ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. അദ്ദേഹത്തിന്റെ ജീവൻ സംരക്ഷിക്കേണ്ടത് പൊതുസമൂഹത്തിന്റെയും സർക്കാരിന്റെയും ബാധ്യതയാണെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ബിജെപി കേന്ദ്ര നേതൃത്വത്തെ കാണാനെത്തിയ സുരേന്ദ്രൻ ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും നടത്തിയ എല്ലാ അഴിമതികളും അറിയുന്ന രണ്ട് ഉദ്യോഗസ്ഥരാണ് സി.എൻ രവീന്ദ്രനും ദിനേശ് പുത്തലത്തുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ''ആയിരക്കണക്കിന് കോടി രൂപയുടെ ഇടപാടുകളാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളത്. ഈ വസ്തുകളെല്ലാം അറിയുന്നവരാണ് സി.എം രവീന്ദ്രനും പുത്തലത്ത് ദിനേശനും. അതിൽ ഒരാളെ ചോദ്യം ചെയ്യാനാണ് ഇ.ഡി നോട്ടീസ് നൽകിയിരിക്കുന്നത്. മറ്റേയാളുടെ കാര്യവും അന്വേഷണവിധേയമാണെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്''- സുരേന്ദ്രൻ പറഞ്ഞു.