തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പിന്റെ പ്രോട്ടോക്കോൾ വിഭാഗത്തിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് സംഘങ്ങൾ വിശദമായി അന്വേഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എഡിജിപിയുടെ നേതൃത്വത്തിൽ ഒരു സംഘവും, ദുരന്തനിവാരണ അഥോറിറ്റി കമ്മീഷണറുടെ നേതൃത്വത്തിൽ മറ്റൊരു സംഘവും അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകും. എല്ലാം പുറത്തുവരട്ടെ, അതിന് ശേഷം പറയാമെന്നും മുഖ്യമന്ത്രി.

സുപ്രധാനമായ ഒരു ഫയലുകളും കത്തിയിട്ടില്ല. എൻഐഎ ആവശ്യപ്പെട്ട എല്ലാം കൊടുക്കാൻ തയ്യാറാണ്. കത്തിയെന്ന് പറയുന്നതിൽ സുപ്രധാനമായ ഒരു ഫയലും ഇല്ല. പ്രധാനപ്പെട്ട ഫയലുകളല്ല കത്തിയതെന്ന് വിവരം പുറത്തുവന്നിട്ടുണ്ട് - എന്ന്

പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ പൊളിറ്റിക്കൽ ടു എ, പൊളിറ്റിക്കൽ ഫൈവ് എന്നീ സെക്ഷനുകളിൽ ഉണ്ടാ തീപിടിത്തത്തിൽ ചില ഫയലുകൾ ഭാഗികമായി കത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവത്തിൽ ഗൂഢാലോചന ഉണ്ടോ എന്നതടക്കം എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ അന്വേഷിക്കുന്നുണ്ട്. ഇതിന്റെ കാരണങ്ങൾ ഉൾപ്പടെയുള്ള സാങ്കേതികവശം പരിശോധിക്കാൻ ദുരന്തനിവാരണ അഥോറിറ്റി കമ്മീഷണർ ഡോ. എ കൗശികന്റെ നേതൃത്വത്തിലും ഒരു സമിതിയുണ്ട്. വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയതാണ് ഈ സമിതി.

എങ്ങനെയാണ് തീ പിടിച്ചത്, ഇതിന്റെ കാരണം, നഷ്ടം, ഏതെല്ലാം ഫയലുകൾ കത്തി, ഇത് ഇനി ഉണ്ടാകാതിരിക്കാൻ ഉള്ള നടപടികൾ എന്നിവയാണ് ഈ സമിതി പരിശോധിക്കുക. ഒരാഴ്ചയ്ക്ക് അകം ഈ സമിതി റിപ്പോർട്ട് നൽകും. നിലവിലുള്ള സാഹചര്യത്തിൽ സെക്രട്ടേറിയറ്റിന് പൊതുവിലായി സുരക്ഷാ കൂട്ടും. ഇതിനായി ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ ഇന്നലെ ചുമതലപ്പെടുത്തി. കൃത്യമായി കാര്യങ്ങൾ അന്വേഷിക്കുമ്പോൾ എല്ലാറ്റിലും വ്യക്തത വരും. അതാണ് സർക്കാരിന്റെ നിലപാടും സമീപനവും- മുഖ്യമന്ത്രി വിശദീകരിച്ചു.