തിരുവനന്തപുരം: സർക്കാർ സേവനങ്ങൾക്കുള്ള ഓൺലൈൻ അപേക്ഷകളിൽ അഞ്ചു ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പഴയ രീതികൾ മാറണം. അറുപതിൽപരം വകുപ്പുകളുടെ അഞ്ഞൂറിലധികം സേവനങ്ങൾ ഒറ്റ പോർട്ടലിൽ ലഭ്യമാണ്. ഇതിനെ ജനങ്ങൾക്കുള്ള വലിയ സഹായമായി മാറ്റാനാകണം.

വാണിജ്യ, വ്യാപാര ആവശ്യങ്ങൾ ഒഴികെ സർക്കാർ സേവനങ്ങൾക്ക് ഫീസും ഒഴിവാക്കി. ഗ്രാറ്റിവിറ്റി, റെസിഡൻസി, ലൈഫ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ നടപടികൾ ലഘൂകരിച്ചു. ഒരിക്കൽ ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഒരു വർഷ കാലയളിൽ ഏത് ആവശ്യത്തിനും ഉപയോഗിക്കാനാകും.

സേവനങ്ങൾ നവീകരിക്കുമ്പോൾ അർഹതപ്പെട്ട ഒരാൾപോലും അതിന്റെ ഗുണം ലഭ്യമാകുന്നതിൽനിന്ന് പുറത്തുപോകാൻ പാടില്ലെന്ന് സർക്കാരിന് നിർബന്ധമുണ്ട്. അത് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.