലെന്ന് അധികൃതർ വ്യക്തമാക്കി. തിരുവനന്തപുരത്ത് കോവിഡ് ബാധ രൂക്ഷമായതിനെത്തുടർന്ന് സെക്രട്ടേറിയറ്റ് അടച്ചപ്പോൾ ഓൺലൈൻവഴിയാണ് മന്ത്രിസഭായോഗം ചേർന്നത്. മുഖ്യമന്ത്രി ക്ലിഫ്ഹൗസിലിരുന്നും മന്ത്രിമാർ വീടുകളിലിരുന്നും മന്ത്രിസഭായോഗത്തിൽ പങ്കെടുത്തു. ഈ ഫയൽ സംവിധാനമുള്ളതിനാൽ ഫയൽനോട്ടത്തിനും പ്രശ്നമില്ല.